തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനവാസി ഊരുകളിലേക്കുള്ള സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രിയായ ‘സുഗതം’ പദ്ധതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സേവാഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതിക്കെതിരായ ചില ഭാഗങ്ങളില്‍ നിന്നുള്ള അനാവശ്യമായ വിമര്‍ശനങ്ങളില്‍ അസ്വസ്ഥരാകരുതെന്നും ആരംഭിച്ച ഉദാത്തമായ കാര്യങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉപദേശിച്ചു, സുഗതകുമാരിയുടെ മകളും കവിയുമായ ലക്ഷ്മിദേവിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.രഞ്ജിത്ത് ഹരി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്.സേതുമാധവന്‍, സേവാഭാരതി സംസ്ഥാന സമിതി അംഗം അഡ്വ.കെ.എം. രശ്മി, പദ്ധതി നിര്‍വ്വഹിക്കുന്ന ജില്ലകളിലെ സേവാഭാരതി അദ്ധ്യക്ഷന്മാരായ ഡോ.രാജ്മോഹന്‍(തിരുവനന്തപുരം), ഡോ.എന്‍.എന്‍.മുരളി (കൊല്ലം), അഡ്വ.ഡി. അശോക് കുമാര്‍(പത്തനംതിട്ട), തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷ രശ്മി ഐഷ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി അഭിമാനകരം: ലക്ഷ്മിദേവി
ആദിവാസി ഊരുകളിലെ സന്ദര്‍ശനവേളകളില്‍ സുഗതകുമാരി പങ്കുവച്ച ആശയങ്ങളില്‍ നിന്നാണ് ‘സുഗതം’ എന്ന പദ്ധതി രൂപപ്പെട്ടത്. ഈ ആശയം സേവാഭാരതി നടപ്പാക്കുന്നതിലും അതിന്റെ ഭാഗമാകാന്‍ സാധിച്ചതിലും മകളെന്ന നിലയില്‍ അഭിമാനമുണ്ടെന്ന് ലക്ഷ്മി ദേവി പറഞ്ഞു.
Discussion about this post