കൊച്ചി: കൃഷ്ണനായി ജനിച്ച് കൃഷ്ണസന്ദേശം നാടിന് പകര്‍ന്ന് നല്‍കി കൃഷ്ണപാദങ്ങളില്‍ അലിഞ്ഞുചേര്‍ന്ന എം.എ സാര്‍ അനുസ്മരണം അക്ഷരാര്‍ത്ഥത്തില്‍ കൃഷ്ണാര്‍പ്പണമായി മാറി. എം.എ കൃഷ്ണന്‍ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച എളമക്കര മാധവനിവാസിനോട് ചേര്‍ന്നുള്ള ഭാസ്‌കരീയത്തില്‍ നടന്ന അനുസ്മരണം അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു.
കൃഷ്ണതത്വം പ്രചരിപ്പിക്കുക എന്നത് ജീവിത ലക്ഷ്യമായി കണ്ട് ആ കൃഷ്ണ പാദങ്ങളില്‍ കേരളം മുഴുവന്‍ ഉണ്ണിക്കൃഷ്ണന്മാരെ കൊണ്ട് നിറച്ച ഒരു സാഫല്യമാണ് എം.എ. സാറിന്റേതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍ പറഞ്ഞു.
അദ്ദേഹം ഏല്‍പ്പിച്ച ചുമതല ഇന്നും തുടരുകയാണെന്നും അവര്‍ പറഞ്ഞു. എം.എ സാര്‍ എവിടെയായിരുന്നോ അവിടേയ്ക്ക് മഹത്തുക്കള്‍ ആകര്‍ഷിക്കപ്പെടുന്ന അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അനുസ്മരിച്ചു. എം.എ സാറിനെ സംബന്ധിച്ചിടത്തോളം മാധ്യമ പ്രവര്‍ത്തനം ഒരു തൊഴിലായിരുന്നില്ല, പകരം നമ്മുടെ നാടിന്റെ ഭാരതത്തിന്റെ സംസ്‌കാരത്തെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തപസായിരുന്നുവെന്ന് വി. മുരളീധരന്‍ എംഎല്‍എ അനുസ്മരിച്ചു.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത്, ശ്രീവത്സം ബാലഗോകുലം ഭാരവാഹി നന്ദഗോപന്‍. ജെ, ചിത്രകാരന്‍ അക്കിത്തം നാരായണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, ആലുവ ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ അഡ്വ. പി.എല്‍. ബാബു, ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.വി. നടേശന്‍, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി പാറപ്പുറം, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍, ഡോ. പി. ശ്രീലത, ബിന്ദു വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
മൂല്യങ്ങളിലധിഷ്ഠിതമായിരുന്നു എം.എ സാറിന്റെ ജീവിതം: വി. മുരളീധരന്‍
കൊച്ചി: യുവ എഴുത്തുകാര്‍ക്ക് സഹജമായിട്ട് കയറിവരാന്‍ കഴിയുന്ന കേന്ദ്രമായിട്ടാണ് എം.എ സാര്‍ കേസരിയെ രൂപപ്പെടുത്തിയതെന്ന് വി. മുരളീധരന്‍ എംഎല്‍എ. പത്രപക്ഷമാണ് എന്നു പറഞ്ഞ് നിലപാടില്ലാത്ത ഒരു വാരികയായിട്ടല്ല കേസരി വാരികയെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോയത്. ഈ നാടിന്റെ മൂല്യങ്ങളോട്, ഈ നാടിന്റെ സാംസ്‌കാരിക തനിമയോട്, അതിനോടുള്ള പ്രതിബദ്ധതയും അതിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള, ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് എം.എ സാര്‍ ആ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയത്. കാരണം അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.പ്രശസ്തിയോ പദവിയോ ആഗ്രഹിക്കാതെ കര്‍മ്മമാണ് തന്റെ ധര്‍മ്മമെന്ന് വിശ്വസിച്ച്, അത് ജീവിതത്തില്‍ പ്രവര്‍ത്തിച്ച മേഖലകളിലൊക്കെ പ്രാവര്‍ത്തികമാക്കിയ ഒരു മഹത് വ്യക്തിത്വമായിരുന്നു എം.എ സാര്‍ എന്നും അദ്ദേഹം അനുസ്മരിച്ചു.
