ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യങ്ങളുടെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ എസ്. സോമനാഥ്. ആകാശവാണിയിലെ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു വെളിപ്പെടുത്തല്‍.
മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന, ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണം 2025ലുണ്ടാകില്ല. നേരത്തേ നിശ്ചയിച്ചതു മാറ്റി. പുതിയ തീരുമാന പ്രകാരം 2026ലാകും വിക്ഷേപണം. മനുഷ്യനെ വഹിച്ചുള്ള, നിര്‍ണായക ദൗത്യത്തെ ഐഎസ്ആര്‍ഒ ജാഗ്രതയോടെ സമീപിക്കുന്നതിന്റെ ഭാഗമാണത്. ദൗത്യത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ താമസം സൂചിപ്പിക്കുന്നത്, അദ്ദേഹം വിശദീകരിച്ചു
ചന്ദ്രനില്‍ നിന്ന് മണ്ണെടുത്ത് തിരികെയെത്തുന്ന ചന്ദ്രയാന്‍ 4: സാമ്പിള്‍ റിട്ടേണ്‍ മിഷന്‍ 2028ലും നിസാര്‍: ഭാരതം-യുഎസ് സംയുക്ത ദൗത്യം 2025ലും ഉണ്ടാകും. ജപ്പാന്‍ ബഹിരാകാശ ഏജന്‍സി ജാക്‌സയുമായി സഹകരിച്ച് ചന്ദ്രനിലിറങ്ങാനുള്ള ചന്ദ്രയാന്‍ 5ന്റെ വിക്ഷേപണം തീരുമാനിച്ചില്ല. 2028ന് ശേഷം പ്രതീക്ഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയില്‍ രണ്ടു ശതമാനം മാത്രമാണ് ഭാരതത്തിന്റെ സംഭാവന. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് 10 ശതമാനമായി ഉയര്‍ത്തുക, അന്താരാഷ്‌ട്ര ബഹിരാകാശ രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന രാജ്യമായി ഭാരതത്തെ മാറ്റുക എന്നിവയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം, അദ്ദേഹം വ്യക്തമാക്കി.
പഗ്രഹങ്ങളുടെ ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള (ഇപിഎസ്) ബഹിരാകാശ പേടക വിക്ഷേപണം ഡിസംബറിലെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്.
ഭാരതം തദ്ദേശീയമായി വികസിപ്പിച്ചതാണിത്. ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ സാറ്റലൈറ്റ് (ടിഡിഎസ്-1) എന്ന ബഹിരാകാശ പേടകമാണ് ഇപിഎസ് സഹായത്താല്‍ ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
ഇന്ധനമുപയോഗിച്ചുള്ള ത്രസ്റ്ററുകളെക്കാള്‍, കുറഞ്ഞ ചെലവില്‍ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ടിഡിഎസ്-1നാകും. പേടകങ്ങളുടെ ഡോക്കിങ് പരീക്ഷണവും (സ്‌പേഡ്എക്‌സ്-സ്‌പെയ്‌സ് ഡോക്കിങ് എക്‌സ്പിരിമെന്റ്) ഡിസംബറില്‍ നടക്കും. ഭാരതത്തിന്റെ ബഹിരാകാശ നിലയമെന്ന സ്വപ് നം യാഥാര്‍ത്ഥ്യമാക്കുന്നതിലെ ആദ്യപടിയാകുമിത്.
രാസ രൂപത്തിലുള്ള ഇന്ധനോപയോഗം കുറയ്‌ക്കാന്‍ ഇപിഎസിനാകും. വിക്ഷേപണ ഭ്രമണപഥത്തില്‍ നിന്ന് ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റാന്‍ സൗരോര്‍ജമാണ് ഇപിഎസ് ഉപയോഗിക്കുന്നത്. സാധാരണ നാല് ടണ്ണുള്ള ഉപഗ്രഹത്തിന്റെ പകുതിയിലേറെയും ദ്രവരൂപ ഇന്ധനമാണ്. ഇതുപയോഗിച്ചാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഇന്ധനഭാരം കുറയ്‌ക്കാന്‍ ഇപിഎസിനു കഴിയും. അതിനാല്‍ തന്നെ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹത്തിന് രണ്ടു ടണ്ണില്‍ കൂടുതലുണ്ടാകില്ല ഭാരം. എന്നാല്‍ ഇതിനു നാലു ടണ്‍ ശേഷിയുണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Discussion about this post