ഡോ. ടി.കെ. രവീന്ദ്രന്‍
സ്വര്‍ഗത്തിലെ സുഖത്തിന്നുവേണ്ടി ദാഹിക്കുന്ന ഒരാളെ സംബന്ധിച്ചടത്തോളം കാര്‍ഷികമായ അവശതകള്‍ മതിയായ പ്രകോപനമല്ലെന്ന് ഉറപ്പിച്ചുപറയാം. ‘സെയ്ദാ’ക്കളാകാനായി പടപൊരുതിയവര്‍ക്ക് കാര്‍ഷികപരിഷ്‌കരണം അത്രയൊന്നും ആകര്‍ഷകമായിരിക്കാനും ഇടയില്ല. കലാപകാരികളില്‍ അവശേഷിച്ചവരാരും തന്നെ തന്റെയോ തന്റെ കൂട്ടുകാരുടെയോ ലക്ഷ്യം അതായിരുന്നുവെന്നു പറഞ്ഞിട്ടുമില്ല. അമിതമായ പാട്ടത്തിന്നും കിടിയൊഴിപ്പിക്കലിന്നും എതിരായി ‘പുണ്യയുദ്ധം’ നടത്തുകയെന്നത് ഒരു പന്തികേടായിരിക്കുകയും ചെയ്യും.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും പരമ്പരയായി പൊട്ടിപ്പുറപ്പെട്ട മാപ്പിള ലഹളകള്‍ക്ക് മുഖ്യകാരണം അഥവാ ഏക കാരണം ദുസ്സഹമായ കുടിയായ്മ വ്യവസ്ഥകള്‍ ഹേതുവായി കര്‍ഷകരുടെ ഇടയില്‍ സ്വാഭാവികമായി ഉത്ഭവിച്ച ആപല്‍ക്കരമായ അസംതൃപ്തിയായിരുന്നുവെന്ന് അസന്ദിഗ്ധമായി തെളിയിക്കുവാന്‍ പലരും പരിശ്രമിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ കുടിയാന്മാര്‍ ജന്മികളുടെ ദയാദാക്ഷിണ്യത്തെ ആശ്രയിച്ചു ജീവിക്കേണ്ടി വന്നതിനാല്‍ കുടിയായ്മ വ്യവസ്ഥ പരിഷ്‌കരിക്കേണ്ടത് അടിയന്തരാവശ്യമായിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ അമിത കരം ചുമത്തുക മുതലായ ജനമര്‍ദന പരിപാടികള്‍ അപൂര്‍വ സംഭവങ്ങള്‍ മാത്രമായിരുന്നു. വസ്തു ഒഴിപ്പിക്കല്‍ ഏറ്റവും പരിമിതമായിട്ടേ നടന്നിരുന്നുള്ളൂ. ഇവ സാധാരണ നടപടിയായിരുന്നില്ല- ഒറ്റപ്പെട്ട വ്യതിചലനങ്ങള്‍ മാത്രമായിരുന്നു. ഈ കാലഘട്ടത്തെ സംബന്ധിച്ചു നിലവിലുള്ള രേഖകളില്‍ നിന്ന് അനുമാനിക്കാവുന്നത് ജന്മി- കുടിയാന്‍ ബന്ധങ്ങള്‍ സാധാരണ മാനുഷിക നിയമങ്ങളെ അനുസരിച്ചും ഏറെക്കുറെ സൗഹാര്‍ദപരവും ആയി നിലനിന്നിരുന്നുവെന്നാണ്. ഭൂവുടമയും കൃഷിക്കാരനും അന്യോന്യം വര്‍ത്തിച്ചത് സമുദായത്തിന് അനാരോഗ്യകരമായ രീതിയിലായിരുന്നില്ല. 19-ാം ശതാബ്ദത്തിന്റെ ഉത്തരാര്‍ധത്തില്‍ ഏറനാട്ടിലും വള്ളുവനാട്ടിലും ഉണ്ടായ മാപ്പിള ലഹളകളെപ്പറ്റിയുള്ള വിവരണങ്ങള്‍ ഇതു പരമാര്‍ഥമാണെന്നു തെളിയിക്കുന്നു. ലഹളയുണ്ടാകുമെന്ന ഭയത്താല്‍ ഹിന്ദുക്കള്‍ക്ക് വീര്യം നഷ്ടപ്പെട്ട പ്രദേശങ്ങളില്‍ മാപ്പിളകുടിയാന്‍ അവരുടെ ജന്മികളുടെ ജീവനും സ്വത്തും രക്ഷിക്കുവാന്‍ അവരുടെ വീടുകളിലേക്ക് കുതിച്ചിരുന്നു.
