എല്ലാം പൊതിഞ്ഞു വെക്കുക എവിടെയും മുതലെടുപ്പ് നടത്തുകയെന്നത് കമ്മ്യൂണിസത്തിന്റെ മൂലാധാരമാണ്. കൊറോണയോടുള്ള ചൈനീസ് സമീപനം അവസാന ഉദാഹരണം. എത്യോപ്യയില്‍നിന്നും ലോകാരോഗ്യ സംഘടനയുടെ തലപ്പത്തെത്തി ചൈനയെ കണ്ണടച്ച് പിന്തുണക്കുന്ന ടെഡ്രോസ് അദാനോം ഗെബ്രിയേസ് ഇപ്പോള്‍ ആ കമ്മ്യൂണിസത്തിന്റെ അന്തര്‍ധാരയിലൂടെ ലോകത്തെ ചതിക്കുകയാണ്
പി. ശ്രീകുമാര്‍
കൊറോണയും ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയും തമ്മില്‍ എന്തു ബന്ധം? കഴിഞ്ഞ വര്‍ഷം സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം പ്രധാനമന്ത്രി അബി അഹമ്മദ് അലി നേടിയപ്പോള്‍ എത്യോപ്യ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ കൊറോണക്കാലത്തും എത്യോപ്യന്‍ നേതാവ് ലോക വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. മുന്‍ ആരോഗ്യമന്ത്രി ടെഡ്രോസ് അദാനോം ഗെബ്രിയേസ്. ലോക ആരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ തലവന്‍. കൊറോണ ലോകത്താകെ പടര്‍ന്നതിന് കാരണക്കാരെ കണ്ടെത്തുന്നവര്‍ ചൈനയ്ക്കൊപ്പം കൈചൂണ്ടുന്നതും ഈ എത്യോപ്യക്കാരനിലേക്കാണ്. ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂലമായി കൈകൊണ്ട നടപടികളാണ് കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്നത് വേഗത്തിലാക്കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി ഇക്കാര്യം പറഞ്ഞു. ലോക ആരോഗ്യ സംഘടനയക്കുള്ള സാമ്പത്തിക പിന്തുണ അമേരിക്ക പിന്‍വലിച്ചു. ടെഡ്രോസിനെ പേരെടുത്ത് പറഞ്ഞ് ട്രംപ് വിമര്‍ശിക്കുകയും ചെയ്തു.
ഗുരുതരമായ സന്ദര്‍ഭത്തില്‍ ലോക ആരോഗ്യ സംഘടന ചൈനയുടെ താളത്തിനൊത്തു തുള്ളി എന്ന ആരോപണം വെറും രാഷ്ട്രീയ ആരോപണം അല്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വലിയ വിപത്താകുമെന്ന് പ്രഖ്യാപിക്കാന്‍ ഒരു മാസം വൈകിയതിന് വിശദീകരണം ഇല്ല. അപ്പോഴും വൈറസിനെ നേരിടാന്‍ ചൈന എടുത്ത നടപടികളെ പുകഴ്ത്തുകയും ആഗോള വ്യാപനം തടയാന്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു ടെഡ്രോസ്. ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളെ സഹായിക്കാനും രോഗവ്യാപനം ചൈനയില്‍ ഒതുക്കി നിര്‍ത്താനുമാണ് ശ്രമിച്ചതെന്നായിരുന്നു ന്യായം പറഞ്ഞത്. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലന്നും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കേണ്ടില്ലന്നും ഉപദേശിക്കുകയും ചെയ്തു.
നീതി പൂര്‍വകമായ ലോക ക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട ലോക ആരോഗ്യ സംഘടന പോലുള്ള സ്ഥാപനം എന്തിന് ചൈനയ്ക്കനൂകൂലമായി നിന്നു എന്നു ചിന്തിക്കുമ്പോളാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസ് ആരെന്ന ചര്‍ച്ച വരുന്നത്. ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ ആഫ്രിക്കക്കാരനാണ് ഈ മുന്‍ എത്യാപ്യന്‍ മന്ത്രി. ഡോക്ടര്‍ ബിരുദമില്ലാത്ത ആദ്യത്തെ അധ്യക്ഷന്‍. ലെനിനിസ്റ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയായ ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിന്റെ നേതാവ്. ചൈനയുടെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തെത്താന്‍ ടെഡ്രോസിന് സാധിച്ചതും കമ്മ്യൂണിസത്തിന്റെ അന്തര്‍ധാര. എല്ലാം പൊതിഞ്ഞു വെക്കുക എവിടെയും മുതലെടുപ്പു നടത്തുക എന്നത് കമ്മ്യുണസത്തിന്റെ മൂലാധാരമാണ്. കൊറോണയോടുള്ള ചൈനീസ് സമീപനം തന്നെ അവസാന ഉദാഹരണം.
