ജയ്പൂര്‍: നിയമങ്ങളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലല്ല, സദ്ഭാവനയുടെയും സൗഹാര്‍ദത്തിന്റെയും അടിസ്ഥാനത്തിലേ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാവൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പരസ്പര സഹകരണത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം എല്ലാവരിലും സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂര്‍ മാളവ്യ നഗറിലെ പഥേയ്കണ്‍ സന്‍സ്ഥാന്‍ നാരദ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സാമാജിക സമരസതാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സ്വാര്‍ത്ഥതയെ തൃപ്തിപ്പെടുത്തി സന്തോഷം കണ്ടെത്താനുള്ള ശ്രമങ്ങള്‍ രണ്ടായിരം വര്‍ഷമായി ലോകത്ത് നടക്കുന്നുണ്ട്, എന്നാല്‍ എല്ലാവര്‍ക്കും പ്രയോജനം ചെയ്യാന്‍ കഴിയാത്തതിനാല്‍ സ്വാര്‍ത്ഥത പരാജയപ്പെടുന്നു. സ്വാര്‍ത്ഥം താല്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയായതിനാല്‍ അത് ഹൃദയങ്ങളില്‍ ഒരു കരുണയും അവശേഷിപ്പിക്കില്ല.
സമൂഹത്തെ സംരക്ഷിക്കണമെങ്കില്‍, അത് പ്രബുദ്ധമാകേണ്ടത് അത്യാവശ്യമാണ്. ഭാരതം പുരോഗമിക്കരുതെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ട്. അതുകൊണ്ട് അവര്‍ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ രാഷ്ട്രത്തിന്റെ പ്രാണനായ ഹിന്ദുസമാജത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. മയക്കുമരുന്നുപോലെയുള്ള റാക്കറ്റുകള്‍ക്ക് പിന്തുണ നല്കി തലമുറയെ വഴിതെറ്റിക്കാന്‍ നീക്കം നടത്തുന്നു, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
സമൂഹത്തിന്റെ മുന്നേറ്റത്തിന് അഞ്ച് മാറ്റങ്ങളെക്കുറിച്ച് സംഘം പറയുന്നു. ഒരുമ, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങളുടെ ബോധവത്കരണം, സ്വദേശി അവബോധം, പൗരധര്‍മ്മം എന്നിവയാണത്. കുടുംബത്തില്‍ ഇഴയടുപ്പം ഉണ്ടാകുമ്പോള്‍, മയക്കുമരുന്ന്, ലൗ ജിഹാദ് തുടങ്ങിയ കാര്യങ്ങള്‍ അകന്നുനില്‍ക്കും. വെള്ളം സംരക്ഷിച്ചും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കിയും മരങ്ങള്‍ നട്ടുപിടിപ്പിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. പെരുമാറ്റത്തില്‍ സദ്ഭാവന നിറയുന്നതുമൂലം ഭിന്നതകളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാകും, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ക്ഷേത്ര സംഘചാലക് ഡോ. രമേശ് ചന്ദ്ര അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തു.

















Discussion about this post