‘ഓരോ വലിയ ഹിന്ദു ജന്മിയുടെയും വീട്ടിലേക്ക് അദ്ദേഹത്തിന്റെ മാപ്പിള കുടിയാന്മാര്‍ ധൃതിപ്പെട്ടു പോകുന്നു- അവര്‍ നിര്‍ദോഷികളാണെന്നു തെളിയിക്കുവാനും കാവല്‍ക്കാരായി പ്രവര്‍ത്തിച്ച് അവരുടെ സ്വാമി ഭക്തി കാണിക്കുവാനും. ഒരു (മാപ്പിള) കുടുംബത്തിലെ ഒന്നോ അധികമോ അംഗങ്ങള്‍ മതഭ്രാന്തന്മാരുടെ ഭാഗത്തു ചേര്‍ന്നിട്ടുണ്ടെങ്കില്‍ കുടുംബത്തിലെ ശേഷമുള്ള പുരുഷന്മാര്‍ ജന്മിയുടെ വീട്ടിലേക്കു ബദ്ധപ്പെട്ടുചെന്ന് ലഹള അവസാനിക്കുന്നതുവരെ പാറാവുകാരായി പ്രവര്‍ത്തിക്കുന്നു.’ ജന്മി-കുടിയാന്‍ ബന്ധത്തെക്കുറിച്ച് വിന്‍ടര്‍ ബോത്തം പറയുന്നു; ‘ലഹള നടന്ന പ്രദേശങ്ങളിലെ മാപ്പിള കുടിയാന്മാരുടെ ഇടയില്‍ ഞാന്‍ നടത്തിയ അന്വേഷണം ഹിന്ദു ജന്മികളാവട്ടെ കാണംദാര്‍മാരാകട്ടെ കുടിയാന്മാരെ പരക്കെ ദ്രോഹിച്ചിരുന്നുവെന്നോ, അവരില്‍ നിന്ന് അമിതമായ പാട്ടം പിരിച്ചുവെന്നോ തെളിയിക്കുന്നില്ല.’ ഏറനാട്ടിലെ ചെമ്പ്രശേരി, തുവൂര്‍ മുതലായ സ്ഥലങ്ങളിലെ സ്ഥിതി അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: ‘നെല്‍കൃഷി നടത്തുന്ന പാടങ്ങള്‍ ഏകദേശം മുഴുവന്‍ വെറും പാട്ടക്കാരുടെ കൈവശമാണ്. ചെമ്പ്രശേരിയിലും തൂവൂരിലും ഇരുവിളയെടുക്കുന്ന ഭൂമിക്ക് വിത്തിന്റെ പത്തിരട്ടിയാണ് സാധാരണ പാട്ടം. രണ്ടു വിളയ്ക്കും കൂടി മൊത്തം വിളവ് വിത്തിന്റെ 20 ഇരട്ടിയില്‍ കുറയുവാന്‍ തരമില്ല. അതുകൊണ്ട് കുടിയാന് കിട്ടുന്നത് വിളഞ്ഞ ധാന്യത്തിന്റെ പകുതിയും മുഴുവന്‍ വൈക്കോലും ആകുന്നു. കിഴക്കന്‍ ജില്ലകളില്‍ (തമിഴ്‌നാട്ടില്‍) ഇത്ര വലിയ ഓഹരി കുടിയാന്മാര്‍ക്ക് ലഭിക്കുന്നത് വളരെ അപൂര്‍വമാണ്…. ഈ രണ്ട് അംശങ്ങളിലെ അധികാരിമാര്‍ പറഞ്ഞത് അവരുടെ അംശങ്ങളില്‍ കൃഷിഭൂമിക്ക് ഏക്കറിന്നു 2ക.യിലധികം നികുതി ഇല്ലെന്നാണ്. ഈ നികുതി ഗവര്‍മ്മെണ്ടിലേക്ക് അടയ്ക്കുന്നത് ഉദ്യോഗസ്ഥനുമാണ്. കുടിയാന്മാര്‍ അവരുടെ കുടിയിരിപ്പിന്നു കൊല്ലംതോറും കൊടുക്കുന്നത് നാമമാത്രമായ ഒരു വാടകയാണ്- ഒരു ‘ഒരു പുതിയ പണം’ (4 അണ 7 പൈസ- ഇപ്പോഴത്തെ 27 1/2 പൈസ)’. ജന്മികള്‍ ഭാരിച്ച പാട്ടം പിരിച്ചു കുടിയാന്മാരെ ദ്രോഹിച്ചുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. വാസ്തവത്തില്‍ കുടിയാന്മാരെ ഒഴിപ്പിക്കുന്നത് അപൂര്‍വ സംഭവങ്ങളായിരുന്നു. വല്ലപ്പോഴും ഇതു നടന്നിട്ടുണ്ടായിരുന്നുവെങ്കില്‍ മുഖ്യമായ കാരണം ജന്മിമാരുടെ ഇടയില്‍ ഉത്ഭവിച്ച അവകാശത്തര്‍ക്കങ്ങള്‍ ആയിരുന്നു.
