തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമായണ മാസാചരണത്തിന് തുടക്കമായി. സംസ്കൃതി ഭവനിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ആദ്ധ്യാത്മിക പ്രഭാഷകൻ ശരത് എ. ഹരിദാസൻ നിർവഹിച്ചു.
രാമായണം വായിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയതായി ശരത് എ. ഹരിദാസൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഹിന്ദു സമൂഹം ഉണർന്നാൽ മാത്രമേ അതിന് മാറ്റമുണ്ടാവുകയുള്ളു. ഹിന്ദു സമൂഹത്തിലെ കുട്ടികൾക്ക് ആത്മീയ അറിവ് കുറവാണ്. അതുനേടാൻ നമ്മൾ സാഹചര്യങ്ങൾ ഒരുക്കുന്നില്ല. എന്നാൽ മറ്റ് മതങ്ങൾ മതപഠന ശാലകളിൽ മതത്തെ കുറിച്ചും മറ്റും കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നു. പഞ്ഞ മാസത്തിൽ ദുരിതമയമായ ജീവിതത്തിൽ കഴിയുന്നവർക്ക് ആശ്വാസത്തിൻ്റെ പ്രകാശമായാണ് രാമായണപാരായണത്തെ കാണുന്നത്. എന്നാൽ ഇന്ന് എല്ലാവരും സമ്പന്നരാണെങ്കിലും ആത്മീയ സമ്പന്നത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.കെ. സുരേഷ് ബാബു അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം. മോഹനൻ രാമായണ സന്ദേശം നൽകി. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. രാമസ്വാമി, രക്ഷാധികാരി സി.കെ.കുഞ്ഞ്, ഹിന്ദുധർമ്മപരിഷ ത് അധ്യക്ഷൻ എം. ഗോപാൽ, മാതൃസമിതി അധ്യക്ഷ പത്മാവതി അമ്മ, ഉപാധ്യക്ഷ ലക്ഷ്മിപ്രിയ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാമസ്വാമി സ്വാഗതവും സമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണു ഗോപാൽ നന്ദിയും പറഞ്ഞു. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പരിക്രമണ യാത്ര, രാമായണ കലോത്സവം, കുട്ടികൾക്കായുള്ള മത്സരങ്ങൾ, രാമായണ പാരായണ മത്സരങ്ങൾ, ശ്രീരാമ പാദുകാർച്ചന തുടങ്ങി നിരവധി പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ എല്ലാ ശാഖകളും വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് രാമായണ പാരായണവും രാമായണ പ്രഭാഷണവും കർക്കടകം 1 മുതൽ 31 വരെ നടക്കും.













Discussion about this post