കൊച്ചി: ദാനത്തിന്റെ മൂല്യം മനസിലാക്കി നിലനില്ക്കാന് ഓരോരുത്തര്‍ക്കും കഴിയുമ്പോഴാണ് അത് മഹത്തരമായ ഒന്നായി മാറുന്നതെന്ന് കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി മധു എസ്. നായര്‍. സംസ്കാരത്തിന്റെ ഭാഗമായ ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതി എക്കാലവും മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ എളമക്കര മാധവനിവാസ് സ്വര്‍ഗീയ മാധവ്ജി മന്ദിരത്തില്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെയും ഗുണഭോക്താക്കളുടെയും ഒത്തുചേരലായ സേവാ കുംഭ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ സാങ്കേതികവിദ്യയോടൊപ്പം വേഗതയുടെ കാലം കൂടിയാണിത്. കാലം എത്ര മാറുമ്പോഴും വ്യവഹാരപരമായല്ലാതെ സമര്‍പ്പണ മനോഭാവത്തോടെ ആവശ്യക്കാര്‍ക്ക് താങ്ങായി മൂല്യങ്ങള്‍ കൈവിടാതെയാണ് സേവാഭാരതി മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു തരത്തിലുമുള്ള പരസ്യവും ഇല്ലാതെയാണ് വിവിധ മേഖലകളിലായി വിശ്വസേവാഭാരതിയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്ന് വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണുപ്രസാദ് ബി. മേനോന് അധ്യക്ഷഭാഷണത്തില്‍ പറഞ്ഞു. ഡയാലിസിസ് സെന്ററുകള്‍, കാന്‍സര്‍ രോഗികള്‍ക്ക് മരുന്നു നല്കുന്ന പ്രവര്‍ത്തനം, വനവാസി മേഖലയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കല്‍, സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്ക്കുന്ന വ്യക്തികളെയും മേഖലകളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തുക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തലചായ്ക്കാന്‍ ഒരിടം പദ്ധതി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ വിശ്വസേവാഭാരതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു. ഇത്തരത്തില്‍ പ്രതീക്ഷയുടെ കൈത്താങ്ങായി എക്കാലവും സേവാഭാരതി പ്രവര്‍ത്തിച്ചുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രത്തിന് നല്കിയ വിശിഷ്ടസേവനങ്ങളെ മുന്‍നിര്‍ത്തി മധു എസ്. നായരെ വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണു പ്രസാദ് ബി. മേനോന് ആദരിച്ചു. പ്രവാസി ക്ഷേമസമിതി രക്ഷാധികാരി ടി.വി. വേണുഗോപാല്‍, കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടുകൂടി എല്‍എല്‍എം കരസ്ഥമാക്കുകയും തുടര്‍ന്ന് ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സില്(ഐപിആര്‍) ഡോക്ടറേറ്റ് നേടിയ ഡോ. ദര്‍ശന സുരേഷ്ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സ്നേഹയ്ക്ക് വിദ്യാഭ്യാസ സഹായം നല്കി. വിശ്വസേവാഭാരതി ജനറല്‍ സെക്രട്ടറി പ്രതാപ് ദിവാകരന് പിള്ള, പ്രവാസി ക്ഷേമ സമിതി സംസ്ഥാന അധ്യക്ഷന്‍ എം.കെ. സുമോദ്, വിശ്വസേവാഭാരതി ട്രസ്റ്റ് അംഗം എ. വിനോദ് എന്നിവര്‍ സംസാരിച്ചു.