മാപ്പിളലഹള കുടിയാന്മാര്‍ സഹിക്കേണ്ടിവന്ന കഷ്ടപ്പാടില്‍ നിന്നുത്ഭവിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്ന വേറൊരു സംഗതികൂടിയുണ്ട്. ‘മേല്‍ചാര്‍ത്തും കുടിയിറക്കലും സംബന്ധിച്ച വിവരങ്ങള്‍ റജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്റെയും, ഏറനാട് വള്ളുവനാട് മുന്‍സിഫുമാരുടെയും ആഫീസുകളില്‍ നിന്നു ശേഖരിക്കുവാന്‍ ഞാന്‍ ശ്രമിച്ചു. ഈ വാദത്തെ സാധൂകരിക്കുവാന്‍ ഉപയോഗിക്കാവുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. മഞ്ചേരി അംശത്തില്‍ 1895ല്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത മേല്‍ചാര്‍ത്തുകളുടെ എണ്ണം 17 ആയിരുന്നു. ഇതില്‍ 10 മേല്‍ചാര്‍ത്തുകളില്‍ ആദ്യത്തെ കാണക്കാര്‍ ഹിന്ദുക്കളായിരുന്നു. ഇരുമ്പുഴി അംശത്തില്‍ ഈ അഞ്ചു കൊല്ലങ്ങളില്‍ മുന്നു മേല്‍ചാര്‍ത്താധാരങ്ങളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പയ്യനാട്ടില്‍ ആറ്, പാണ്ടിക്കാട്ടില്‍ ഏഴ്. മേല്‍ചാര്‍ത്ത് സമ്പ്രദായം അധികവും മാപ്പിള, കുടിയാന്മാരുടെ കൈവശമുള്ള ഭൂമി അപഹരിക്കുവാന്‍ മതവിദ്വേഷത്തോടുകീടി ജന്മികള്‍ സ്വീകരിച്ച ഒരുപായമായിരുന്നില്ലെന്ന് കാണിക്കുന്നു. ഹ്യുഎറ്റ്‌സണ്‍ രേഖപ്പെടുത്തിയതുപോലെ, ‘മാപ്പിളമാര്‍ക്ക് പ്രത്യേകമായി യാതൊരുപദ്രവത്തെപ്പറ്റിയും ആവലാതിപ്പെടാനില്ല. അനുഭവത്തില്‍ ജന്മികള്‍ ഹിന്ദുക്കളായ കുടിയാന്മാരോടു കാണിക്കുന്നതിലും കൂടുതല്‍ സൗമനസ്യത്തോടെയാണ് മാപ്പിള കുടിയാന്മാരോട് പെരുമാറുന്നത്’. സാമാന്യമായി പറഞ്ഞാല്‍ മാപ്പിള കുടിയാന്മാരും അവരുടെ ജന്മികളും തമ്മിലുള്ള ബന്ധം വളരെ തൃപ്തികരമായിരുന്നു. ലഹളയില്‍ പങ്കെടുത്ത കുടിയാന്മാര്‍ക്കുപോലും അവരുടെ ഹിന്ദു ജന്മികളെ സംബന്ധിച്ചു സാരമായി വല്ല ആക്ഷേപവും ഉണ്ടായിരുന്നുവെന്നു പറയുന്നത് കെട്ടുകഥകളുടെ സാങ്കല്‍പികലോകത്തില്‍ വിഹരിക്കലായിരിക്കും.
