കൊച്ചി: സുഗതനവതിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായുള്ള സുഗത സൂക്ഷ്മ വനം പരിപാടി 9ന് രാവിലെ 11 മണിക്ക് വടുതല ചിന്മയ വിദ്യാലയത്തില്‍ നടക്കും. കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കൊച്ചി നഗരസഭാ ചെയര്‍മാന്‍ അഡ്വ. എം.അനില്‍കുമാര്‍, സുഗത നവതി ചെയര്‍മാന്‍ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംസാരിക്കും.
പത്തനംതിട്ട: സുഗതകുമാരി നവതി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായി ആറന്മുളയുമായി ബന്ധപ്പെട്ട സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൈതൃക നടത്തം 11ന് നടക്കുമെന്ന് ആഘോഷ സമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.
രാവിലെ 9ന് അഷ്ടാംഗ വൈദ്യനും ജ്യോതിഷ പണ്ഡിതനുമായ മാലക്കര ആനന്ദവാടി ആലപ്പുറത്ത് കൊച്ചുരാമന്‍ പിള്ളയാശാന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് സുഗതകുമാരിയുടെ ജന്മഗൃഹത്തില്‍ സമാപിക്കും. ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. നടന്‍ കൃഷ്ണപ്രസാദ് മുഖ്യാതിഥിയാകും. ഡോ. മാത്യൂ കോശി അധ്യക്ഷത വഹിക്കും.
മാലക്കര പള്ളിയോടത്തിന്റെ മാലിപ്പുര വേദിയിലേക്കാണ് തുടര്‍ന്നുള്ള യാത്ര. പള്ളിയോട ശില്പി ചങ്ങങ്കരി വേണു ആചാരിയെ ആദരിക്കും. മാലക്കര ചക്കിട്ടപ്പടിയിലുള്ള സ്വാമി വിശുദ്ധാനന്ദയുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ വിശുദ്ധാനന്ദ സ്വാമി പ്രസംഗിക്കും. സാഹിത്യ നിരൂപകന്‍ ഡോ. കെ. ഭാസ്‌കരന്‍ നായരുടെയും സാഹിത്യകാരന്‍ ഡോ. കെ.എം. ജോര്‍ജിന്റെയും വസതികള്‍ സന്ദര്‍ശിക്കും.
ഇടയാറന്മുളയിലെ വിളക്കുമാടം കൊട്ടാരമാണ് അഞ്ചാം വേദി. ഇവിടെ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍ പ്രസംഗിക്കും. തുടര്‍ന്ന് കവിയൂര്‍ സ്വാമിയുടെ സ്മാരകമായ ആശ്രമം, സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ സ്മാരകം, മഹാകവി കെ.വി. സൈമന്റെ കോഴിപ്പാലത്തുള്ള സ്മാരകം എന്നിവ സന്ദര്‍ശിക്കും.
ഡോ. മോഹനാക്ഷന്‍ നായര്‍ കെ.വി. സൈമണെ അനുസ്മരിക്കും. ആറന്മുള പൊന്നമ്മയുടെ മാലേത്ത് കുടുംബത്തില്‍ എത്തുന്ന കാല്‍നട സംഘത്തോട് സാമൂഹ്യ പ്രവര്‍ത്തക മാലേത്ത് സരളാദേവി സംവദിക്കും.
കാര്‍ഗില്‍ യുദ്ധവിജയത്തെ അനുസ്മരിക്കുന്ന വീരജവാന്‍ സ്മാരകം, സത്രക്കടവ്, തിരുവോണത്തോണി, ആറന്മുള ക്ഷേത്രം, പള്ളിയോട സേവാസംഘം ഓഫീസ്, പുത്തരിയാല്‍, ആറന്മുള കണ്ണാടിയുടെ നിര്‍മാണ മേഖല, ആറന്മുള കൊട്ടാരം എന്നിവയാണ് തുടര്‍ന്നുള്ള സന്ദര്‍ശന വേദികള്‍. ആറന്മുള വിജയകുമാര്‍, പ്രൊഫ. രാജേഷ്‌കുമാര്‍, ശശിധരന്‍ പിള്ള, ഉത്തമന്‍ കുറുന്താര്‍, എന്നിവര്‍ വിവിധ വേദികളില്‍ സംസാരിക്കും.
സുഗതകുമാരിയുടെ ജന്മഗൃഹമായ വാഴുവേലില്‍ തറവാട്ടില്‍ വൈകിട്ട് പൈതൃക കാല്‍നടയാത്രയുടെ സമാപനം നടക്കും. ചടങ്ങില്‍ ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.ഐ. മുഹമ്മദ് ഷെരീഫ്, എം.എ. കബീര്‍, വിക്ടര്‍ ടി. തോമസ്, പി.ആര്‍ ഷാജി എന്നിവരും പങ്കെടുത്തു.
Discussion about this post