കഴിഞ്ഞ ഡിസംബറില്‍ വുഹാന്‍ നഗരത്തില്‍ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന കാര്യം സ്ഥിരീകരിക്കാന്‍ ചൈന തയാറായത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനുശേഷം. ഈ സമയത്തിനുള്ളില്‍ ആയിരക്കണക്കിനു ചൈനക്കാര്‍ രോഗവും വഹിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.ഡിസംബര്‍ 25ന് വുഹാനിലെ രണ്ടു ആശുപത്രികളിലെ ആരോഗ്യ ജീവനക്കാര്‍ക്ക് വൈറല്‍ ന്യുമോണിയ കണ്ടെത്തി ക്വാറന്റീന്‍ ചെയ്തു. പെട്ടെന്നു വുഹാനില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. സാര്‍സിനു സമാനമായ പകര്‍ച്ചവ്യാധിയുടെ തുടക്കമാണെന്ന് മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ക്കെതിരെ അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നുവെന്നു കാട്ടി നടപടി എടുക്കുകയായിരുന്നു ഭരണകൂടം. ഇത്തരം ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോക്ടര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വന്നു. അജ്ഞാത രോഗത്തെക്കുറിച്ച് യാതൊരു വാര്‍ത്തകളും പ്രസിദ്ധീകരിക്കരുതെന്നു ദേശീയ ആരോഗ്യ കമ്മിഷന്‍ നിര്‍ദേശവും നല്‍കി. വുഹാനില്‍നിന്നുള്ള സാംപിളുകളുടെ പരിശോധന നിര്‍ത്തിവയ്ക്കുകയും എല്ലാ സാംപിളുകളും നശിപ്പിക്കുകയും ചെയ്തു. രോഗം ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുന്നതായി തെളിവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ജനുവരി 22ന് വുഹാന്‍ സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനാ സംഘം വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്നതായി ഉറപ്പിച്ചു. ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനു ശേഷമായിരുന്നു ഇത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണം. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നു. കമ്മ്യൂണ്സ്റ്റ് സ്വഭാവം തന്നെയാണ് ചൈന ഇവിടെ പുലര്‍ത്തിയത്. എല്ലാം മൂടി വെക്കുന്ന രഹസ്യാത്മകത. രോഗികളുടെ എണ്ണത്തെക്കുറിച്ച് കള്ളക്കണക്കുകളാണ് ചൈന പുറത്തുവിടുന്നതെന്ന് പിന്നീട് തെളിയുകയും ചെയ്തു. രോഗം പടര്‍ത്തി എന്നു മാത്രമല്ല അതില്‍നിന്ന് നേട്ടം കൊയ്യാനുള്ള നീച നീക്കവും ചൈന നടത്തി. രോഗം കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങള്‍ വ്യാപകമായി വിറ്റ് നേട്ടം കൊയ്യാനുള്ള നീക്കം. ഇന്ത്യക്ക് വിലയ്ക്ക് നല്‍കിയ ഉപകരണങ്ങള്‍ നിലവാരമില്ലാത്തതായതിന്റെ പേരില്‍ തിരിച്ചയക്കുകയായിരുന്നു. ലോകം മുഴുവന്‍ കൊറോണ പടരുമ്പോള്‍ കമ്മ്യുണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയില്‍ രോഗികളൊന്നും ഇല്ലന്നാണ് പറയുന്നത്. രോഗ ലക്ഷണം കണ്ടാലുടന്‍ അവരെ വെടിവെച്ചു കൊല്ലുകയാണവിടെ എന്നാണ് വാര്‍ത്ത. മാത്രമല്ല കൊറോണക്കാലത്തും ആണവായുധ പരീക്ഷണവുമായി മുന്നോട്ടു പോവുകയായിരുന്നു. ഏകാധിപതിയായ ഭരണത്തലവന്‍ ജീവിച്ചോ മരിച്ചോ എന്ന അഭ്യൂഹം പടര്‍ത്തുകയായിരുന്നു കൊറിയ. കമ്മ്യുണിസ്റ്റുകാരന്‍ മുഖ്യമന്ത്രിയായ കേരളത്തില്‍ പോലും ഒളിച്ചു വെക്കലും മുതലെടുപ്പുമാണെന്നും വരുമ്പോള്‍ അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ അടിസ്ഥാന സ്വഭാവമാണ് എന്നത് അടിവരയിടും. അധികാരത്തിനപ്പുറം ജനകീയമല്ല കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ എന്നത് കൊറോണ സാക്ഷ്യപ്പെടുത്തുന്നു.