ലഹളയില്‍ പങ്കെടുത്തവരുടെ സ്വഭാവം, ലഹള നടന്ന കാലത്തെ അവരുടെ പെരുമാറ്റം അവര്‍ ചെയ്ത വിവേചനാശൂന്യമായ ബീഭത്സകൃത്യങ്ങള്‍, ലഹള ഒതുക്കിയ ചരിത്രം, ലഹളയെ പറ്റി ഗവര്‍മ്മെണ്ട് ഉദ്യോഗസ്ഥന്മാര്‍ ശേഖരിച്ച രേഖകള്‍ ഇവയെല്ലാം സസൂക്ഷ്മം പരിശോധിച്ചാല്‍ ഈ നിര്‍ഭാഗ്യവാന്മാരെ അതിഘോരമായ ദുര്‍ഷ്‌കര്‍മങ്ങള്‍ ചെയ്യുവാന്‍ പ്രചോദിപ്പിച്ചത്. സ്വര്‍ഗത്തില്‍ പോയി മനകല്പിതമായ സുഖങ്ങള്‍ അനുഭവിക്കാമെന്ന വ്യാമോഹമായിരുന്നുവെന്ന് വ്യക്തമാകും. അവരുടെ ഉദ്ദേശ്യം ഒരിക്കലും ദ്രവ്യലാഭമായിരുന്നില്ല. ഈ സമുദായ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ അവരുടെ ആത്മീയോപദേശങ്ങള്‍ വിശ്വസിപ്പിച്ചത്, അവര്‍ പോരാട്ടത്തില്‍ മരിക്കണമെന്നും യുദ്ധം ചെയ്തു ‘സയിദ്’ പദവി സമ്പാദിച്ചാല്‍ വമ്പിച്ച ഗുണങ്ങള്‍ നേടാമെന്നുമായിരുന്നു. ഈ പ്രസ്ഥാനവുമായി ചിലവിധത്തില്‍ ബന്ധപ്പെട്ടവര്‍ നല്‍കിയ തെളിവുകള്‍ ഈ ആശയത്തെ തറപ്പിച്ചു പറയുന്നു.
