അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിനം എല്ലാ വര്‍ഷവും പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കാന്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ന്റെ യോഗം തീരുമാനിച്ചു. മണിറാം ദാസ് കന്റോണ്‍മെന്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
രാംലല്ല പ്രാണപ്രതിഷ്ഠാവാര്‍ഷികം എല്ലാ വര്‍ഷവും പൗഷ ശുക്ല ദ്വാദശിയില്‍ ആഘോഷിക്കും. ഈ തീയതി പ്രതിഷ്ഠാ ദ്വാദശി എന്നറിയപ്പെടും. 2025ല്‍, ജനുവരി 11ന് ആണ് പ്രതിഷ്ഠാ ദ്വാദശി എത്തുക.
രാമക്ഷേത്ര നഗരിയിലെ പാസഞ്ചര്‍ സര്‍വീസ് സെന്ററിന് സമീപം 3000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ദല്‍ഹി അപ്പോളോ ഹോസ്പിറ്റല്‍സ് അത്യാധുനിക ആരോഗ്യ പരിരക്ഷാ സംവിധാനം വികസിപ്പിക്കും. കോംപ്ലക്സിന്റെ തെക്കേ മൂലയില്‍ 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, അതിഥി ഹാള്‍, ട്രസ്റ്റ് ഓഫീസ് എന്നിവയുടെ നിര്‍മാണോദ്ഘാടനം മഹന്ത് നൃത്യ ഗോപാല്‍ ദാസ് ശിലാഫലകം അനാച്ഛാദനം ചെയ്ത് നിര്‍വഹിച്ചു.
തീര്‍ത്ഥാടകര്‍ക്ക് തണലൊരുക്കുന്നതിന് ക്ഷേത്രപരിസരത്ത് താത്ക്കാലിക ജര്‍മ്മന്‍ ഹാംഗറുകള്‍ സ്ഥാപിച്ചു. സപ്ത മണ്ഡല ക്ഷേത്രം മാര്‍ച്ചിലും ശേഷാവതാര ക്ഷേത്രം ഓഗസ്തിലും ക്ഷേത്രത്തിന്റെ പുറം മതില്‍ ഒക്ടോബറിലും പൂര്‍ത്തിയാകും.
Discussion about this post