കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭൂമി തങ്ങളുടേതാക്കാന്‍ നിയമ നടപടികളുമായി പോകുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീര്‍. വഖഫിന്റെ ഭൂമിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. വഖഫിന്റേതായ ഭൂമിയെല്ലാം സംരക്ഷിക്കാനും തീരുമാനമായി. മുനമ്പത്തെ ഭൂമിയും തിരികെപ്പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനകീയ സമരങ്ങളെ കണക്കിലെടുക്കേണ്ടെന്നും വഖഫ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
റവന്യൂ വിഭാഗത്തില്‍ നിന്നു ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കാത്തതിനാല്‍ മക്കളുടെ വിവാഹാവശ്യത്തിനും പഠനത്തിനും സ്വന്തം ഭൂമി ഈട് വച്ച് വായ്പയെടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന രക്ഷാകര്‍ത്താക്കള്‍, ഇടിഞ്ഞുവീണ കിടപ്പാടം പുനര്‍ നിര്‍മിക്കാന്‍ സാധിക്കാതെ ടാര്‍പോളിനു കീഴില്‍ കഴിയേണ്ട അവസ്ഥ, ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താനാകാതെ ജീവനോപാധി തന്നെ നഷ്‌പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍. ഇത്തരത്തില്‍ ദുരിതക്കയത്തിലായ ജനതയെ വെല്ലുവിളിക്കുന്നതാണ് വഖഫിന്റെ തീരുമാനം.
തന്ത്രപരമായാണ് വഖഫ് ബോര്‍ഡ് മുനമ്പം ഭൂമിക്കായി രംഗത്തു വരുന്നത്. മുന്‍ വഖഫ് ബോര്‍ഡ് അംഗത്തെ ഇതിലേക്കായി രംഗത്തിറക്കി. വഖഫ് ഭൂസംരക്ഷണ സമിതി എന്ന പേരില്‍ സംഘടനയുണ്ടാക്കി മുനമ്പം ഭൂമി വഖഫിന്റേതാണെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ക്രമേണ വഖഫ് ബോര്‍ഡും കേസില്‍ കക്ഷി ചേരുകയായിരുന്നു. മുനമ്പത്ത് 440 ഏക്കര്‍ ഭൂമിയിലാണ് വഖഫിന്റെ അവകാശവാദം. ഇതില്‍ കടലെടുത്തതു പോയിട്ട് 110 ഏക്കര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഈ ഭൂമിയില്‍ താമസിക്കുന്ന 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്നാണ് വഖഫ് ബോര്‍ഡിന്റെ ഭീഷണി.
അതിനിടെ സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മുനമ്പം വഖഫ് ബോര്‍ഡ് അധിനിവേശത്തിനെതിരേ സമരപരിപാടികള്‍ ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപി ന്യൂനപക്ഷ മോര്‍ച്ച ഐക്യദാര്‍ഢ്യ പദയാത്ര നടത്തി. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നേതൃത്വം നല്കിയ പദയാത്ര ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബീച്ച് വഞ്ചിതപ്പാലത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ സമാപിച്ചു. ഇടവക വികാരി ആന്റണി സേവ്യര്‍ പള്ളിയങ്കണത്തില്‍ പദയാത്രയെ അഭിസംബോധന ചെയ്തു. സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post