‘സ്വര്‍ഗം നേടാന്‍’
മാപ്പിള ലഹളകളില്‍ എപ്പോഴും പ്രത്യക്ഷപ്പെടുന്നത് സമത്വത്തെ സംബന്ധിച്ച അമിത ഭക്തിയും ഇതരമതങ്ങളെ സംബന്ധിച്ച അസഹിഷ്ണുതയും ആകുന്നു. വിന്‍ടര്‍ ബോത്തം പറയുന്നതുപോലെ, ‘1894-ലെ ലഹളപോലെയുള്ള സ്‌ഫോടനങ്ങള്‍ കുടിയാന്‍ നിയമപരിഷ്‌കാരം കൊണ്ടുമാത്രം നിര്‍ത്താന്‍ കഴിയാത്ത മതഭാന്തില്‍ നിന്ന് ഉത്ഭവിക്കുന്നവയാണെന്നുമാത്രം ഞാന്‍ വൈമനസ്യത്തോടെ അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം ഗണ്യമായി അഭിവൃദ്ധിപ്പെട്ടാല്‍ മതഭ്രാന്തന്മാര്‍ ഉണ്ടാകയില്ല. പക്ഷേ ദാരിദ്ര്യം നമ്മുടെ കൂടെ എല്ലായ്‌പോഴും എല്ലായിടത്തും ഉണ്ട്. ലഹളകള്‍ പൊട്ടിപ്പുറപ്പെടുന്ന പ്രദേശങ്ങളില്‍ നിര്‍ധനരായ മാപ്പിളമാര്‍ ധാരാളമായി ഉള്ള കാലത്തോളം ആവശ്യമുള്ളപ്പോഴെല്ലാം കലാപം സൃഷ്ടിക്കുവാന്‍ എന്തെങ്കിലും കാരണം പ്രത്യക്ഷപ്പെടും.’ ഹിന്ദുക്കളെയും അവരുടെ സ്വത്തും, സ്ഥാപനങ്ങളും, ക്ഷേത്രങ്ങളും നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചു നടത്തിയ ദാരുണമായ അപരാധങ്ങള്‍ക്ക് പ്രബലമായ പ്രചോദനം അകാരണമായ മതഭ്രാന്തുതന്നെയായിരുന്നു. അല്ലെങ്കില്‍ വധിക്കപ്പെടുകയോ അംഗഭംഗം അനുഭവിക്കേണ്ടിവരികയോ ചെയ്ത ഹിന്ദുക്കളോടു പ്രത്യേകിച്ചു യാതൊരു വിദ്വേഷവുമില്ലാത്ത അനവധി മുസ്ലീങ്ങള്‍ ലഹളക്കാരുടെ കൂടെ ചേര്‍ന്നതിന്നു കാരണം കാണുന്നില്ല. അവിശ്വാസികളായ ഹിന്ദുക്കളെ വെറുക്കുകയും അവരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു മൃതിയടയുകയും ചെയ്യുന്നത് മതധര്‍മമാണെന്നും അതു സ്വര്‍ഗമഹിമ കരസ്ഥമാക്കുവാന്‍ സുദൃഢമായ മാര്‍ഗമാണെന്നും ലഹളക്കാരില്‍ പലരേയും യഥാക്രമം നിഷ്‌കര്‍ഷിച്ചു പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ചിലര്‍ ലഹളയില്‍ ചേര്‍ന്നത് താല്‍ക്കാലികമായ ക്ഷോഭത്തിന്നധീനപ്പെട്ടിട്ടും ആയിരുന്നുവെന്നു തോന്നു. 1896-ലെ കലാപത്തില്‍ മഞ്ചേരി ക്ഷേത്രപരിസരത്ത് വച്ചു മൃതിയടഞ്ഞവരില്‍ 12 വയസുമാത്രം പ്രായമായ ഒരു കുട്ടിയും ഉണ്ടായിരുന്നു. അവന്‍ വയലില്‍ എള്ള് ഉണക്കിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നുണ്ടായ ഒരു ആവേശം അവനെ ലഹളക്കാരുടെ സംഘത്തിലേക്ക് നയിച്ചതായിരുന്നു.
അപരാധികളില്‍ ബഹുഭൂരിഭാഗവും സമുദായത്തിലെ ഏറ്റവും താണപടിയിലുള്ളവരായിരുന്നുവെന്നു സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് യാതൊന്നും നഷ്ടപ്പെടുവാനുണ്ടായിരുന്നില്ല. രക്തസാക്ഷികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട മഹിമയായിരുന്നു അവരെ വശീകരിച്ചത്. അതുകൊണ്ട് ജീവനെ ബലിയര്‍പ്പിച്ച ക്രോധാകുലരായ വമ്പിച്ച ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് അവരുട ഇടയില്‍ താണപടിയിലുള്ളവരെ നിര്‍ഭാഗ്യവശാല്‍ കീഴടക്കിയത് മതഭ്രാന്തിന്റെ ശക്തിമാത്രമായിരുന്നു. കാഫര്‍മാരുമായുള്ള സംഘര്‍ഷത്തില്‍ ജീവത്യാഗം ചെയ്താല്‍ അവര്‍ക്ക് സ്വര്‍ഗത്തിലെ സുഖഭോഗങ്ങള്‍ അനുഭവിക്കാമെന്നും ഭൂമിയില്‍ അവരുടെ കീര്‍ത്തി എന്നും സ്മരിക്കപ്പെടുമെന്നും ഭൂമിയില്‍ അവരുടെ കീര്‍ത്തി എന്നും സ്മരിക്കപ്പെടുമെന്നും ഉള്ള ദൃഢവിശ്വാസം അവിശ്വാസികളുടെ നേരെയുള്ള ഏതു സാഹസകൃത്യത്തിനും അവരെ സന്നദ്ധരാക്കി.