ലോക ക്രമത്തില്‍ മറ്റൊരു സ്വാധീന ചേരിയായ മുതലാളിത്തത്തിന്റെ പൊള്ളത്തരവും കൊറോണ തുറന്നുകാട്ടി. കൊറോണ മരണത്തിന്റെ കാര്യത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് അമേരിക്ക, ഇറ്റലി, ബ്രിട്ടന്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നീ മുതലാളിത്ത രാജ്യങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. മുതലാളിത്തത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ എഴുപതിനായിരത്തിനടുത്താണ് കൊറോണ മരണം എന്നത് നിസ്സാരമായി കാണാവുന്നതല്ല. ലോകത്തിന്റെ ഏതു മൂലയിലുമുള്ള അണുചലനം പോലും അടുത്തറിയാന്‍ ആധുനിക സാങ്കേതിക വിദ്യ വശമുള്ള അമേരിക്ക ഒരു രോഗാണുവിനു മുന്നില്‍ അടി പതറുന്നു. ചൈനയില്‍ കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ ലാഘവത്തോടെ സമീപിക്കുകയായിരുന്നു മുതലാളിത്ത രാജ്യങ്ങള്‍. ഞങ്ങളെ ബാധിക്കില്ല എന്ന തരത്തിലായിരുന്നു അമേരിക്കയുടേയും മറ്റും പ്രതികരണം. ഭാവിയില്‍ ഉണ്ടാകുന്ന വിപണി മൂല്യം സ്വപ്നം കണ്ട് കൊറോണ വൈറസിന് മരുന്നു കണ്ടു പിടിക്കാനായിരുന്നു ശ്രമം. പൊതുജനാരോഗ്യം ശക്തിപ്പെടുത്താനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. പട്ടിണി രാജ്യങ്ങല്‍ പോലും ലോക്്ഡൗണും മറ്റും പ്രഖ്യാപിച്ച് കൊറോണ പ്രതിരോധ നടപടികള്‍ സ്വീകരിച്ചപ്പോള്‍ സാമ്പത്തിക തിരിച്ചടി ഉണ്ടാകുമെന്ന് പറഞ്ഞ് കടകളടപ്പിക്കാനോ പൊതുഗതാഗതം നിശ്ചലമാക്കാനോ തയ്യാറായില്ല. മുതലാളിത്ത രാജ്യങ്ങള്‍ കൊറോണക്കു മുമ്പില്‍ പരാജയം സമ്മതിച്ചതിന് പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക ബോധത്തിന്റെയും പ്രതിബദ്ധതയുടെയും അഭാവമാണ്. മുന്‍കരുതല്‍ ആവശ്യപ്പെട്ടിട്ടും ജനം അനുസരിക്കാത്തത് അതിനാലാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച നഗരത്തില്‍ അതിനെതിരെ വലിയ പ്രതിഷേധ പ്രകടനം നടന്നു എന്നതും അതിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു എന്നതും കൊറോണക്കാല തമാശയല്ല. മുതലാളിത്തത്തിന്റെ സാമൂഹിക വ്യവസ്ഥിതിയുടെ പ്രശ്നമാണ്. കമ്പോളത്തിലെ ലാഭമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. പൗരന്റെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ ഉത്തരവാദിത്വമായി കാണുന്ന ഭരണകൂടമായി വികസിത രാഷ്ട്രങ്ങള്‍ക്ക് മാറാന്‍ കഴിയുന്നില്ല. അതിരുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിനെമാത്രം കേന്ദ്രമാക്കി സമൂഹത്തിന്റെ വിശാലമായ താല്പര്യം പ്രസക്തമല്ല എന്ന് കരുതുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പകര്‍ച്ചവ്യാധിയെ ഇന്നത്തെ അവസ്ഥയിലേക്ക് പകര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചു എന്നതും വസ്തുതയാണ്. പകര്‍ച്ചവ്യാധികളെ അഭിസംബോധന ചെയ്യുന്നതില്‍ മുതലാളിത്തത്തിനു കീഴിലുള്ള ആരോഗ്യസംരക്ഷണ സംവിധാനം എത്ര അപര്യാപ്തമാണ് എന്ന് കൊറോണ വൈറസ് ലോകത്തെ കാട്ടികൊടുത്തു.
