കോട്ടയം: വിഖ്യാത ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദന്റെ ഓർമ്മയ്ക്കായി തമ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ‘അരവിന്ദം’ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് കോട്ടയം സിഎംഎസ് കോളജിൽ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനുമായ വിജയകൃഷ്‌ണൻ സംസാരിക്കും. തമ്പ് ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഏറ്റുമാനൂർ രാധാ കൃഷ്ണൻ അധ്യക്ഷതവഹിക്കും.
വൈകിട്ട് അഞ്ചിന് ഡയലോഗ് വിത്ത് മാസ്റ്റർ എന്ന പരിപാടി സംവിധായകൻ സജിൻ ബാബുനയിക്കും. തെരഞ്ഞെടുക്കുന്ന ആദ്യ 18 ചിത്രങ്ങൾക്ക് കാഷ് അവാർഡും മൊമന്റോയും നൽകും. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച എഡിറ്റിങ്, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം എന്നിവയ്ക്ക് പൊതുവിഭാഗത്തിൽ ഒരു ലക്ഷം രൂപ വീതവും ക്യാമ്പസ് വിഭാഗത്തിൽ 50,000 രൂപ വീതവും പുരസ്‌കാരങ്ങൾ നൽകും.
ജി. അരവിന്ദന്റെ 35-ാം ചരമ വാർഷിക ദിനമായ 15ന് സിനിമാ പ്രദർശനങ്ങൾക്കുശേഷം വൈകിട്ട് 5.30-ന് അരവിന്ദ സ്മൃതി നടനും നിർമാതാവുമായ പ്രേംപ്രകാശ് ഉദ്ഘാടനം ചെയ്യും. ഫാ. ബോബി ജോസ് കട്ടിക്കാട്ട് അരവിന്ദ സ്മൃതി പ്രഭാഷണം നടത്തും. അരവിന്ദന്റെ സഹപ്രവർത്തകൻ കൂടിയായ സണ്ണി ജോസഫ് പങ്കെടുക്കും. ഫെസ്റ്റിവൽ ഡയറക്ടർ വിജയകൃഷ്‌ണൻ അധ്യക്ഷനാകും. 16-ന് മുന്നിന് അവാർഡ് പ്രഖ്യാപന സമാപന പരിപാടി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. നടി ജലജ അധ്യക്ഷത വഹിക്കും. സംവിധായകൻ ശ്യാമപ്രസാദ് മുഖ്യാതിഥിയായിരിക്കും. സംവിധായകൻ വിഷ്ണു മോഹൻ സംസാരിക്കും. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദർശ് സുകുമാരൻ, ശബ്ദ സംയോജകൻ ശരത് മോഹൻ എന്നിവർ പങ്കെടുക്കും.
Discussion about this post