കൊച്ചി: മനുഷ്യത്വമാണ് നമ്മെ മനുഷ്യരാക്കുന്നത്. നമ്മുടെ സഹജീവികളോടുള്ള വിധേയത്വമാണ് മനുഷ്യത്വമെന്നും കേരളാ ആരോഗ്യ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍. എറണാകുളം ബിടിഎച്ചില്‍ നടന്ന സക്ഷമ പ്രൊഫഷണല്‍ മീറ്റ് അപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഗണ്യമായൊരു ജനസംഖ്യ ദിവ്യാംഗരാണ്. എന്നാല്‍ നാം ഇന്നും ഉള്ക്കൊള്ളലിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ദിവ്യാംഗരെ വീട്ടിലെ ഇരുട്ടുമുറികളില്‍ നിന്ന് മുന്പിലെ വരാന്തയിലേക്ക് കൊണ്ടുവരുന്നത് വരെ നമ്മള് പുരോഗതി കൈവരിച്ചിട്ടുണ്ട്. സമൂഹത്തിലെ ദിവ്യാംഗരെ പരിചരിക്കുന്നതിനായി ഒരു സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി വിവിധ മേഖലയിലുള്ള പ്രൊഫഷണലുകളും സക്ഷമപോലുള്ള സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞു.
സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ബാലചന്ദ്രന് മന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.ആര്. ഹരിദാസ്, കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജ് ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ആര്.ജെ. ധനേഷ് കുമാര്‍, സക്ഷമ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. ആശ ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തമിഴ്നാട്ടിലെ പ്രശസ്തനായ സാമൂഹിക സേവകന് ആര്. ശിവയെ പരിപാടിയില്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ആദരിച്ചു.
പ്രൊഫഷണല്‍ മീറ്റ് അപ്പിന്റെ വിവിധ സെക്ഷനുകളില്‍ ഡോ. പി.എ. സുരേഷ്, ആസൂത്രണ കമ്മിഷന് മുന്‍ അംഗം ജി. വിജയരാഘവന്, ഡോ. റോഷന് ബിജിലി കെ.എന്‍, ഡോ. സുജ കെ. കുന്നത്ത്, ഡോ. മരിയ ഗ്രേസ് തെരേസ തുടങ്ങിയവര്‍ ഭിന്നശേഷി മേഖലയിലെ വിവിധ മാറ്റങ്ങളെക്കുറിച്ചും റിഹാബിലിറ്റേഷനെക്കുറിച്ചും വിഷയങ്ങള്‍ അവതരിപ്പിച്ചു.
കെ.ആര്. രഘുനന്ദന് നായര്‍, അനിത നാരായണന്, ഡോ. ശങ്കര്‍ പ്രശാന്ത് മൂസത്, എന്‍. ശ്രീജിത്ത് തുടങ്ങി സക്ഷമ ഭാരവാഹികള്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു. സക്ഷമ അഖിലേന്ത്യ സവിത കണ്‍വീനര്‍ ഡോ. എസ്. ശിവസുബ്രഹ്മണ്യം സമാപന സന്ദേശം നല്കി. സക്ഷമ സംസ്ഥാന ജോ. സെക്രട്ടറി എ.എസ്. പ്രദീപ് കൃതജ്ഞത രേഖപ്പെടുത്തി.













Discussion about this post