കോഴിക്കോട്: രാഷ്ട്രീയ ചേരിതിരിവിന്റെ പേരില്‍ മലയാളികളുടെ അഭിമാനവും വിഖ്യാത ശില്പിയുമായ കാനായി കുഞ്ഞിരാമനെ അവഹേളിച്ചത് തികച്ചും അപലപനീയമാണെന്ന് തപസ്യ കലാസാഹിത്യ വേദി. കാനായിയുടെ പതിനെട്ട് വര്‍ഷത്തെ സര്‍ഗസപര്യയുടെ സാക്ഷാത്കാരമാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ പൂര്‍ത്തിയായ വിക്ടിംസ്, ഫ്രീഡം എന്നീ ശില്പങ്ങള്. എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിച്ച അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായാണ് നാല്പതടി ഉയരമുള്ള ഈ ശില്പങ്ങള് അദ്ദേഹം നിര്‍മ്മിച്ചത്. എന്നാല്‍ അതിന്റെ ഉദ്ഘാടനച്ചടങ്ങ് നാലാംകിട രാഷ്ട്രീയക്കളികളുടെ ഭാഗമായി അലങ്കോലമാക്കുകയാണ് കാസര്‍കോട് ജില്ല പഞ്ചായത്ത് ഭരണസമിതി ചെയ്തത്.
ശില്പം നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഭരണസമിതി പ്രഖ്യാപിച്ചത്. എന്നാല്‍ പരിപാടിയുടെ തലേദിവസം രാത്രി വരെയും ആ പരിപാടിയെ കുറിച്ചുള്ള വ്യക്തമായ അറിയിപ്പ് സംഘാടകര്‍ തനിക്ക് നല്‍കിയില്ലെന്ന് സ്പീക്കര്‍ പറയുന്നു. ഭരണസമിതി ഈ പരിപാടി മനഃപൂര്‍വ്വം അലങ്കോലമാക്കുകയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം. തലേദിവസം കണ്ണൂരില്‍ പരിപാടികളുണ്ടായിരുന്ന തന്റെ കാസര്‍കോടേക്കുള്ള ടിക്കറ്റ് രാത്രി ക്യാന്‍സല്‍ ചെയ്യുകയായിരുന്നു എന്നാണ് സ്പീക്കര്‍ പറഞ്ഞത്.
സ്പീക്കര്‍ എത്താത്തതിനെ തുടര്‍ന്ന് അവിടെ ഒത്തുകൂടിയിരുന്ന ചിത്രകാരന്മാരുടെയും ശില്പികളുടെയും നിര്‍ബന്ധത്തിന് വഴങ്ങി കാനായി കുഞ്ഞിരാമന് തന്നെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. ഇത്തരത്തില്‍, വിശ്വപ്രശസ്തനായ ഒരു കലാകാരന് അപമാനിക്കപ്പെടാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും രാഷ്ട്രീയമായ ചേരിപ്പോരുകള്‍ കലാകാരന്മാരെ അവഹേളിക്കപ്പെടുന്നതിന് ഇടയാക്കരുതെന്നും തപസ്യ സംസ്ഥാന അധ്യക്ഷന്‍ വിജയകൃഷ്ണന് ആവശ്യപ്പെട്ടു.













