റാഞ്ചി(ഝാര്‍ഖണ്ഡ്): ധാര്‍മ്മിക ഉണര്‍വ് ചുമതലയായി സമൂഹം ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നമ്മള്‍ ജനിച്ചുവീഴുന്ന കുടുംബമോ ജാതിയോ നമ്മുടെ നിയന്ത്രണത്തിലല്ല, പിന്നെ എന്തിനാണ് ജാതീയത? ഒരു ജാതിയും താഴ്ന്നതോ ഉയര്‍ന്നതോ ആയി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സദ്ഭാവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
മതപരിവര്‍ത്തനം, ഡിജെ സംസ്‌കാരം, മദ്യം എന്നിവ ഗോത്രവര്‍ഗമേഖലയെ ബാധിച്ചിരിക്കുന്ന വിപത്തുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ലഘുവായി കാണാനാവില്ല. നിരക്ഷരതയും ദാരിദ്ര്യവും മുതലെടുത്താണ് ഇത് നടക്കുന്നത്. എല്ലാവരും ഒന്നെന്ന ഭാവന വളര്‍ത്തി സമൂഹം അതിനെ നേരിടണം. തൊട്ടുകൂടായ്മയും ജാതി വിവേചനവും പൂര്‍ണമായി ഇല്ലാതാക്കണം. പാരമ്പര്യത്തെക്കുറിച്ച് അഭിമാനിക്കുകയും അതിലുറച്ചുനില്‍ക്കുകയും വേണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

കുടുംബവ്യവസ്ഥ ഭദ്രമാക്കേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്. സോഷ്യല്‍മീഡിയയുടെ മോശം സ്വാധീനത്തില്‍ നിന്ന് മോചനം നേടാന്‍ കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുനല്കണം. നല്ല വശങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ പഠിക്കുകയും വേണം. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് വണങ്ങാനുള്ള മനോഭാവം സൃഷ്ടിക്കും. വിനയമുള്ള തലമുറയെ സൃഷ്ടിക്കാന്‍ അതിലൂടെ കഴിയും.
സമൂഹത്തെ സേവിക്കുകയും ജനക്ഷേമപദ്ധതികള്‍ അവസാനത്തെ വ്യക്തിയിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. പിന്നാക്കം പോയ സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം. ആരും ഒറ്റപ്പെട്ടുപോവുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന് ദത്താത്രേയ ഹൊസബാളെ ഓര്‍മ്മിപ്പിച്ചു.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദുരവസ്ഥ ഇന്നൊരു രഹസ്യമല്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ ഇവിടെയുമുണ്ട്. എസ്ഐആര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വിവിധ ഹിന്ദുസംഘടനകളില്‍ നിന്നായി അറുന്നൂറോളം പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്നുനടന്ന സംന്യാസ സമ്മേളനത്തിലും ദത്താത്രേയ ഹൊസബാളെ പങ്കെടുത്തു.

















Discussion about this post