കരിംഗഞ്ച്(ആസാം): ബംഗ്ലാദേശിലെ മതഭീകരഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരിംഗഞ്ചില്‍ ഒരു ലക്ഷം പേരുടെ റാലി.
സനാതനി ഒക്യോമഞ്ച് സംഘടിപ്പിച്ച പ്രതിഷേധ മഹാറാലി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കി. നീതിക്കും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനാണ് കരിംഗഞ്ചില്‍ തുടക്കം കുറിക്കുന്നതെന്ന് റാലി ഉദ്ഘാടനം ചെയ്ത സില്‍ച്ചാര്‍ ശങ്കരമഠാധിപതി അഷിത് ചക്രവര്‍ത്തി പറഞ്ഞു.
കരിംഗഞ്ച് കോളജ് പരിസരത്ത് നിന്ന് 2,000 ബൈക്കുകളുടെ കൂറ്റന്‍ റാലിയോടെയാണ് ചലോ ബംഗ്ലാദേശിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അറുപതിനായിരത്തോളം പേര്‍ കാല്‍നടയായി ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് സമരപദയാത്ര നടത്തി. സുതാര്‍കണ്ടി അതിര്‍ത്തിയില്‍ ബിഎസ്എഫും ആസാം പോലീസും ചേര്‍ന്ന് പദയാത്ര തടഞ്ഞു. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷം പേരുടെ മഹാസമ്മേളനത്തിന് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തുടക്കമായി.
ചിന്മയ് പ്രഭുവിന്റെ തടവ് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് അഷിത് ചക്രവര്‍ത്തി പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ തുടരുന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. കൊള്ളയ്‌ക്കും ബലാത്സംഗത്തിനും കൊലപാതകത്തിനും കുടിയിറക്കലിനും ഇരകളാകുന്ന ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ലോകമാകെ പ്രതിഷേധമുയരുമെന്നും ഹിന്ദു സമൂഹത്തിന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം ഢാക്കയിലേക്ക് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയാണ്. സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. പ്രശ്‌നത്തില്‍ ആഗോള ഇടപെടലില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സനാതനി ഒക്യോമഞ്ച് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പ്രതിജ്ഞ ചെയ്തു.
സനാതനി ഒക്യോമാഞ്ച് സംയോജകന്‍ ശന്തനു നായിക്, ബോലഗിരി ആശ്രമത്തിലെ സ്വാമി ബിഗാനന്ദ മഹാരാജ്, വിഎച്ച്പി ഷിബ ബ്രത സാഹ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
Discussion about this post