ബെംഗളൂരു: ആര്‍എസ്എസ് പഥസഞ്ചലനം നിരോധിക്കാനിറങ്ങിത്തിരിച്ച പ്രിയങ്ക് ഖാര്‍ഗെയുടെ തട്ടകത്തിലടക്കം കര്‍ണാടകത്തിലുടനീളം നടന്നത് 518 പഥസഞ്ചലനങ്ങള്‍. സംഘശതാബ്ദിക്ക് തുടക്കം കുറിച്ച് വിജയദശമി മഹോത്സവങ്ങളുടെ ഭാഗമായി നടന്ന പഥസഞ്ചലനങ്ങളെക്കുറിച്ച് നിയമസഭയിലുയര്‍ന്ന ചോദ്യത്തിന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര നല്കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. സംസ്ഥാനത്ത് 518 പഥസഞ്ചലനങ്ങള്‍ നടന്നെന്നും ഒരിടത്തും അക്രമമോ കലാപമോ ഉണ്ടായില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രസ്താവിച്ചു.
കാര്‍ക്കള ബിജെപി എംഎല്‍എ വി. സുനില്‍ കുമാറിന് രേഖാമൂലമാണ് ആഭ്യന്തരമന്ത്രി മറുപടി നല്കിയത്. ബെംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ സഞ്ചലനങ്ങള്‍ നടന്നത്, 97, അതില്‍ 30,233 സ്വയംസേവകര്‍ പങ്കെടുത്തുവെന്ന് പരമേശ്വര അറിയിച്ചു. ഖാര്‍ഗെയുടെ തട്ടകമായ കലബുറഗിയാണ് രണ്ടാം സ്ഥാനത്ത്. അവിടെ 51 പഥസഞ്ചലനങ്ങളിലായി 7,235 സ്വയംസേവകര്‍ പൂര്‍ണഗണവേഷത്തില്‍ പങ്കെടുത്തു.
വിജയദശമി പഥസഞ്ചലനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് ഒക്‌ടോബര്‍ ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയത്. ഇതേത്തുടര്‍ന്ന് ഏതെങ്കിലും സ്വകാര്യ സംഘടനയോ ഒരു കൂട്ടം വ്യക്തികളോ സര്‍ക്കാര്‍ സ്വത്തോ സ്ഥലങ്ങളോ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ആര്‍എസ്എസിനെ പ്രത്യേകം പരാമര്‍ശിച്ചിരുന്നില്ലെങ്കിലും പഥസഞ്ചലനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാനാവും വിധമുള്ള വ്യവസ്ഥകള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.













Discussion about this post