കോഴിക്കോട്: ബംഗ്ലാദേശില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന് ഒരു ജനതയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് 25 വര്‍ഷത്തിനിടയില്‍ പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് വേറിട്ടത്. മതേതരത്വം തകരുന്നിടത്ത് മതതീവ്രവാദം ശക്തമാകും. ബംഗ്ലാദേശില്‍ മതേതരവാദിയായ മുജീബ് റഹ്മാന്റെ ഭരണത്തിന് ശേഷം മതതീവ്രവാദികള്‍ പിടിമുറുക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.
ഇറാനില്‍ ഷിയാകളും സുന്നികളും പോരടിക്കുന്നു. തുര്‍ക്കിയില്‍ എര്‍ദോഗനും അഫ്ഗാനിസ്ഥാനില്‍ താലിബാനും ലിബറല്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നു. മുസ്ലിമായ സല്‍മാന്‍ റുഷ്ദിയെ കൊല്ലാന്‍ കോടികള്‍ പ്രഖ്യാപിച്ചത് മുസ്ലിമായ ആയത്തുള്ള ഖൊമേനിയാണ്. കേരളത്തില്‍ ചേകന്നൂര്‍ മൗലവിയെ കൊന്നത് മതതീവ്രവാദികളാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും ആശയത്തെ പിന്‍പറ്റിയാണ് അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും ഉണ്ടായത്. ഹിന്ദുക്കളില്‍ സങ്കുചിത ചിന്താഗതിക്കാര്‍ ന്യൂനപക്ഷമാണെങ്കില്‍ മുസ്ലിം സമൂഹത്തില്‍ അത് ഭൂരിപക്ഷമാണ്, ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.
ഭാരതത്തെ വിഭജിച്ച ശക്തികള്‍ ഇന്നും സജീവമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഈ ശക്തികള്‍ മാധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും സ്വാധീനിക്കുന്നുണ്ട്. സേവ് ഗാസ പറയുന്നവര്‍ സേവ് ബംഗ്ലാദേശ് എന്നു പറയുന്നില്ല. ശാക്തേയത്തിന്റെ നാടായ കശ്മീരിലെ ജനങ്ങള്‍ ദല്‍ഹിയില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നു. ഭരണഘടനയില്‍ സോഷ്യലിസം ചേര്‍ത്തതുകൊണ്ടല്ല അനാദിയായി മതസമന്വയം കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ് ഭാരതം സര്‍വരെയും ചേര്‍ത്തുപിടിക്കുന്ന രാഷ്‌ട്രമായി നിലനില്‍ക്കുന്നത്, അദ്ദേഹം പറഞ്ഞു.
വികസിത ഭാരതത്തെ തകര്‍ക്കാന്‍ ബംഗ്ലാദേശിനെ ഉപകരണമാക്കുകയാണ് അമേരിക്കയും ചൈനയുമെന്ന് വിഷയം അവതരിപ്പിച്ച കേന്ദ്ര സര്‍വകലാശാല മുന്‍ പിവിസി ഡോ.കെ. ജയപ്രസാദ് പറഞ്ഞു. ബംഗ്ലാദേശിലെ ഏത് കലാപവും ഭാരതത്തിലെ വടക്കു കിഴക്കന്‍ മേഖലയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. ഈ പ്രശ്‌നത്തിന് നയതന്ത്ര നീക്കം കൊണ്ട് മാത്രം പരിഹാരം കാണാനാവില്ല. ബംഗ്ലാദേശിന്റെ രാഷ്‌ട്രീയത്തെ പുനര്‍ നിര്‍ണയിക്കുന്ന നടപടികള്‍ ഉണ്ടാവണം. ആഗോളതലത്തില്‍ പ്രതിഷേധമുയരണം. ഇസ്രായേല്‍ ഹിസ്ബുള്‍ മുജീഹിദിനെ കൈകാര്യം ചെയ്തതുപോലെ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെ ഭാരതം കാണണമെന്നും അദ്ദേഹം പറഞ്ഞു.
വേട്ടക്കാരന്‍ ഏത് പക്ഷമെന്ന് ഉറപ്പിച്ചശേഷം മാത്രം ഇരയുടെ പക്ഷത്ത് നില്‍ക്കണോ എന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ രാഷ്‌ട്രീയക്കാരും സാംസ്‌കാരിക നായകരുമെന്ന് എ.പി. അഹമ്മദ് പറഞ്ഞു. രാമസിംഹനും ചേകന്നൂര്‍ മൗലവിയും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടില്ല. ചിലതൊക്കെ പറയാതിരിക്കുന്നതാണ് മതേതരത്വമെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഭരിക്കാത്ത ജമാഅത്തെ ഇസ്ലാമിയാണ് ബംഗ്ലാദേശിലും കേരളത്തിലും അപകടമുണ്ടാക്കുന്നത്. അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ മനുഷ്യഹത്യയ്‌ക്കെതിരെ മൗനം വെടിയണമെന്ന് അഡ്വ.എം.എസ്. സജി പറഞ്ഞു. എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ അധ്യക്ഷനായി. അഡ്വ. അരുണ്‍ ജോഷി, പി.ടി. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.
Discussion about this post