തിരുവനന്തപുരം: ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറഞ്ഞുവെന്നും മാധ്യമപ്രവര്‍ത്തകനും അന്തരിച്ച ഇടത് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി. രാധാകൃഷ്ണന്‍. ഒരു പ്രമുഖ ദിനപത്രത്തിന്‍റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലില്‍ എഴുതുന്ന ഇംഗ്ലീഷ് കോളത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം.
മറ്റെല്ലാവരും മലബാര്‍ കലാപമെന്നും കര്‍ഷകകലാപമെന്നും മാപ്പിള ലഹളയെന്നും അവരവരുടെ രാഷ്ട്രീയതാല്‍പര്യമനുസരിച്ച് 1921ലെ കലാപത്തെ വ്യാഖ്യാനിച്ചപ്പോള്‍ ഇഎംഎസ് കൂടുതല്‍ നിഷ്പക്ഷമായാണ് ഈ കലാപത്തെ വിലയിരുത്തിയിട്ടുള്ളതെന്നും എം.ജി. രാധാകൃഷ്ണന്‍ പറയുന്നു. “വള്ളുവനാട് താലൂക്കിലെ ജന്മികുടുംബത്തില്‍ അംഗമായ ഇഎംഎസിന്‍റെ കുടുംബത്തിന് പോലും മുസ്ലിം അക്രമികളുടെ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെടേണ്ടി വന്നു. എന്നാല്‍ ആദ്യനാളുകളില്‍ ഇഎംഎസ് മലബാര്‍ കലാപത്തെ ജന്മിത്വത്തിനെതിരായ സമരമായി കണ്ട് വാഴ്ത്തിപ്പറയുകയായിരുന്നു. ജന്മികളുടെ അടിച്ചമര്‍ത്തലിനെതിരെ എതിര്‍പ്പിന്‍റെ ശബ്ദമുയര്‍ത്തിയ ഈ നിരക്ഷരരായ പിന്നാക്ക മാപ്പിളകളെ അഭിനന്ദിക്കേണ്ടതുണ്ടെന്നാണ് ആദ്യകാലത്ത് ഇഎംഎസ് എഴുതിയത്” – ലേഖനത്തില്‍ പറയുന്നു.
അതേ സമയം ഈ കലാപത്തിലെ ഇസ്ലാമിക തീവ്രവാദ വശത്തെ 1946ല്‍ തന്നെ ഇഎംഎസ് തുറന്ന് കാട്ടിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ വാദിക്കുന്നു. മറ്റേതെങ്കിലും കമ്മ്യൂണിസ്റ്റുകാരന്‍ വിലയിരുത്തും മുമ്പ് ആദ്യമായി ഇത്തരമൊരു കാഴ്ചപ്പാട് അവതരിപ്പിച്ചത് ഇഎംഎസാണ്.
“അത് ബ്രിട്ടീഷ് മലബാറിലെ ഒരു മഹത്തായ ജനമുന്നേറ്റമായിരുന്നു. പക്ഷെ അത് പിന്നീട് ഏറ്റവും ദുരന്തമയവും നിഷ്ഫലവുമായി ജനമുന്നേറ്റമായി വഴിമാറിപ്പോയി,”- 1921ലെ മാപ്പിള ലഹളയെക്കുറിച്ച് ഇഎംഎസ് ഒടുവിലായപ്പോള്‍ കുറിച്ചതാണിത്.
ഇഎംഎസിന്‍റെ ഈ പരാമര്‍ശത്തെ ഹാര്‍ഡ് ഗ്രേവ് എന്ന വിദേശ പ്രൊഫസര്‍ അഭിനന്ദിക്കുന്നുണ്ട്. ഇഎംഎസിന്‍റെ ഈ കാഴ്ചപ്പാടിനെ ഏറ്റവും പരിഷ്കൃതമായ കാഴ്ചപ്പാടാണെന്നും ഹാര്‍ഡ് ഗ്രേവ് വിലയിരുത്തുന്നു. മലബാറിലെ കര്‍ഷക കലാപം: 1921, മലബാര്‍ ലഹളയുടെ ചരിത്രം എന്ന ഒരു പുസ്തകം റോബര്‍ട്ട് എല്‍. ഹാര്‍ഡ്‌ഗ്രേവ് രചിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ പണ്ഡിതരായ ഡെയിലും ഹാര്‍ഡ്ഗ്രേവും മലബാര്‍ കലാപത്തില്‍ ഒരു ജിഹാദി സ്പിരിറ്റുണ്ടായിരുന്നുവെന്ന് വിലയിരുത്തിയവരാണ്.
Discussion about this post