മുംബൈ: ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിന് വേണ്ടിയാണെന്നും രാഷ്ട്രവും ധര്‍മ്മവും രണ്ടല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമുക്ക് ലക്ഷ്യവും മാര്‍ഗവും ധര്‍മ്മമാണ്. ഇതേ പദം കൊണ്ടുതന്നെയാണ് രാഷ്ട്രത്തെ നിര്‍വചിക്കുന്നതും. രണ്ടും പരസ്പരാശ്രിതമാണ്. രാഷ്ട്രം ദുര്‍ബലമായാല്‍ ധര്‍മ്മവും ബലഹീനമാകും. ധാര്‍മ്മികമായ പെരുമാറ്റമില്ലെങ്കില്‍ രാഷ്ട്രം അധഃപതിക്കും. രണ്ടിനെയും ജീവിതം കൊണ്ട് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആള്‍ ഇന്ത്യ വിഹാര്‍ സേവാ ഗ്രൂപ്പിന്റെ പതിനാലാമത് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും തീവ്രവാദ ആശയങ്ങളും കാരണം ലോകമിന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളില്‍ നിന്ന് മോചിപ്പിച്ച് മനുഷ്യരാശിയെ നയിക്കാന്‍ ഭാരതത്തിന്റെ പുരാതന വിജ്ഞാന പാരമ്പര്യത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ലോകം ഭാരതത്തെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.
ഭാരതം ലോകമെങ്ങും അറിവ് പ്രചരിപ്പിച്ചത് കടന്നാക്രമണങ്ങളിലൂടെയോ നിര്‍ബന്ധിത മതംമാറ്റങ്ങളിലൂടെയോ അല്ല. മറിച്ച്, മനുഷ്യക്ഷേമത്തിന്റെ നിസ്വാര്‍ത്ഥ മനോഭാവത്തോടെയാണ് നമ്മുടെ അറിവ് ലോകത്തിന് പകര്‍ന്നത്. ഇത് ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന്റെ സമാനതകളില്ലാത്ത സ്വത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

വേദങ്ങള്‍, ഉപനിഷത്തുകള്‍, രാമായണം, മഹാഭാരതം, ഭഗവദ്ഗീത, ജൈന ആഗമങ്ങള്‍, ത്രിപിടകം, ഗുരു ഗ്രന്ഥ സാഹിബ് തുടങ്ങിയ മഹത്തായ ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യരാശിയെ നയിക്കുന്ന സമഗ്രമായ അറിവ് അടങ്ങിയിട്ടുണ്ട്. സംന്യാസിശ്രേഷ്ഠരുടെ ഉദ്‌ബോധനങ്ങളില്‍ മനുഷ്യക്ഷേമം, ഐക്യം, സേവനം എന്നിവയുടെ സന്ദേശമാണ് നിറഞ്ഞിരിക്കുന്നത്. മുഴുവന്‍ ലോകത്തിനും ഈ അറിവിന്റെ സമ്പത്ത് ഇന്ന് ആവശ്യമാണ്.
മഹത്തായ ഈ വിജ്ഞാന പാരമ്പര്യം സംരക്ഷിക്കുകയും ഭാവി തലമുറകള്‍ക്ക് കൈമാറുകയും ചെയ്യേണ്ടത് ധാര്‍മ്മികമായ ഉത്തരവാദിത്തം മാത്രമല്ല, എല്ലാ മനുഷ്യരാശിയോടുള്ള നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. സംന്യാസ പാരമ്പര്യത്തെയും സേവന മനോഭാവത്തെയും പ്രോത്സാഹിപ്പിക്കുക എന്നതിനര്‍ത്ഥം മനുഷ്യ സമൂഹത്തിന് സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാവിയെ പ്രോത്സാഹിപ്പിക്കുക എന്നാണ്, അദ്ദേഹം പറഞ്ഞു.
പത്മഭൂഷണ്‍ ആചാര്യ വിജയ് രത്നസുന്ദര്‍സുരി മഹാരാജ്, ആചാര്യ മഹാബോധി സുരീശ്വര്‍ തുടങ്ങിയ ആചാര്യന്മാരും വേദിയില്‍ സന്നിഹിതരായിരുന്നു. ആചാര്യ വിജയ് രത്നസുന്ദര്‍സുരി മഹാരാജ് എഴുതിയ 536-ാമത്തെ പുസ്തകമായ ‘ആനന്ദ് യാത്ര – അഠാരഹ് കര്‍ത്തവ്യ’ സര്‍സംഘചാലക് പ്രകാശനം ചെയ്തു.












