നാഗ്പൂര്‍: ബംഗ്ലാദേശില്‍ ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ലോകമാകെ പ്രതിഷേധമുയരണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ യാത്രയിലൂടെ സംഭാഷണത്തിനുള്ള വഴി ഭാരതം തുറന്നിട്ടുണ്ട്. എന്നാല്‍ അത് ഫലിച്ചില്ലെങ്കില്‍ അടുത്ത വഴിതേടാന്‍ ഭാരത സര്‍ക്കാര്‍ തയാറാകണം, ആംബേക്കര്‍ പറഞ്ഞു. സകാല്‍ ഹിന്ദുസമാജിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ പതിനായിരങ്ങള്‍ അണിനിരന്ന ജാഗോ ഹിന്ദു ജാഗോ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കന്‍ അതിര്‍ത്തിമേഖലകള്‍ വികസനത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ മുന്നേറുമ്പോള്‍ അതിനെ അട്ടിമറിച്ച് അസ്ഥിരത സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ഭാരതസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ക്ക് ലോകരാജ്യങ്ങളുമായി സംഭാഷണങ്ങള്‍ നടത്തണം, അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ സംഭവിക്കുന്ന വിഷയങ്ങളില്‍ ഓരോ ഭാരതീയനും അമര്‍ഷമുണ്ടാകണം. അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുവെന്ന ഉറപ്പാക്കുകയും ചെയ്യേണ്ടത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ബാധ്യതയാണ്. എല്ലാ സീമകളും ലംഘിച്ച പീഡനങ്ങളാണ് അവിടെ നടക്കുന്നത്. ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടി അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുസമൂഹം നടത്തുന്ന പോരാട്ടം പ്രേരണാദായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയടക്കമുള്ള സംവിധാനങ്ങളും മൗനം പാലിക്കുന്നത് അപലപനീയമാണ്. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് വരെ കശ്മീര്‍ പ്രശ്‌നമാണെന്ന് പറഞ്ഞവരാണ് യുഎന്‍ അധികൃതര്‍. ബംഗ്ലാദേശില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന് പിന്നിലെ ആഗോളശക്തികളെ തിരിച്ചറിയണം. അവരെ തുറന്നുകാട്ടണം, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെയും ജമ്മുവിലും ആയിരക്കണക്കിനാളുകള്‍ നിരത്തിലിറങ്ങി. ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി. വൈദും ഇസ്‌കോണ്‍ ആചാര്യന്മാരും മാര്‍ച്ചില്‍ അണിനിരന്നു.
Discussion about this post