എം.എ സാറിലേയ്ക്ക് മഹത്തുക്കള്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു: ജെ. നന്ദകുമാര്‍
കൊച്ചി: സാധാരണക്കാരനെപോലെ തോന്നുന്ന എം.എസാറിന്റെ ഉള്ളിലെ അസാധാരണത്വത്തെ നിരവധി പ്രവര്‍ത്തനങ്ങളില്‍ വെളിപ്പെട്ടിരുന്നുവെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അതിരുകളില്ലാത്ത ഒരു സൃഷ്ടനാത്മകത സൃഷ്ടിക്കുവാനുള്ള ശക്തി, ഒരു ക്രിയേറ്റീവ് പവര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എം.എ. കൃഷ്ണന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു നന്ദകുമാര്‍.രാഷ്ട്രീയത്തിനുപരിയായി എല്ലാവരെയും സമ്പര്‍ക്കം ചെയ്യുന്നതിലും അദ്ദേഹം അധിക താല്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പലരില്‍ നിന്നും വ്യത്യസ്തനായി അദ്ദേഹം എവിടെയാണോ ഉള്ളത് അവിടേക്ക് മഹത്തുക്കള്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു. അത് കോഴിക്കോട് കേസരി പത്രാധിപരുടെ ജീവിതകാലത്തായാലും എറണാകുളം മാധവനിവാസിലെ ജീവിതത്തിലായാലും അങ്ങനെയായിരുന്നു. ലോകത്ത് പിറന്നുവീണ പ്രസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും ഉജ്ജ്വലമായ ഒരു പ്രസ്ഥാനം ആയിരുന്നു ബാലഗോകുലം. അതൊന്നു മതി എം.എ സാറിന്റെ അപരിമേയമായ ആ സൃഷ്ടനാത്മകതയുടെ ശക്തി മനസ്സിലാക്കാന്‍, സൃഷ്ടിയുടെ ശക്തി മനസ്സിലാക്കാന്‍.എന്റെ പ്രവര്‍ത്തനമോ എന്റെ ജീവിതമോ പെരുമാറ്റമോ അത് എവിടെയും അനാവശ്യമായി മുഴച്ചുനില്‍ക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യം മുതല്‍ ഇതുവരെയും ആ സംഘപ്രസ്ഥാനത്തിന്റെ ഒഴുക്കിനൊപ്പമാണ്, ആ ചലനത്തിനൊപ്പമാണ്, ആ സഞ്ചരണത്തിനൊപ്പമാണ്, ആ ശോഭായാത്രയ്‌ക്കൊപ്പമാണ്, അങ്ങനെയാണ് എന്റെ ജീവിതം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.
യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്നു എം.എ. സാര്‍: ഡോ. ഡി. മാവൂത്ത്
കൊച്ചി: എം.എ സാര്‍ ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്നുവെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി മാവൂത്ത്. കേരളത്തിലെ കഷ്ടപ്പെടുന്ന ആളുകള്‍ക്കിടയില്‍ അദ്ദേഹം ഒരു ആത്മീയ സ്വാധീനം സൃഷ്ടിച്ചു. യുവതലമുറ ആത്മീയതയിലേക്ക് മുന്നേറുന്നതില്‍ അടിത്തറ ഇട്ടത് എം.എ. സാര്‍ ആയിരുന്നുവെന്ന് മാവുത്ത് അനുസ്മരിച്ചു. കേരള സമൂഹം എം.എ സാറിന്റെ സംഭാവനകള്‍ എപ്പോഴും ഓര്‍ക്കും. അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലി, അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണെന്ന് വിസി പറഞ്ഞു.
സാക്ഷര കേരളത്തെ സാംസ്‌കാരിക കേരളമാക്കുകയായിരുന്നു എം.എ. സാര്‍: പി.കെ. വിജയരാഘവന്‍
കൊച്ചി: 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേവലം ഒരു ആചാരം മാത്രമായിരുന്ന ശ്രീകൃഷ്ണ ജയന്തിയെ ഒരു ആഘോഷമാക്കി മാറ്റിയ പ്രസ്ഥാനമാണ് ബാലഗോകുലം. ആ ശ്രീകൃഷ്ണ ജയന്തിയെ ഇത്ര വലിയൊരു മഹോത്സവമാക്കി മാറ്റിയ ബാലഗോകുലത്തിന് രൂപം കൊടുത്ത മഹാമനീഷി ആയിരുന്നു എം.എ. സാറെന്ന് ആലുവ ബാലസാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍. എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന എം.എ. സാര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതം ഈ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയിട്ട് ചിലവഴിക്കുകയായിരുന്നു. ആ സാക്ഷര കേരളത്തെ സാംസ്‌കാരിക കേരളമാക്കുന്ന പ്രവര്‍ത്തി, അത് നമ്മള്‍ ഏറ്റെടുക്കണം, അതാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം അതാണ് ബാലഗോകുലം ശരിക്കും ചെയ്തുതീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.













