ചെറുകോൽപ്പുഴ (പത്തനംതിട്ട) : ആത്മവിസ്മൃതിയിൽ നിന്ന് ഉണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്ക്ക് വേണ്ടതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്. ധർമ്മമാണ് ഹിന്ദു സമാജത്തിൻ്റെ പ്രാണൻ. ധർമ്മത്തിൻ്റെ ചട്ടക്കൂടിന് പുറത്തുള്ള ജാതി വിവേചനവും തൊട്ടു കൂടായ്മയും അടക്കമുള്ള എല്ലാറ്റിനെയും ഉപേക്ഷിച്ച് ഒന്നെന്ന ഭാവത്തിൽ ഉയരാൻ കഴിയണം, സർസംഘചാലക് പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധർമ്മത്തിൻ്റെ നാല് തൂണുകൾ സത്യവും കരുണയും ശുചിത്വവും തപസുമാണ്. ഈ നാലിലും അസ്പൃശ്യതയ്ക്കോ ഉച്ചനീചഭാവനയ്ക്കോ ഇടമില്ല. ശ്രീനാരായണഗുരുദേവൻ മുന്നോട്ടു വച്ച ദർശനം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധർമ്മാചരണം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഏകതയുടെ അമൃതവർഷം ചൊരിയുന്ന മേളകളുടെ കാലമാണിത്. സമദൃഷ്ടിയുടെ ധർമ്മമാണ് നമ്മുടേത്. കാൽക്കീഴിന് ചുവട്ടിലെ മണൽത്തരി മുതൽ ഗ്രഹങ്ങൾ വരെ, കൃമികീടങ്ങൾ മുതൽ മഹാമനീഷികൾ വരെ എല്ലാവരിലുമുള്ളത് ഒരേ ചേതനയാണ്. ഏകതയുടെ പ്രാണനായ ഈ ധർമ്മാചരണം അവരവരുടെ സമ്പ്രദായങ്ങളിൽ നിന്നു കൊണ്ട് ശ്രദ്ധാപൂർവം നിർവഹിക്കണം, സർസംഘചാലക് പറഞ്ഞു.
അധർമ്മം പെരുകുന്നു എന്ന മുറവിളി കൊണ്ട് കാര്യമില്ല. വീടുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നമ്മുടെ സംസ്കാരത്തെകുറിച്ച് ചർച്ച ചെയ്യണം. ഭാഷ, ഭൂഷ (വേഷം) , ഭജന, ഭോജനം, ഭവനം , ഭ്രമണം (യാത്രകൾ) എന്നീ ആറ് ഭകാരങ്ങൾ ധർമരക്ഷയുടെ ഉപായങ്ങളാകണം. സ്നേഹസംഭാഷണത്തിലൂടെ, ചർച്ചയിലൂടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് പകരാൻ കഴിയണം. നമുക്ക് വേണ്ടി മാത്രമല്ല സമാജത്തിന് വേണ്ടിയും സമയം കണ്ടെത്തണം. എൻ്റെ വീട് എല്ലാവരുടെയും വീട് എന്ന ഭാവം വളരണം. ജലം സംരക്ഷിച്ച്, വൃക്ഷത്തൈ നട്ട്, പ്ലാസ്റ്റിക് ഉപേക്ഷിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിക്കണം, സർസംഘചാലക് ആഹ്വാനം ചെയ്തു.
ആത്മവിസ്മൃതിയെ ദൂരെയകറ്റിയ ഹനുമാൻ ഒറ്റയ്ക്ക് സമുദ്രം കടന്ന് രാമൻ്റെ കരുത്ത് രാവണന് ബോധ്യപ്പെടും വിധം ലങ്കാദഹനം നടത്തി. ഇതുപോലെ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഹിന്ദുസമാജം സംഘടിക്കണം. സത്യവും കരുണയും ധീരതയും പരാക്രമവുമാണ് നമ്മുടെ പാരമ്പര്യം. നമുക്ക് ഈശ്വരന്മാരുടെ പേരിൽ തർക്കമില്ല. നമുക്കെല്ലാം ഈശ്വരനാണ്. എല്ലാവരിലും ഈശ്വരനാണ്. പശുവിനെ നമ്മൾ അമ്മയായി കാണും. പർവതങ്ങളെ പ്രദക്ഷിണം ചെയ്യും ഓരോ കണത്തിലും ഈശ്വരനാണ്. വസുധെവ കുടുംബകം എന്ന ഈ ദർശനമാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്, മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
ഹിന്ദു സമാജത്തെ സംഘടിപ്പിക്കാനാണ് നൂറ് വർഷമായി സംഘം പ്രവർത്തിക്കുന്നത്. 113 വർഷമായി ഇതിനായി പ്രവർത്തിക്കുന്ന ഹിന്ദുമതപരിഷത്തിൻ്റെ വേദിയിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്ന് സർസംഘചാലക് പറഞ്ഞു. ജീവൻ നിലനിർത്തുന്നത് ശക്തിയാണ്. ശക്തിയുടെ ആധാരം ഏകതയാണ്. സ്വാർത്ഥവും ഭേദവിചാരവുമാണ് ലോകമെങ്ങുമുള്ള എല്ലാ സംഘർഷത്തിൻ്റെയും അടിസ്ഥനം. ഹിന്ദു ജീവിതം മുന്നോട്ടു വയ്ക്കുന്ന സമദൃഷ്ടി ദർശനമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു മഹാ മണ്ഡലം അധ്യക്ഷൻ പി.എസ്. നായർ അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ സർസംഘചാലകൻ്റെ പ്രസംഗം തർജമ ചെയ്തു. ഹിന്ദു മഹാ മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ കെ. ഹരിദാസ് സ്വാഗതവും സെക്രട്ടറി പി. രാജഗോപാൽ നന്ദിയും പറഞ്ഞു.
![](https://vskkerala.com/wp-content/uploads/2025/02/1000893366.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893372.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893368.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893376.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893378.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893374.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893382.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893380.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893384.webp)
![](https://vskkerala.com/wp-content/uploads/2025/02/1000893370.webp)
![](https://vskkerala.com/wp-content/uploads/2025/02/1000892954-scaled.webp)
Discussion about this post