കോഴിക്കോട്: മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാടകം കേരളം പിന്തുടരുന്ന മതനിരപേക്ഷതയ്‌ക്കും സാംസ്‌കാരിക നിലവാരത്തിനും എതിരാണെന്നും കുട്ടികളെക്കൊണ്ട് മതവിദ്വേഷം ഉള്ളടക്കമായി വരുന്ന നാടകം ചെയ്യിച്ചതും പൊതുസ്ഥലത്ത് അസഭ്യം പറയിച്ചതും ക്രിമിനല്‍ കുറ്റമാണെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു).
ഇത്തരം നാടകം അവതരിപ്പിക്കാന്‍ സാഹചര്യമൊരുക്കിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിടിഎ, കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നാടകത്തിന് നല്‍കിയ സമ്മാനം റദ്ദ് ചെയ്ത് രണ്ടാം സ്ഥാനം കിട്ടിയവരെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ടിയു വിദ്യാഭ്യാസ മന്ത്രിക്കും സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നല്‍കി.
ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും മതനിന്ദ നടത്തുന്നതും കുറ്റകരമാണ്. പൊതുമധ്യത്തില്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇവിടെ ഈ രണ്ട് കുറ്റങ്ങളും നിഷ്‌കളങ്കരായ കൊച്ചുകുട്ടികളെക്കൊണ്ട് അദ്ധ്യാപകര്‍ ചെയ്യിച്ചു എന്നത് അദ്ധ്യാപക സമൂഹത്തിന് തന്നെ നാണക്കേടാണ്. മാത്രമല്ല, കേരളം കാലങ്ങളായി പിന്തുടരുന്ന മതനിരപേക്ഷ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്നതുമാണെന്ന് പരാതിയില്‍ എന്‍ടിയു സംസ്ഥാന അധ്യക്ഷ കെ. സ്മിത ചൂണ്ടിക്കാട്ടി.
പാതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും കൂടുതല്‍ സ്വീകാര്യമാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതുമാണ് ഇത്തരം നടപടികള്‍. മൊത്തം വിദ്യാഭ്യാസ മേഖലക്കും അവമതിപ്പുണ്ടാക്കുകയും കുട്ടികളെക്കൊണ്ട് ക്രിമിനല്‍ കുറ്റം ചെയ്യിക്കുകയും അവരുടെ മുന്നോട്ടുള്ള അവസരങ്ങളെ നഷ്ടപ്പെടുത്തുകയും ചെയ്ത സ്‌കൂള്‍ അധികൃതരും പിടിഎയും രക്ഷാകര്‍ത്താക്കളും വിധികര്‍ത്താക്കളും ഒരേപോലെ കുറ്റക്കാരാണ്. ‘നല്ലത് ചെയ്യുവാന്‍ ശക്തിയുണ്ടാവണം, നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം എന്ന് പാടിപ്പഠിപ്പിച്ച പൂര്‍വസൂരികളെ അപമാനിക്കുകയും മലയാളത്തിന്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ അവഹേളിക്കുകയും ചെയ്ത ഹെഡ്മാസ്റ്റര്‍, പിടിഎ, രക്ഷാകര്‍ത്താക്കള്‍, വിധികര്‍ത്താക്കള്‍ എന്നിവരെ മാതൃകാപരമായി ശിക്ഷിക്കമെന്നും കെ. സ്മിത ആവശ്യപ്പെട്ടു.



















Discussion about this post