കോട്ടയം: ഭാരതീയ മസ്‌ദൂർ സംഘം (BMS) സംസ്ഥാനത്തെ മികച്ച പരിസ്ഥിതി പ്രവർത്തകന് ഏർപ്പെടുത്തിയിട്ടുള്ള 2026-ലെ അമൃതാ ദേവി പുരസ്‌കാരം പ്രമുഖ പരിസ്ഥിതിപ്രവർത്തകനായ ഡോ. രാജേഷ് കടമാൻചിറയ്ക്ക് ലഭിക്കും. 25000 രൂപ ക്യാഷ് അവാർഡും , പ്രശസ്തി പത്രവും, ഫലകവുമാണ് നൽകുന്നത് പാമ്പാടി BMM സീനിയർ ഹയർ സെക്കണ്ടറി സ്‌കൂൾ യോഗാദ്ധ്യാപകനും സ്‌നേക്ക് റെസ്‌ക്യൂവറുമായ ഡോ. രാജേഷ് കടമാൻ ചിറ 2012 മുതൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും, വൃക്ഷ പരിപാലനം, വംശനാശം നേരിടുന്ന വൃക്ഷങ്ങൾ നട്ടുപരിപാലിക്കുക, സ്കൂളുകളിൽ വൃക്ഷതൈകൾ വിതരണം ചെയ്യുക, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിനും സ്‌കൂൾ, കോളേജുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ നയിക്കുകയും ചെയ്തുകൊണ്ട് നീണ്ട ഒന്നര പതിറ്റാണ്ടായി പരിസ്ഥിതി പ്രവർത്തനം ചെയ്തുവരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വന്ന അപേക്ഷകൾ പുരസ്‌കാര ദാന സമിതി പരിശോധിച്ച് അതിൽ പ്രഥമ സ്ഥാനത്ത് എത്തിയ ഡോ. രാജേഷിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. അമൃതാദേവി ബലിദാന ദിനമായ ആഗസ്റ്റ് 28-ന് BMS സംസ്ഥാന ട്രഷറും പരിസ്ഥിതി സംരക്ഷണ വിഭാഗം സംസ്ഥാന സംയോജകനുമായ സിബി വർഗീസ് ജേതാവിനെ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 28 പരിസ്ഥിതി ദിനമായി ഭാരതീയ മസ്‌ദൂർ സംഘം ആചരിക്കുന്നതിന്റെ ഭാഗമായാണ് അമൃതാദേവി പുരസ്കാരം കഴിഞ്ഞ നാലു വർഷമായി നൽകിവരുന്നത്. എ.ഡി. 1730-ൽ രാജസ്ഥാനിലെ ജോധ്പൂരിൽ പ്രകൃതിസംരക്ഷണത്തിനായി ജീവത്യാഗം ചെയ്ത അമൃത ദേവിയും അവരുടെ മക്കളും അടങ്ങുന്ന 363 ഗ്രാമീണർ ഖേജ്രി വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണാധികാരികൾക്കെതിരെ സമരം ചെയ്തു. ഭരണകൂടം അവരെയെല്ലാം കൂട്ടക്കൊല ചെയ്തു. ഈ സംഭവത്തിനുശേഷം അധികാരികൾ തെറ്റുതിരുത്തി ആ ഗ്രാമത്തിലെ മരങ്ങൾ മുറിക്കാൻ പാടില്ല എന്ന് ഉത്തരവിട്ടു. പിന്നീട് ഇന്നുവരെ ആ ഗ്രാമം വൃക്ഷ സംരക്ഷണം നടത്തിവരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രേരണ നൽകുന്ന ഈ ദിനമാണ് ബി.എം.എസ്. പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്നത്.
സംസ്ഥാന വ്യാപകമായി തൊഴിലാളി യൂണിറ്റുകൾ തോറും വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും പ്ലാസ്റ്റിക് നിർമാർജനം, ശുചീകരണം, പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടികളും BMS ഇതോടൊപ്പം സംഘടിപ്പിക്കുന്നു.
കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സുനിൽ സുരേന്ദ്രൻ (ഇടുക്കി), ശ്രീമൻ നാരായണൻ (എറണാകുളം), ശ്യാംകുമാർ (പാലക്കാട്) എന്നിവർക്കാണ് ഈ പുരസ്കാരം ലഭിച്ചത്. ഈ വർഷത്തെ പുരസ്‌കാരദാന സമ്മേളനം 2026 സെപ്റ്റംബർ 12-ന് വൈകുന്നേരം 4 മണിക്ക് കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
BMS അഖിലേന്ത്യാ പ്രസിഡന്റ് എസ്. മല്ലേശം പുരസ്‌കാരം രാജേഷ് കടമാൻചിറയ്ക്ക് സമ്മാനിക്കും. ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്ര സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. BMS സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഡോ: ഉണ്ണികൃഷ്ണൻ, BMS ദക്ഷിണ ക്ഷേത്ര സംഘടന സെക്രട്ടറി എം.പി. രാജീവൻ, BMS ദേശീയ സമിതി അംഗങ്ങളായ കെ.കെ. വിജയകുമാർ, ,അഡ്വ. എസ്. ആശാമോൾ, BMS സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി C. ബാലചന്ദ്രൻ, സംസ്ഥാന സംഘടന സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന സെക്രട്ടറി ജി. സതീഷ് കുമാർ, BMS ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാർ, ജില്ലാ സെക്രട്ടറി P.R. രാജീവ് തുടങ്ങിയവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ BMS സംസ്ഥാന ട്രഷറർ സിബി വർഗീസ്, സംസ്ഥാന സമിതിയംഗങ്ങളായ K.N. മോഹനൻ, V S പ്രസാദ് , BMS കോട്ടയം ജില്ലാ പ്രസിഡന്റ് S. വിനയൻ, ജില്ലാ സെക്രട്ടറി P.R. രാജീവ് എന്നിവർ പങ്കെടുത്തു.














