കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെയും കോട്ടയം പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭരതൻ അനുസ്മരണം’ ഭരതന്റെ കലാജീവിതത്തെയും മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സൗന്ദര്യബോധത്തെയും അനുസ്മരിപ്പിക്കുന്ന സംഗമമായി.
ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അധ്യക്ഷപ്രസംഗത്തിൽ ഭരതന്റെ സിനിമകൾ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നുവെന്ന് ഏബ്രഹാം ഇട്ടിച്ചെറിയ പറഞ്ഞു. “ജീവിതത്തെ സ്പർശിക്കാത്ത ഒരു സിനിമയും ഭരതൻ സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്റെ വൈകാരിക ലോകവും പ്രകൃതിയും ബന്ധങ്ങളും അതിന്റെ എല്ലാ സൂക്ഷ്മതയോടെയും അദ്ദേഹം തിരശ്ശീലയിൽ പകർത്തി. അതുകൊണ്ടുതന്നെ ഭരതന്റെ സിനിമകൾ കാലം കഴിയുന്തോറും കൂടുതൽ പ്രസക്തമാകുകയാണ്,” അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര നിരൂപണ അവാർഡ് ജേതാവ് അനൂപ് കെ. ആർ. അനുസ്മരണ പ്രഭാഷണം നടത്തി. “മലയാള സിനിമയിൽ ‘ഭരതൻ ടച്ച്’ എന്നത് ഒരു ദൃശ്യശൈലി മാത്രമല്ല; അത് ജീവിതത്തെയും സംസ്കാരത്തെയും കാണാനുള്ള ഒരു കലാപരമായ സമീപനമാണ്. ‘തകര’, ‘ചാമരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ സാംസ്കാരിക നവീകരണത്തിന്റെ ചിന്തകൾ കലാത്മകമായി ആവിഷ്കരിച്ച ഭരതൻ, മുഖ്യധാരാ സിനിമയ്ക്ക് പുതിയൊരു ദൃശ്യഭാഷയും സൗന്ദര്യശാസ്ത്രവും സമ്മാനിച്ചു. പ്രകൃതിയും മനുഷ്യനും വികാരങ്ങളും ഇഴചേർന്ന ആ സിനിമകൾ ഇന്നും മലയാള സിനിമയുടെ കലാമുദ്രയായി നിലകൊള്ളുന്നു,” അദ്ദേഹം പറഞ്ഞു.
കലാസംവിധായകൻ മോനി കാരാപ്പുഴയും മുനിസിപ്പൽ കൗൺസിലർ കെ. ശങ്കരനും ഭരതനുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവെച്ചു.
തുടർന്ന് ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘അമരം’ പ്രദർശിപ്പിച്ചു.












Discussion about this post