പുനലൂർ: രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ വൈചാരിക സദസ്സ് സംഘടിപ്പിച്ചു. ‘സംഘത്തിന്റെ വൈചാരിക അടിത്തറയും വളർച്ചയുടെ പടവുകളും’ എന്ന വിഷയത്തിൽ ആർ.എസ്.എസ് ക്ഷേത്രീയ സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ. പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ആർ.എസ്.എസ് കേവലം ഒരു ശക്തിപ്രകടനമല്ലെന്നും, ദേശീയ ചിന്താധാര വളർത്തുന്നതിനൊപ്പം വ്യക്തിനിർമ്മാണത്തിലൂടെ നവഭാരതത്തെ വാർത്തെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്കും വ്യക്തികളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വൈഭവ ഭാരതത്തിനായുള്ള നൂറുവർഷത്തെ പ്രവർത്തനങ്ങൾ തുടർന്നും വിശ്രമരഹിതമായി തുടരുമെന്നും, സജ്ജനശക്തിയുടെ ജാഗരണം ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
’സംഘ ശതാബ്ദിയും പഞ്ചപരിവർത്തനവും’ എന്ന വിഷയത്തിൽ ദക്ഷിണ കേരള പ്രാന്ത സമ്പർക്ക പ്രമുഖ് സി. സി. ശെൽവൻ വിഷയാവതരണം നടത്തി.
ചടങ്ങിൽ ഡോ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വിഭാഗ് സഹ കാര്യവാഹ് ആർ. ജയപ്രകാശ് സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ് കുമാർ, ജില്ലാ സംഘചാലക് ആർ. ദിവാകരൻ എന്നിവർ പങ്കെടുത്തു. ജില്ലാ സമ്പർക്ക പ്രമുഖ് ടി. ജയപ്രകാശ് നന്ദി രേഖപ്പെടുത്തി. ജില്ലാ സഹ സംഘചാലക് പി. ഉണ്ണികൃഷ്ണൻ, ജില്ലാ കാര്യവാഹ് ജി. പ്രദീപ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.













Discussion about this post