കമ്മ്യൂണിസവും മുതലാളിത്തവുമല്ലാത്ത ലോകക്രമം എന്നു വീമ്പിളക്കുന്ന ഇസ്ലാമിക ചേരികളുടെ അന്തസില്ലായ്മയും കൊറോണക്കാലത്ത് ലോകം കണ്ടു. വൈറസ് വ്യാപനത്തെ മതവുമായി കൂട്ടികെട്ടിയ നീച പ്രവര്‍ത്തി. കാഫറുകളെ കൊന്നൊടുക്കാന്‍ അള്ളാഹു അയച്ചതാണ് കൊറോണ വൈറസ് എന്ന് വിശ്വസിച്ച് ജീവനൊടുക്കുകയും രോഗം മറ്റുള്ളവരിലേക്ക് പടര്‍ത്തുന്നത് മോക്ഷമാര്‍ഗ്ഗമാണെന്ന് വിശ്വസിക്കുകയും ചെയ്യതവര്‍. ചികിത്സ നല്‍കുന്നതില്‍ വേര്‍ തിരിവു കാട്ടിയ ഗള്‍ഫ് രാജ്യങ്ങളും ഭക്ഷണം കൊടുക്കുന്നതില്‍ പോലും മത വിവേചനം കാട്ടിയ പാക്കിസ്ഥാനും ഇന്ത്യയില്‍ കൊറോണ പകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ തബ്ലീഗ് ഇസ്ലാമും ഒക്കെ എത്രകണ്ട് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവും സങ്കുചിതവും ആണെന്ന് കൊറോണക്കാലവും തെളിവു നല്‍കി.
മൂന്നു ധാരകളും പരാജയം സമ്മതിച്ച് നില്‍ക്കുമ്പോഴാണ് ഭാരതം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന്റെ ഔന്നിത്യം ലോകം അളക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്. ഭാരതം സംസ്‌കാരത്തിനുയോജ്യമായി, ചിന്താഗതിക്കനുരൂപമായി സംസ്‌കാരത്തിനനുസരിച്ച് തീരുമാനങ്ങളെടുത്തു. പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സമ്പന്നമായ രാജ്യങ്ങള്‍ക്ക് മരുന്നിന്റെ കാര്യത്തില്‍ പ്രതിസന്ധി ഏറി. ഭാരതം ലോകത്തിന് മരുന്നുകള്‍ നല്കിയില്ലെങ്കിലും ആരും ഭാരതത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല. ഭാരതത്തിനും മുന്‍ഗണന സ്വന്തം പൗരന്മാരുടെ ജീവന്‍ രക്ഷിക്കലാണ് എന്ന് എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. എങ്കിലും ഭാരതം സ്വന്തം സംസ്‌കാരത്തിനനുസരിച്ച് തീരുമാനമെടുത്തു. ഭാരതത്തിന്റെ ആവശ്യത്തിനുവേണ്ടി എന്താണോ ചെയ്യേണ്ടത്, അതിനു കൂടുതലായി ശ്രമിച്ചു. ജനതാ കര്‍ഫ്യൂവും, ലോക്ഡൗണും, സാമ്പത്തിക പാക്കേജും ഒക്കെ നടപ്പാക്കി. ഒപ്പം ലോകമെങ്ങും നിന്നുവരുന്ന മനുഷ്യസമൂഹത്തെ കാക്കാനുള്ള വിളികള്‍ക്കും തികഞ്ഞ ശ്രദ്ധ കൊടുത്തു. ലോകത്തിലെ എല്ലാ ആവശ്യക്കാര്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ ഉത്സാഹിച്ചു, മനുഷ്യത്വമാര്‍ന്ന പ്രവര്‍ത്തി ചെയ്തുകാട്ടിയതില്‍ അനേകം രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ ഭാരതജനതയോട് കൃതജ്ഞത വ്യക്തമാക്കുന്നു. താങ്ക്യൂ ഇന്ത്യാ, താങ്ക്യൂ പീപിള്‍ ഓഫ് ഇന്ത്യാ എന്നു പറയുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമേറുകയാണ്. അതേപോലെ ലോകമെങ്ങും ഇപ്പോള്‍ ഭാരതത്തിലെ ആയുര്‍വ്വേദത്തിന്റെയും യോഗയുടെയും പ്രാധാന്യത്തെ അളുകള്‍ വളരെ വിശേഷപ്പെട്ട വികാരത്തോടെയാണ് കാണുന്നത്. എവിടെയും പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി എങ്ങനെ ഭാരതത്തിന്റെ ആയുര്‍വ്വേദവും യോഗയും സഹായിക്കും എന്നു ചര്‍ച്ച നടക്കുന്നു.
