നിസാമബാദ്(തെലങ്കാന): ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മഗ്രാമമായ തെലങ്കാനയിലെ കന്ദകുര്‍ത്തിയില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്ഫൂര്‍ത്തികേന്ദ്രം ഒരുങ്ങുന്നു. കന്ദകുര്‍ത്തിയെ ഡോക്ടര്‍ജി സ്ഫൂര്‍ത്തികേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച നാല് ക്ഷേത്രങ്ങളുടെ പ്രാണപ്രതിഷ്ഠാകര്‍മ്മം നടന്നു. ശ്രീ വിഘ്‌നേശ്വര മന്ദിര്‍, ശ്രീ സ്‌കന്ദമാതാ മന്ദിര്‍, ശ്രീ രുക്മിണീ സമേത വിഠലേശ്വര മന്ദിര്‍, ശ്രീ കേശവ മന്ദിര്‍ എന്നിവയിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.
ഗോദാവരീതീരത്ത് ലോകമാതാ അഹല്യബായി ഹോള്‍ക്കറുടെ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് ഡോക്ടര്‍ജി സ്ഫൂര്‍ത്തികേന്ദ്രത്തിന്റെ നിര്‍മാണത്തിന് തുടക്കമായത്. ലോകത്തിലെ തന്നെ ഏറ്റവും പ്രബലയും ആത്മീയസാധകയുമായ ഭരണാധികാരിയെ കന്ദകുര്‍ത്തി ഗ്രാമം ആദരിക്കുന്നതിന്റെ ഭാഗമായാണ് ലോകമാതാ അഹല്യാബായിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് ഹംപി പീഠാധിപതി ശ്രീ ശ്രീ ശ്രീ വിരൂപാക്ഷ വിദ്യാരണ്യ ഭാരതി സ്വാമികള്‍ പറഞ്ഞു. സംസ്‌കാരത്തെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ സേവനങ്ങള്‍ ഭഗവാന്‍ രാമനില്‍ എത്തിച്ചേരും. പൂജയിലൂടെ ലഭിക്കുക 25 ശതമാനം പുണ്യമാണ്. സംസ്‌കാര സംരക്ഷണവും സാമൂഹ്യസേവനവും അത് നൂറ് ശതമാനമാക്കും, അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ സാംസ്‌കാരിക പുനരുജ്ജീവനത്തിന് ഡോക്ടര്‍ജി സര്‍വസാധാരണക്കാരെ സജ്ജമാക്കിയെന്ന് ആര്‍എസ്എസ് ദക്ഷിണമധ്യക്ഷേത്ര കാര്യവാഹ് തിപ്പസ്വാമി പറഞ്ഞു.
ശ്രീ ശ്രീ ശ്രീ മാംഗി രാമുലു മഹാരാജ്, ശ്രീ ശ്രീ ശ്രീ പിട്‌ല കൃഷ്ണ മഹാരാജ്, ആര്‍എസ്എസ് തെലങ്കാന പ്രാന്ത സംഘചാലക് ബര്‍ള സുന്ദര്‍ റെഡ്ഡി, സേവാഭാരതി തെലങ്കാന ഘടകം അധ്യക്ഷന്‍ ഡോ. രാമമൂര്‍ത്തി തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post