ജമ്മു: സംഘശതാബ്ദി പരമവൈഭവ ഭാരതസൃഷ്ടിക്കായുള്ള മഹാപ്രയാണത്തിന്റെ തുടക്കം മാത്രമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നൂറ് വര്‍ഷത്തെ നിശ്ശബ്ദവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനത്തിലൂടെ സ്വയംസേവകര്‍ സമാജത്തെ ഈ യാത്രയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലയിലും രാഷ്ട്രാഭിമുഖമായുള്ള ചിന്ത സൃഷ്ടിക്കാന്‍ ആ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കനാല്‍ റോഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
സംഘത്തിന്റേത് ജൈവികമായ വളര്‍ച്ചയാണ്. അത് രൂപംകൊണ്ട ചരിത്രപശ്ചാത്തലവും ക്രമാനുഗതമായ വികാസവും അക്കാര്യം വ്യക്തമാക്കുന്നതാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. നിത്യനേ നടക്കുന്ന ശാഖകള്‍, സ്വയംസേവകര്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിദ്യാഭ്യാസ, സാമൂഹിക സംരംഭങ്ങള്‍ എന്നിവയിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാന്‍ ആര്‍എസ്എസ് പരിശ്രമിച്ചു. ശക്തവും സ്വാഭിമാനപൂര്‍ണവുമായ ഒരു ഭാരതത്തെ സൃഷ്ടിക്കുകയാണ് സംഘപ്രവര്‍ത്തകര്‍ അതിലൂടെ ചെയ്തത്.

ആത്മവിശ്വാസമുള്ള സമൂഹവും ഈ നാടിന്റെ സാംസ്‌കാരികത്തനിമയില്‍ അഭിമാനമുള്ള ജനങ്ങളുമാണ് രാഷ്ട്രത്തിന്റെ ഉന്നമനത്തിന്റെ കൊടി ഉയര്‍ത്തുന്നത്. എല്ലാ തലമുറകളിലുമുള്ളവരെ സംഘം ഈ ദിശയില്‍ സര്‍ഗാത്മകമായി ഉയര്‍ത്തി. എല്ലാത്തരം വിവേചനങ്ങളെയും മറികടന്ന് സമൂഹത്തെ ഒരുമിക്കേണ്ടതിന്റെയും പരിസ്ഥിതി, കുടുംബമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കേണ്ടതിന്റെയും അനിവാര്യത സമൂഹം തിരിച്ചറിയണം. ഓരോ പൗരനും രാഷ്ട്രനിര്‍മ്മാണത്തിനായി സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സംഘശതാബ്ദി രാഷ്ട്രവൈഭവത്തിലേക്കുള്ള സുദീര്‍ഘ യാത്രയിലെ പ്രധാന നാഴികക്കല്ലാണ്. സമാജത്തിനും രാഷ്ട്രത്തിനുംവേണ്ടി കൂടുതല്‍ സമര്‍പ്പണഭാവത്തോടെ മുന്നോട്ടുപോകേണ്ട കാലമാണിത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
റിട്ട. ചീഫ് ജസ്റ്റിസ് താഷി റബ്സ്ഥാന്‍ മുഖ്യാതിഥിയായി. പ്രാന്ത സംഘചാലക് ഡോ. ഗൗതം മൈംഗി, വിഭാഗ് സംഘചാലക് സുരീന്ദര്‍ മോഹന്‍ എന്നിവരും പങ്കെടുത്തു.















Discussion about this post