തിരുനാവായ: പുണ്യ സ്നാനത്തിന്റെ അനുഭൂതിയോടൊപ്പം അറിവും ശാസ്ത്രവിചാരവും പകര്‍ന്ന് വിദ്വത്സഭ. കേന്ദ്ര സംസ്‌കൃത സര്‍വകലാശാല, അമൃതവിശ്വവിദ്യാപീഠം, എന്‍ഐടി കോഴിക്കോട്, മാധവഗണിത കേന്ദ്രം എന്നിവയുമായി സഹകരിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം സംഘടിപ്പിച്ച വിദ്വത്സഭയില്‍ പങ്കെടുത്തത് പ്രമുഖര്‍. കേരളത്തിന്റെ സാംസ്‌കാരിക ജ്ഞാന പൈതൃകത്തില്‍ നിളയുടെ പാരമ്പര്യവും മഹത്വവും വിളിച്ചോതുന്നതായിരുന്നു ഇന്നലെ നടന്ന വിചാരസത്രങ്ങള്‍. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. കെ.കെ. ഷൈന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹന്‍ജി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബ്രഹ്‌മര്‍ഷി മോഹന്‍ജി വിദ്വത്സഭ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്‌കാരിക അടിവേരുകളെകുറിച്ചുള്ള അവബോധം പുതിയ തലമുറയില്‍ സൃഷ്ടിക്കുകയാണ് വര്‍ത്തമാനകാല ഉത്തരവാദിത്വമെന്ന് മോഹന്‍ജി പറഞ്ഞു. പൈതൃകത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാരതം മാത്രമാണ് മോക്ഷത്തെ നിര്‍വ്വചിക്കുകയും അതിനുള്ള വഴി കണ്ടെത്തുകയും ചെയ്ത ഏക രാജ്യം. നമ്മുടെ ശക്തിയും ഊര്‍ജ്ജവുമാണത്. ഭാരതം ലോകത്തിന് സ്വീകാര്യമാകുന്നത് അതിന് പ്രത്യേകമായി ചിലത് ലോകത്തോട് പറയാനുണ്ട് എന്നുള്ളതുകൊണ്ടാണ്. ധൈര്യത്തോടെയും വ്യക്തതയോടെയും അത് പ്രകടിപ്പിക്കാനാകണം. പുതിയ തലമുറ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും. മൂല്യങ്ങള്‍ ജീവിച്ചുകാണിക്കുന്ന അനുഭവം അവര്‍ക്കു മുന്നിലുണ്ടാകണം. അതിന് സമൂഹത്തിന് ഉത്തരവാദിത്വമുണ്ട,് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പൈതൃകം തകര്‍ക്കാനായിരുന്നു ബ്രിട്ടീഷുകാര്‍ ക്ഷേത്രങ്ങള്‍ കൈയടക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷവും സര്‍ക്കാരുകളുടെ മനോഭാവത്തില്‍ മാറ്റമുണ്ടായില്ല. ക്ഷേത്രത്തിന്റെ ദ്രവ്യത്തിലാണ് അവരുടെ കണ്ണ്. സംസ്‌കാരത്തിന്റെ നട്ടെല്ലായ ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക സാംസ്‌കാരിക വിജ്ഞാന കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേളകളും മഹാമാഘങ്ങളും ജ്ഞാനസംസ്‌കൃതിയുടെ കേന്ദ്രങ്ങളായിരുന്നുവെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം ചടങ്ങുകള്‍ ശാസ്ത്രസംവാദത്തിന്റേതായിരുന്നു. പുതിയ ആശയങ്ങളുടെയും ഗ്രന്ഥങ്ങളുടെയും പ്രാമാണികത വിലയിരുത്തിയത് ഇത്തരം ജ്ഞാനസംഗമങ്ങളിലാണ്. ശാസ്ത്ര വിചാരത്തിലൂടെ പ്രതിഷ്ഠിതരായ അധികാരികള്‍ മാര്‍ഗദര്‍ശനം നല്‍കിയത് ഇത്തരം ചടങ്ങുകളിലാണ്. സംസ്‌കൃതിയെ ഉണര്‍ത്താനുള്ള ജ്ഞാനസ്നാനമാണ് മഹാമാഘത്തിന്റെ മറ്റൊരു സവിശേഷത. ഇച്ഛയും ജ്ഞാനവും കര്‍മ്മവും സംയോജിക്കുന്ന കേന്ദ്രങ്ങളാണിത്. പുതിയ കേരളത്തിനായുള്ള മഹത്സംരംഭമാണ് മഹാമാഘം അദ്ദേഹം പറഞ്ഞു.
മാധവഗണിത കേന്ദ്രം ഡയറക്ടര്‍ എ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. വെളിച്ചത്തിന്റെ നാട് എന്നതില്‍ നിന്നാണ് ഭാരതപ്പുഴയുടെ തീരമായ വെട്ടത്ത് നാട് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ജ്ഞാന പൈതൃകത്തിന്റെ കേന്ദ്രമാണ് നിളയും തിരുനാവായയും. ആദ്ധ്യാത്മിക ശാസ്ത്രവും ആധുനിക ശാസ്ത്രവും സമന്വയിക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ജ്ഞാന പൈതൃകത്തിന്റെ പുനരുജ്ജീവനത്തിലൂടെ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വികാസ കേന്ദ്രം മേഖലാ കോ – ഓര്‍ഡിനേറ്റര്‍ ബി.കെ. പ്രയേഷ് കുമാര്‍ സ്വാഗതവും ഡോ. ജിതിന്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
കളരി വിഷയത്തില്‍ നടന്ന വിദ്വത് സഭയില്‍ പ്രൊഫ. കെ. വിജയകുമാര്‍, കൃഷ്ണദാസ് ഗുരുക്കള്‍, ഡോ. ഇന്ദുചൂഡന്‍, ജിതിന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.















Discussion about this post