തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്.
തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്തേയ്‌ക്ക് സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നും 3 പേർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്‌സി സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയിൽ നിന്നാണ് മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായിരുന്ന റവാഡ ചന്ദ്രശേഖർ പുതിയ ചുമതലയിൽ നിയോഗിതനായതിന് പിന്നാലെ ഡെപ്യൂട്ടേഷനിൽ നിന്നും വിടുതൽ നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ അദ്ദേഹം കേരളത്തിൽ എത്തിച്ചേർന്നിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തേയ്‌ക്ക് എത്തിയ എത്തിച്ചേർന്ന പുതിയ പൊലീസ് മേധാവിയ്‌ക്ക് പൊലീസ് സേന ആദരവോടെയുള്ള വരവേൽപ്പാണ് ഒരുക്കിയത്. താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും ചുമതല ഏറ്റെടുത്ത റവാഡ ചന്ദ്രശേഖർ പിന്നീട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഇതിന് പിന്നാലെ പൊലീസ് സേന ഒരുക്കിയ ഗാർഡ് ഓഫ് ഓണറിൽ സല്യൂട്ട് സ്വീകരിച്ചു.
Discussion about this post