ഭാരതത്തിന്റെ പോരാട്ടം പല അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാണ്. ജനങ്ങളോടൊപ്പം ചേര്‍ന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും പോരാടുകയാണ്. വികസനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, ദാരിദ്ര്യവുമായി നിര്‍ണ്ണായകമായ പോരാട്ടം നടത്തുന്ന വിശാലമായ രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ പക്കല്‍ കൊറോണയുമായി പോരാടാനും ജയിക്കാനും ഇതാണ് വേണ്ടത്. മുഴുവന്‍ രാജ്യവും, രാജ്യത്തെ എല്ലാ പൗരന്മാരും, ഓരോ വ്യക്തിയും ഈ പോരാട്ടത്തില്‍ പടയാളികളാണ്, പോരാട്ടത്തിന് നേതൃത്വം നല്കുകയാണ്. രാജ്യമെങ്ങും ഓരോ തെരുവിലും എന്നുവേണ്ട എല്ലായിടത്തും ആളുകള്‍ പരസ്പരം സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. ദരിദ്രര്‍ക്കായി ഭക്ഷണത്തിന്റെ കാര്യമാണെങ്കിലും റേഷന്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തിലാണെങ്കിലും ലോക്ഡൗണ്‍ പാലിക്കുന്ന കാര്യത്തിലാണെങ്കിലും, ആശുപത്രികള്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തിലാണെങ്കിലും, ചികിത്സാ ഉപകരണങ്ങള്‍ രാജ്യത്ത് ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും ഇന്ന് രാജ്യം മുഴുവന്‍ ഒരേ ലക്ഷ്യവും, ഒരു ദിശാബോധവുമായി ഒരുമിച്ചു മുന്നോട്ടു പോവുകയാണ്. കൈയടി, പാത്രം കൊട്ടല്‍, വിളക്ക്, മെഴുകുതിരി, സൈനിക വിമാനത്തിലെ പുഷ്പ വൃഷ്ടി, യുദ്ധകപ്പലുകളിലെ ദീപാലങ്കാരം തുടങ്ങിയവയൊക്കെ ഒരു പുതിയ മനോവികാരത്തിന് ജന്മം കൊടുത്തു. ഉത്സാഹത്തോടെ ജനങ്ങളാകെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള നിശ്ചയമെടുത്തു. എല്ലാവരെയും ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും രാജ്യത്ത് എല്ലാവരും തങ്ങളുടേതായ പങ്കുവഹിക്കുന്നതിന് ഉത്സാഹിക്കുന്ന, ഒരു വലിയ മഹായജ്ഞം നടക്കുന്ന പ്രതീതിയാണ്. നാളെ ലോകം കൊറോണയെ നേരിട്ടതിനെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തുമ്പോള്‍ നോക്കുന്നത് ഭാരതത്തിലേക്കായിരിക്കും. കമ്മ്യുണിസവും മുതലാളിത്തവും ഇസ്ലാമിസവും ഒക്കെ പരാജയപ്പെട്ടിടത്ത് ഭാരതീയത്വം എങ്ങനെ വിജയക്കൊടി നാട്ടി എന്നതാകും അടയാളപ്പെടുത്തുക.
Discussion about this post