മുംബൈ: വ്യവസായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രത്തൻ ടാറ്റയ്‌ക്ക് വിട. മുംബൈ വർളിയിലെ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്ഗരി, പീയുഷ് ഗോയൽ എന്നിവർ സംസ്‌കാര ചടങ്ങുകളിൽ സംബന്ധിച്ചു. മുംബൈ നരിമാൻ പോയ്ന്റിലെ പൊതു ദർശനത്തിൽ ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. വിലാപയാത്ര കടന്നു പോകുന്ന വഴിയിൽ ആയിരങ്ങളാണ് അദ്ദേഹത്തെ അനുഗമിച്ചത്.
അതിനിടെ രത്തൻ ടാറ്റയ്‌ക്ക് മരണാനന്തര ബഹുതിയായി ഭാരത രത്‌ന നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാർ പ്രമേയം പാസാക്കി. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു രത്തൻ ടാറ്റ. പത്മഭൂഷണും പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്‌ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്‌ത്തി കെട്ടി.വ്യാഴാഴ്ച നടത്താനിരുന്ന സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കി.
ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം. മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
Discussion about this post