ഈ മതഭ്രാന്തന്മാരെപ്പറ്റി ഓര്‍മിക്കേണ്ടതായ വേറൊരു കാര്യം, അവരില്‍ അനേകം പേര്‍ നിഷ്ഠുരകൃത്യങ്ങള്‍ നടത്തിയത് അവരുടെ സ്വദേശത്തായിരുന്നില്ല എന്നതാണ്. മതയുദ്ധത്തില്‍ ചേരുവാന്‍ അവര്‍ വിദൂരസ്ഥലങ്ങളിലെ കുറ്റിക്കാടുകളില്‍ എത്തിച്ചേര്‍ന്നു. ഇതിന്റെ അര്‍ഥം ഒരു സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട ലഹളയ്ക്ക് ആ സ്ഥലത്തെ സംബന്ധിച്ച പ്രത്യേകകാരണങ്ങള്‍ വേണമെന്നില്ല എന്നതായിരുന്നു. കുടിയായ്മ വ്യവസ്ഥയെക്കുറിച്ചുള്ള അസംതൃപ്തി ഇത്തരം കലാപങ്ങളെ ത്വരിതപ്പെടുത്തിയതായി വിചാരിക്കുവാന്‍ അധികം ന്യായം കാണുന്നില്ല. അവയുടെ പിന്നില്‍ പ്രാദേശികമല്ലാത്ത മതപരമായോ വികാരപരമായോ ഉള്ള കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. അവിശ്വാസികള്‍ക്ക് മുമ്പാകെ ജീവനോടെ കീഴടങ്ങുന്നതിനേക്കാള്‍ യുദ്ധത്തില്‍ മരണം വരിക്കുവാനോ ആത്മഹത്യചെയ്യുവാനോ ആയിരുന്നു ലഹളക്കാര്‍ ഇഷ്ടപ്പെട്ടത് എന്ന യാഥാര്‍ഥ്യം അവരെ ആവേശം കൊള്ളിച്ചത് മതവികാരമായിരുന്നുവെന്നതിന് തെളിവാണ്. ‘ലഹളക്കാരുടെ ഇടയില്‍ ഓരോരുത്തരും പട്ടാളക്കാരുമായി കൈയോടുകൈയ് യുദ്ധം നടത്തുവാനും എതിരാളിയുടെ ജീവന്നുപകരം സ്വന്തം ജീവന്‍ വിലയായി കൊടുക്കുവാനും തരം നോക്കിയിരുന്നത് തടസപ്പെടുത്തുവാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ പരിശ്രമം പരാജയപ്പെട്ടു.’ ഈ അഭിപ്രായം തന്നെയാണ് വിന്‍ടര്‍ ബോത്തമിനും ഉണ്ടായിരുന്നത്. ‘ഒരു സംഘം മാപ്പിള മതഭ്രാന്തന്മാര്‍ കീഴടങ്ങുവാന്‍ സമ്മതിച്ചതായോ അത്തരം സംഘത്തിലെ ഒരു വ്യക്തി മുറിയേല്‍ക്കാതെ പിടിത്തപ്പെട്ടതായോ ഒരു ഉദാഹരണം കണ്ടുപിടിക്കുവാന്‍ ഒരു നൂറ്റാണ്ടിലെ രേഖകളെല്ലാം പരിശോധിച്ചാലും ആ ശ്രമം വിഫലമായിരിക്കും.’ ഇതെല്ലാം സ്ഥാപിക്കുന്നത് ഈ ലഹളകള്‍ മതഭ്രാന്തിന്റെ വിസ്‌ഫോടനം മാത്രമായിരുന്നുവെന്നതാണ്.
