കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് 5 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തപസ്യ കലാസാഹിത്യവേദിയുടെ എറണാകുളം ജില്ലാ മുൻ അധ്യക്ഷനാണ്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ മലയാളത്തിൽ പ്രശസ്തമായ നിരവധി ഗാനങ്ങൾ രചിച്ചു.
കാളിദാസന്റെ കാവ്യഭാവന, ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ, വെളിച്ചം വിളക്കണച്ചു, നാടൻ പാട്ടിന്റെ മടിശ്ശീല, കണ്ണാ നീ ഉറങ്ങെടാ തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1971ൽ പുറത്തിറങ്ങിയ വിമോചന സമരം ആണ് ആദ്യത്തെ ചലച്ചിത്രം. തുടർന്ന് ഹരിഹരൻ ഉൾപ്പെടെ ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു. എം.എസ്.വിശ്വനാഥനാണ് മങ്കൊമ്പിന്റെ പല ഗാനങ്ങൾക്കും ഈണം പകർന്നത്. മലയാളത്തിൽ ഇറങ്ങിയ പല തെലുങ്ക് ചലച്ചിത്രങ്ങളിലെയും മലയാള ഗാനങ്ങൾക്കു പിന്നിൽ മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു.
Discussion about this post