കൊച്ചി: അമൃതഭാരതത്തിലേക്ക് കുതിക്കുന്ന യുവശക്തിക്ക് ആവേശമേകി 14, 15, 16 തീയതികളില്‍ കേരളത്തിലാകമാനം യുവസംഗമങ്ങള്‍ നടക്കും. ആര്‍എസ്എസ് ശതാബ്ദി പരിപാടികളുടെ ഭാഗമായി കേരളത്തിലെ വിവിധ സംഘജില്ലാ കേന്ദ്രങ്ങളിലായി നടക്കുന്ന സംഗമങ്ങളില്‍ പതിനായിരക്കണക്കിന് യുവതീ-യുവാക്കള്‍ അണിനിരക്കും.
യുവത്വത്തിന്റെ ഊര്‍ജവും ഭാരതത്തിന്റെ പൈതൃകവും സമന്വയിപ്പിക്കുന്ന വിപുലമായ പരിപാടികളാണ് യുവസംഗമങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ സമൂഹിക വന്ദേമാതര ഗാനാലാപനത്തില്‍ പങ്കുചേരും ദേശഭക്തിഗാനാര്‍ച്ചന, വന്ദേമാതരം സാമൂഹിക നൃത്താവിഷ്‌കാരം, അഖണ്ഡ ഭാരത സന്ദേശം, ഭാരത് മാതാ പൂജ തുടങ്ങിയവ പരിപാടികളുടെ ഭാഗമാകും.
സ്വാതന്ത്ര്യസമരത്തിലെ ധീരദേശാഭിമാനികളുടെ ത്യാഗസ്മരണകള്‍ പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, രാജ്യത്തിന്റെ ഭാവി നിര്‍മിക്കുന്ന യുവശക്തിയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. കല, കായികം, സാങ്കേതികവിദ്യ, സാമൂഹിക സേവനം, ദേശബോധം തുടങ്ങിയ വിവിധ മേഖലകളിലെ യുവപ്രതിഭകള്‍ക്ക് ആശയവിനിമയത്തിനും കഴിവുകള്‍ അവതരിപ്പിക്കാനും വേദിയൊരുങ്ങും. കിംസ് എംഡി രശ്മി ആയിഷ, കേരള സര്‍വ്വകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍, മുന്‍ ഭാരത വോളിബോള്‍ ടീം ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍, വിഎസ്എസ്‌സി മുന്‍ ഡയറക്ടര്‍ ഡോ. എ. രാജരാജന്‍, മേജര്‍ രവി, യുവ സംരംഭകന്‍ ദേവന്‍ ചന്ദ്രശേവരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുക്കും.
യുവസംഗമങ്ങള്‍ക്ക് മുന്നോടിയായി വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ തിരംഗ റാലികളും ബൈക്ക് റാലികളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന യുവസംഗമങ്ങളില്‍ വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ, കായികം, കല തുടങ്ങിയ മേഖലകളിലെ പ്രമുഖരും യുവാക്കളുമായി സംവദിക്കും. യുവത്വത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ദിശയും രാഷ്ട്രനിര്‍മാണത്തിന് ഊര്‍ജവും നല്‍കുന്ന മഹത്തായ കൂട്ടായ്മയായി യുവസംഗമങ്ങള്‍ മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
















Discussion about this post