ഭാഗ്യനഗര്‍(ഹൈദരാബാദ്): ലോകപൈതൃകങ്ങളുടെ മഹാപ്രദര്‍ശനത്തിന് തുടക്കം കുറിച്ച് ഭാഗ്യനഗര്‍ ലോക്മന്ഥന്‍ സാംസ്‌കാരികോത്സവത്തിന് ഒരുങ്ങി. ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈചാരിക, സാംസ്‌കാരിക മഹോത്സവത്തിന് തിരി തെളിയിക്കും. സാംസ്‌കാരിക പൈതൃകോത്സവങ്ങളുടെ തുടര്‍ച്ചയാണ് ലോക്മന്ഥനെന്ന് ഭാഗ്യനഗറിലെ ശില്പാരാമം സമ്പ്രദായ വേദികയില്‍ പ്രദര്‍ശിനി ഉദ്ഘാടനം ചെയ്ത് മുന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു.
അഭിമാനത്തിന്റെ പാതയില്‍ മുന്നേറുന്ന രാഷ്ട്രത്തെ അപകോളനീകരണത്തിലേക്ക് നയിക്കുന്ന സുപ്രധാന ചുവടുവയ്പാണ്. പരിസ്ഥിതിയെ ആരാധിക്കുന്ന, പശുക്കള്‍ക്കും പാമ്പുകള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കുന്ന സനാതന ധര്‍മ്മത്തിന്റെ സര്‍ഗാത്മക ആവിഷ്‌കാരങ്ങളാണിത്. പടിഞ്ഞാറന്‍ ആഡംബരങ്ങളില്‍ മുങ്ങാതെ പ്രകൃതിയുടെ ഗന്ധവും ശ്വാസവും സ്വീകരിച്ച്, നമ്മുടെ സംസ്‌കാരവും ഭാഷകളും കലകളും കരകൗശല വസ്തുക്കളും ഉത്സവങ്ങളും സംരക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ലോക്മന്ഥനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ജസ്റ്റിസുമാര്‍ തുടങ്ങിയവരെല്ലാം മാതൃഭാഷയില്‍ പഠിച്ചവരാണ്. നമ്മള്‍ പരമ്പരാഗത വസ്ത്രം ധരിക്കുകയും സംസ്‌കാരം പിന്തുടരുകയും വേണം. ലോകത്തിനാകെ മാതൃകയായ നമ്മുടെ കുടുംബവ്യവസ്ഥയെ കോട്ടം കൂടാതെ പരിപാലിക്കണം, വെങ്കയ്യ നായിഡു പറഞ്ഞു.
ലോക്മന്ഥന്റെ വിശേഷാനുഭവം നുകരാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുന്നവരെ തെലങ്കാന സ്വാഗതം ചെയ്യുന്നുവെന്ന് പരിപാടിയില്‍ സംസാരിച്ച സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി ജുപള്ളി കൃഷ്ണ റാവു പറഞ്ഞു. ലോകമന്ഥന് വേദിയായി തെലങ്കാനയെ തെരഞ്ഞെടുത്ത സംഘാടകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
24 വരെ തുടരുന്ന ലോക്മന്ഥനില്‍ ചിന്തകരും എഴുത്തുകാരും ബുദ്ധിജീവികളുമടക്കം നൂറുകണക്കിന് കലാകാരന്മാര്‍ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. സംസ്‌കാര്‍ ഭാരതി ദേശീയ സെക്രട്ടറി രവീന്ദ്ര ഭാരതി, പ്രജ്ഞാഭാരതി ചെയര്‍പേഴ്‌സണ്‍ ടി. ഹനുമാന്‍ ചൗധരി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post