കുന്നത്തൂർ (കൊല്ലം) : ഒരിക്കൽ ഒപ്പം നടന്നവരും ആ വാക്കുകൾ കേട്ടു വളർന്നവരും ആശയങ്ങൾ ജീവിതത്തിൽ ചേർത്തുപിടിച്ചവരും ഒരുമിച്ചെത്തിയപ്പോൾ ഐവർകാലയെന്ന ഗ്രാമം പ്രിയപ്പെട്ട എംഎ സാറിന്റെ ഓർമകളിൽ തുളുമ്പി. മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ തുടങ്ങിയ സംഘടനകളുടെ സ്ഥാപകരിൽ ഒരാളുമായിരുന്ന എം.എ. കൃഷ്ണൻ (എം.എ. സാർ) അനുസ്മരണച്ചടങ്ങിലാണ് ജന്മനാട് സ്നേഹാർദ്രമായത്.ഐവർകാല പുത്തനമ്പലം വള്ളിവിള വീട്ടിൽ വൈകുന്നേരം നടന്ന അനുസ്മരണച്ചടങ്ങിന് പുഷ്പാർച്ചനയോടെയാണ് തുടക്കമായത്.
പ്രിയപ്പെട്ട എം.എ. സാറിന്റെ ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് കുട്ടികളും സഹപ്രവർത്തകരും ശിഷ്യരും സുഹൃത്തുക്കളും നാട്ടുകാരും അദ്ദേഹത്തിന്റെ ഓർമകൾക്ക് പ്രണാമമർപ്പിച്ചു.സംഘ പ്രസ്ഥാനത്തിന്റെയും സാംസ്കാരിക മേഖലയുടെയും വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച എം.എ. സാറിന്റെ പ്രവർത്തനങ്ങളും ആശയങ്ങളും അനുസ്മരണഭാഷണങ്ങളിൽ നിറഞ്ഞു. വ്യക്തിബന്ധങ്ങൾക്ക് അപ്പുറം തലമുറകളെ സ്വാധീനിച്ച അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ ചടങ്ങിനെ വികാരനിർഭരമാക്കി.


മനസ്സിലെ ആശയങ്ങളെ പ്രായോഗികമാക്കുവാനും അത് പുതുതലമുറയ്ക്ക് പകർന്നു നൽകുവാനും കഴിഞ്ഞ വ്യക്തിത്വം ആയിരുന്നു എംഎ സാറിന്റെതെന്ന് ചടങ്ങിൽ മുഖ്യഭാഷണം നടത്തിയ മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ പറഞ്ഞു. അത്യന്തം ആഴത്തിലുള്ള ഭാവനകൾ കാണുവാനും ആ ഭാവനകളെ യാഥാർഥ്യമാക്കാനും അതിനായി കാര്യകർത്താക്കളെ നിശ്ചയിക്കാനും എം എ സാറിന് കഴിഞ്ഞു. ലോകമെമ്പാടും ബാലഗോകുലം ഒരു അത്ഭുതമായി മാറാൻ അദ്ദേഹത്തിന്റെ ഈ ദൃഢ നിശ്ചയത്തിലൂടെ സാധിച്ചു. പരിചയപ്പെടുന്നവരുടെ മനസ്സിൽ മായാത്ത മുദ്രകൾ പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എംഎ സാർ പകർന്നു നൽകിയ സ്നേഹം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാംസ്കാരിക തനിമയെ ആവിഷ്കരിച്ച് അവതരിപ്പിച്ച വ്യക്തിത്വം ആയിരുന്നു എം. എ സാറിന്റെതെന്ന് ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പറഞ്ഞു. അക്കിത്തത്തെ പോലെയുള്ള മഹാകവികളുടെ വാക്കുകളിലൂടെ തന്നെ എംഎ സാറിന്റെ സംഘടനാ പ്രഭാവവും ആദർശങ്ങളും നമുക്ക് ദർശിക്കാൻ സാധിക്കും. നിശ്ചയിച്ചുറപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് അണുവിട മാറാത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റെതെന്ന് എം. രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിന് ഒരു സാംസ്കാരിക ഭദ്രത രൂപപ്പെടുത്താൻ എം. എ. സാറിനു കഴിഞ്ഞുവെന്ന് ചടങ്ങിൽ തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ ആർ. പ്രസന്നകുമാർ പറഞ്ഞു. ബാലഗോകുലത്തിലൂടെ കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് വേദിയൊരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കർമ്മത്തെ സാധനയാക്കിയ അദ്ദേഹം ചെന്ന് കാണുക, കൂടെ കൂട്ടുക എന്ന സൂത്രവാക്യം ജീവിതത്തിൽ പകർത്തിയിരുന്നതായും ആർ. പ്രസന്ന കുമാർ പറഞ്ഞു. തുടർന്ന് നിർവാണ ഷഡ്കം ചൊല്ലിയാണ് ചടങ്ങ് അവസാനിപ്പിച്ചത്.














