കൊച്ചി: വന്ദേമാതരം പാടരുതെന്ന ഇസ്ലാമിസ്റ്റുകളുടെ ഭീഷണിക്കുമുന്‍പില്‍ കോണ്‍ഗ്രസ് കീഴടങ്ങുകയായിരുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. 1923ലെ കാക്കിനട സമ്മേളനം വരെ കോണ്‍ഗ്രസ് വന്ദേമാതരം പൂര്‍ണമായും പാടിയിരുന്നു. ഈ സമ്മേളനത്തില്‍ വന്ദേ മാതരം പാടരുതെന്ന മൗലാന മുഹമ്മദാലിയുടെ സമ്മര്‍ദ്ദത്തിന് തലകുനിക്കുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആലുവ വൈഎംസി എയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേമാതരത്തിന് എതിരായുള്ളത് ഭാരതത്തിന്റെ ആത്മാവിന് നേരെ നടന്ന മാനസിക കലാപമായിരുന്നു. ഒരു മഹാ രാഷ്ട്രത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ചിലരുടെ പിടിവാശിയില്‍ അടിയറവ് വയ്ക്കുകയായിരുന്നു. ആദ്യമായി വന്ദേ മാതരം പാടിയത് രവീന്ദ്രനാഥ് ടാഗോര്‍ തന്നെയായിരുന്നു.ഭാരതീയ സംസ്‌കൃതി മൂലമാണ് പാശ്ചാത്ത്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തെ ഏകീകരിച്ചത് ബ്രിട്ടീഷുകാരല്ല. ശ്രീശങ്കരാചാര്യരായിരുന്നു. അദ്ദേഹം സ്ഥാപിച്ച നാല് മഠങ്ങള്‍ ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമാണ്. രാഷ്ട്രീയമായി ഭാരതത്തെ ഏകീകരിക്കാന്‍ ശ്രമിച്ചത് ചന്ദ്രഗുപ്തനായിരുന്നു. ഭാരതത്തിന്റെ ദേശീയ ജീവിതത്തെ നിരാകരിക്കാന്‍ സ്വാതന്ത്ര്യാനന്തരം ചില ശക്തികള്‍ ശ്രമിച്ചു. ഭാരതത്തിന്റെ ആദ്ധ്യാത്മിക ശക്തിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഭാരതത്തിന്റെ സ്വത്വത്തെ, കരുത്തിനെ തിരിച്ചറിയാന്‍ കഴിയുമ്പോഴെ ലോകത്തിന് മാതൃകയാവുകയുള്ളു. 1950ന് മുന്‍പ് ഇവിടെ ഒരു ജീവിതമുണ്ടായിരുന്നുവെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. ഭാരതത്തില്‍ മനോഹരമായ വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായിരുന്നുവെന്നും അത് നശിപ്പിച്ചത് ബ്രിട്ടീഷുകാരായിരുന്നുവെന്നും ബ്രിട്ടനില്‍ നടന്ന സമ്മേളനത്തില്‍ സായിപ്പിന്റെ മുഖത്ത്‌നോക്കി പറഞ്ഞത് ഗാന്ധിജിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര ജീവിതത്തില്‍ ജീര്‍ണതയുണ്ടായതും അതിനുശേഷമായിരുന്നു. ഈ ഭൂമിയെ വിശ്വപ്രകൃതിയെ അമ്മയായി കാണുന്ന സങ്കല്‍പ്പമാണ് ഭാരതത്തിന്റേത്. അതാണ് ഭാരതത്തിന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. പല സാഹിത്യ സംഘടനകള്‍ നിര്‍ജീവമായിട്ടും തപസ്യ ജൈത്രയാത്ര തുടരുന്നത് ആദര്‍ശം മുറുകെ പിടിച്ചതുകൊണ്ടായിരുന്നു. ഇതിനെ നയിച്ച മഹാന്‍മാര്‍ക്ക് ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ വേണ്ടെന്ന് വച്ചാണ് അവര്‍ തപസ്യയെ നയിച്ചതെന്നും സഞ്ജയന്‍ പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍, വര്‍ക്കിങ് പ്രസിഡന്റ് എസ്. പ്രേംകുമാര്‍, സം സ്‌കാര്‍ഭാരതി ദേശീയ സമിതി അംഗം ലക്ഷ്മി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

















Discussion about this post