രാഷ്ട്രീയോദ്ദ്യേശമില്ല
ഇതുപോലെത്തന്നെ മാപ്പിള ലഹളകളെ ബ്രിട്ടീഷ് ഭരണത്തിന്നെതിരായ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ അവ്യക്തമായ ആരംഭമായി വ്യാഖ്യാനിക്കുവാനുള്ള ശ്രമവും കേവലം നിഷ്ഫലമാകുന്നു. മതഭ്രാന്തന്മാര്‍ ഗവര്‍മെണ്ടുമായി ഇടഞ്ഞത് അശരണരായ ഹൈന്ദവജനതയ്ക്കും അവരുടെ സ്വത്തിനും ദേവാലയങ്ങള്‍ക്കും ഗവര്‍മെണ്ട് രക്ഷാവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു. രാഷ്ട്രീയമായ ദാര്‍ഢ്യം അവര്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ സ്വമതാസക്തി ബുദ്ധിയെ അധീനപ്പെടുത്തി, അവരെ ഭ്രാന്ത് പിടിപ്പിച്ചു. അതുകൊണ്ട് ഈ സാഹസികസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ആദ്യകാലത്തെ സ്വാതന്ത്ര്യസമരയോദ്ധാക്കളുടെ പരിപാടികളുമായി സമീകരിക്കുന്നത് അക്രമമായിരിക്കും. ഒന്നാമത് മാപ്പിള ലഹളക്കാര്‍ക്ക്് രാഷ്ട്രീയ സ്വാതന്ത്ര്യമെന്താണെന്നുതന്നെ നിശ്ചയമുണ്ടായിരുന്നില്ല. അതിനെപ്പറ്റി അവര്‍ക്ക് വല്ല സങ്കല്‍പവുമുണ്ടായിരുന്നുവെങ്കില്‍ അത് മതവിരോധികളായ ഹിന്ദുക്കളുമായി നടത്തേണ്ട യുദ്ധത്തെ സംബന്ധിച്ച് മാത്രമായിരുന്നു. ഇത് തെളിയിത്തുവാന്‍ ആ കാലത്തെ രേഖകള്‍ ധാരാളമുണ്ട്. മാപ്പിളമാരുടെ ഇടയില്‍ ഉടലെടുത്ത ഓരോ പ്രക്ഷോഭത്തിന്റെയും പിന്നില്‍ കാണുന്നത് അവരുടെ മതത്തെ അപമാനിച്ചുവെന്ന ആക്ഷേപമായിരുന്നു. (ഇത് വാസ്തവമോ ഊഹമോ ആയിരിക്കാം). 1874-ലെ ലഹളയ്ക്ക് കാരണം ഒരു നായര്‍ വെളിച്ചപ്പാടിന്റെ കല്‍പനയായിരുന്നു. ഇതില്‍ നിന്നെല്ലാം അനുമാനിക്കേണ്ടത് 19-ാം ശതാബ്ദത്തിലെ മാപ്പിളലഹളകള്‍ പ്രധാനമായി സാമുദായിക ലഹളകളായിരുന്നുവെന്നാണ്. ഈ ലഹളകളില്‍ മതഭ്രാന്തന്മാര്‍ക്ക് ഹിന്ദുക്കളോട് എന്തും ചെയ്യാമെന്ന നിലയായിരുന്നു ഉണ്ടായിരുന്നത്. ഇതിന്നു വിന്‍ടര്‍ ബോത്തം വാഗ്ചാതുര്യത്തോടുകൂടി സാക്ഷ്യം വഹിക്കുന്നു: ‘ഒരുകൂട്ടം മാപ്പിള മതഭ്രാന്തന്മാര്‍ പോരിന്നു വരുന്നുണ്ടെന്നറിഞ്ഞാല്‍ ഹിന്ദുക്കളുടെ ഇടയിലുള്ള എല്ലാ വിഭാഗക്കാരിലും ഉണ്ടാകുന്ന നിന്ദ്യമായ ഭയവിഹ്വലത അവര്‍ണനീയമാണ്. അവരുടെ സ്ഥിതി ലജ്ജാവഹവും ദയനീയവുമാണ്’.
