കൊച്ചി: ഗോവ വിമോചന സമരം ഗഹനമായ പഠനത്തിന് വിധേയമാക്കണമെന്നും അതിന് നേതൃത്വം നല്‍കിയ വീര ദേശാഭിമാനികളില്‍ നിന്ന് ആവേശം ഉള്‍ക്കൊള്ളണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ നടന്ന ‘പതിനെട്ട് ജൂണ്‍ -ഒരു ക്രാന്തി യാത്ര’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഐതിഹാസിക സമരമാണ് ഗോവയുടെ വിമോചനത്തിന് വേണ്ടി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ റാം മനോഹര്‍ ലോഹ്യയുടെയും ജഗന്നാഥ റാവു ജോഷിയുടെയും നേതൃത്വത്തില്‍ നടന്നത്. പോര്‍ച്ചുഗീസുകാര്‍ ഗോവന്‍ ജനതയോട് കാട്ടിയ ക്രൂരതകള്‍ ഒരു കാരണവശാലും മറക്കരുതെന്നും, മറക്കാനാവില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ ഇത്തരം ഏടുകളെക്കുറിച്ച് സ്മരിക്കാനും, സംവദിക്കാനും പുതിയ തലമുറ തയാറാകണമെന്നും, അതിനായി ഗഹനമായ വായനയിലേക്ക് ചെറുപ്പക്കാര്‍ തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ ഗോവയില്‍ മതം മാറാത്തവരുടെ കൈകള്‍ വെട്ടുന്ന പില്ലറുകള്‍ ഇന്നും കാണാം. ക്രൈസ്തവ മതം സ്വീകരിക്കുക അല്ലെങ്കില്‍ മരണം സ്വീകരിക്കുക എന്നതായിരുന്നു ഭീഷണി. ഭീകരതയ്‌ക്ക് കീഴടങ്ങാതെ പലരും മരണം വരിച്ചു. ഇത് ചരിത്രമാണ്.
സ്വാതന്ത്ര്യസമര സേനാനിയും, എഴുത്തുകാരനുമായ ലക്ഷ്മിദാസ് ബോര്‍ക്കര്‍ എഴുതി ആര്‍.എസ്. ഭാസ്‌കര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് ‘പതിനെട്ട് ജൂണ്‍ ഒരു ക്രാന്തി യാത്ര’ എന്ന പുസ്തകം. ഗോവയുടെ വിമോചനത്തിനായി 1960കളില്‍ വീര പോരാട്ടം നടത്തിയ റിട്ട. ലഫ്. കമാന്‍ഡര്‍ പി.കെ. നാരായണപിള്ളയെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചതും, തിരിച്ച് തന്നോടൊപ്പം പ്രവര്‍ത്തിച്ച ധീര ജവാന്മാര്‍ക്കും അവരുടെ ഓര്‍മകള്‍ക്കും ആദരസൂചകമായി സല്യൂട്ട് നല്‍കിയപ്പോള്‍ നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നിതിന്‍ ബോര്‍ക്കര്‍ അധ്യക്ഷനായി. ആര്‍.എസ്. ഭാസ്‌കര്‍, ഡോ. പൂജ പി, എന്‍.എസ്. സരിത എന്നിവര്‍ സംസാരിച്ചു.


















Discussion about this post