ന്യൂദൽഹി : സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2024 മുതൽ 2026 വരെ നീളുന്ന രണ്ട് വർഷത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം തന്റെ എക്സ് അക്കൗണ്ടിൽ വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിലൊന്ന് സ്ഥാപിക്കുന്നതിനും കശ്മീർ മുതൽ ലക്ഷദ്വീപ് വരെ ഇന്ത്യയെ ഏകീകരിക്കുന്ന നിർണായക പങ്കിനും പിന്നിലെ ദർശകൻ എന്ന നിലയിൽ സർദാർ പട്ടേലിന്റെ സ്ഥായിയായ പാരമ്പര്യം മായാത്തതായി തുടരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2024 മുതൽ 2026 വരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കുറിച്ചു. കൂടാതെ ഈ ആഘോഷം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളുടെയും അദ്ദേഹം ആവിഷ്‌കരിച്ച ഐക്യത്തിന്റെയും സാക്ഷ്യപത്രമായി വർത്തിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ദേശീയ ഏകതാ ദിനം ആയി രാജ്യം ആഘോഷിക്കുന്നു.
Discussion about this post