ഒരു ശത്രുസൈന്യത്തിന്റെ ആക്രമണം ഇതിലുമധികം വെപ്രാളവും പരിഭ്രമവും സൃഷ്ടിക്കുകയില്ല. തന്റെയും തന്റെ സ്ത്രീകളുടെയും രക്ഷയ്ക്കായി ഒരു മാപ്പിള മതഭ്രാന്തനെ എതിരിടുവാന്‍ ഒരു ഹിന്ദുവിനും തോന്നുന്നതേയില്ല. ആയുധങ്ങളുണ്ടായിരുന്നവര്‍ അവയെ സൂക്ഷിക്കുവാനായി ഗവര്‍മെണ്ട് ഉദ്യോഗസ്ഥന്മാരെ ഏല്‍പിക്കുകയോ അല്ലെങ്കില്‍ ഒളിപ്പിച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ടായിരിക്കും. സ്വദേശത്തു നിന്ന് പാലായനം ചെയ്യുന്നതിലോ രഹസ്യസങ്കേതങ്ങളില്‍ ഒളിച്ചിരിക്കുന്നതിലോ മാത്രമാണ് അവര്‍ രക്ഷാമാര്‍ഗം കാണുന്നത്. 1849-ലെ കലാപത്തില്‍ ലഹളക്കാരും ഒരു സൈന്യവിഭാഗവുമായി നടന്ന ഏറ്റുമുട്ടലില്‍ ഈ മതഭ്രാന്തന്മാര്‍ പട്ടാളക്കാര്‍ ഒാടിപ്പോയത് ഓര്‍മിക്കുമ്പോള്‍ വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മലമ്പ്രദേശഹ്ങളില്‍ പാര്‍ക്കുന്ന അശരണരായ ബഹുജനങ്ങള്‍ അനുഭവിച്ച സംഭ്രാന്തി ഊഹിക്കാവുന്നതാണല്ലോ.
സ്വര്‍ഗത്തിലെ സുഖത്തിന്നുവേണ്ടി ദാഹിക്കുന്ന ഒരാളെ സംബന്ധിച്ചടത്തോളം കാര്‍ഷികമായ അവശതകള്‍ മതിയായ പ്രകോപനമല്ലെന്ന് ഉറപ്പിച്ചുപറയാം. ‘സെയ്ദാ’ക്കളാകാനായി പടപൊരുതിയവര്‍ക്ക് കാര്‍ഷികപരിഷ്‌കരണം അത്രയൊന്നും ആകര്‍ഷകമായിരിക്കാനും ഇടയില്ല. കലാപകാരികളില്‍ അവശേഷിച്ചവരാരും തന്നെ തന്റെയോ തന്റെ കൂട്ടുകാരുടെയോ ലക്ഷ്യം അതായിരുന്നുവെന്നു പറഞ്ഞിട്ടുമില്ല. അമിതമായ പാട്ടത്തിന്നും കിടിയൊഴിപ്പിക്കലിന്നും എതിരായി ‘പുണ്യയുദ്ധം’ നടത്തുകയെന്നത് ഒരു പന്തികേടായിരിക്കുകയും ചെയ്യും. അതിനാല്‍ ഇത്- കാര്‍ഷികമായ അവശതകള്‍ക്കെതിരായോ കാര്‍ഷിക പരിഷ്‌കാരത്തിന്നു വേണ്ടിയോ ഉള്ള കലാപമാണെന്നത് കപടനാട്യം മാത്രമാണെന്നു വ്യക്തം- അത് പക്ഷേ യഥാര്‍ഥ ലക്ഷ്യം മറച്ചുപിടിക്കാനായിരിക്കണമെന്നില്ല; ലഹളയില്‍ പങ്കെടുത്തവരും ജീവിച്ചിരിക്കുന്നവരുമായവരെ രക്ഷിക്കാന്‍ വേണ്ടിയാവും.
(കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ലേഖകന്‍).
Discussion about this post