ജയ്പൂര്‍: പഠനം ജനസാമാന്യത്തിന് എന്ത് പ്രയോജനം ചെയ്യുന്നുവെന്ന് മനസിലാക്കാന്‍, ഗവേഷകരും സര്‍വകലാശാലകളും സമൂഹവുമായുള്ള നേരിട്ട് സംവദിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ചില വിഷയങ്ങള്‍ അറിവിനു വേണ്ടി മാത്രമുള്ളതാണ്, മറ്റുള്ളവ സമൂഹത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സമൂഹവുമായുള്ള സര്‍വകലാശാലകളുടെ നിരന്തര ബന്ധം സുദൃഢമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാളവ്യനഗറിലെ പാഥേയ്കണ്‍ സന്‍സ്ഥാന്‍ ഓഡിറ്റോറിയത്തില്‍ നിത്യ മൂല്യങ്ങള്‍, പുതിയ മാനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച യുവഗവേഷക സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഇന്ന് സംഘത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ചര്‍ച്ചകള്‍ നടക്കുന്നു. എതിര്‍ക്കുന്നവര്‍ നുണകളുടെ ഒരു വല തന്നെ നെയ്തിരിക്കുന്നു. അതുകൊണ്ട് സംഘത്തെക്കുറിച്ച് അറിയണമെങ്കില്‍, യഥാര്‍ത്ഥ ഉറവിടങ്ങളിലേക്ക് പോകണം. സംഘസാഹിത്യം പഠിക്കുകയും ശാഖകളില്‍ പോവുകയും കാര്യകര്‍ത്താക്കളുടെ പെരുമാറ്റം നിരീക്ഷിക്കുകയും വേണം.
ജീവിതത്തിലും തൊഴിലിലും ശാഖ നല്ല പാഠങ്ങള്‍ നല്കും. അച്ചടക്കം, കൂട്ടായ പ്രവര്‍ത്തനം, സ്വഭാവശുദ്ധി, വിനയം തുടങ്ങിയ മൂല്യങ്ങള്‍ ശാഖ പകരുന്നു. വ്യക്തിനിര്‍മാണമാണ് ശാഖയിലൂടെ സംഭവിക്കുന്നത്. സംഘം അത് മാത്രമേ ചെയ്യുന്നുള്ളൂ. സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയംസേവകര്‍ ഏറ്റെടുക്കും.
ബാഹ്യ പ്രതിച്ഛായയെ അടിസ്ഥാനമാക്കി സംഘത്തെ വിലയിരുത്തരുതെന്ന് സര്‍സംഘചാലക് പറഞ്ഞു. സംഘടനയെ വികസിപ്പിക്കുകയല്ല, വ്യക്തിനിര്‍മാണത്തിലൂടെ സമാജപരിവര്‍ത്തനം സാധ്യമാക്കുകയും രാഷ്ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.
സംഘത്തിന് ഇന്ന് പ്രശസ്തി ഏറെയുണ്ട്. എന്നാല്‍ അത് നേടുകയല്ല, സംഘത്തിന്റെ ലക്ഷ്യം. രാഷ്ട്രത്തിന്റെ പരമവൈഭവം എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയേ നേടാന്‍ കഴിയൂ. മുഴുവന്‍ സമൂഹവും ഈ ദൗത്യത്തിനായി ഒന്നിക്കണം. ഇത് സംഘത്തിന്റെ മാത്രമല്ല, എല്ലാവരുടെയും പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ 34 സര്‍വകലാശാലകളില്‍ നിന്നുള്ള 260 ഗവേഷകര്‍ സംവാദ പരിപാടിയില്‍ പങ്കെടുത്തു. രാജസ്ഥാന്‍ ക്ഷേത്ര സംഘചാലക് ഡോ. രമേശ് ചന്ദ്ര അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തു.















Discussion about this post