ശ്രീനഗര്‍: സിവിലിയന്മാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ തുടരുന്നതിനിടെ കരസേനാമേധാവി മനോജ് മുകുന്ദ് നരവാണെ ജമ്മു കശ്മീരില്‍ ജമ്മു കശ്മീരിലെത്തി. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ സുരക്ഷാ സാഹചര്യങ്ങള്‍ അദ്ദേഹം വിലയിരുത്തും.നിയന്ത്രണരേഖയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സൈനികനടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടുകയും ചെയ്യും.
ഇതരസംസ്ഥാനത്തൊഴിലാളികളെയും കശ്മീരിലെ സാധാരണപൗരന്മാരെയും ആക്രമിച്ച് ഭീതി പടര്‍ത്താനുള്ള ഭീകരസംഘടനകളുടെ നീക്കം അവരുടെ അവസാനത്തെ ആയുധമായാണ് സൈന്യം വിലയിരുത്തുന്നത്. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം ഹിന്ദുപണ്ഡിറ്റുകളടക്കമുള്ളവര് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ടൂറിസം പുനരാരംഭിക്കുകയും താഴ്വരയില് സമാധാനം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
കശ്മീരിലെ വികസന, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സജീവമായതോടെയാണ് ബീഹാരില് നിന്നും മറ്റുമുള്ള ആളുകള്‍ തൊഴില്‍ തേടി ഇവിടേക്ക് എത്തിയത്. സാധാരണനിലയിലേക്കുള്ള കശ്മീരിന്റെ മടങ്ങിപ്പോക്ക് തടയുകയാണ് ഭീകരരുടെ ഇപ്പോഴത്തെ ലക്ഷ്യം. എന്നാല്‍ പലായനത്തിന് പകരം പ്രതിഷേധത്തിനൊരുങ്ങുകയാണ് കശ്മീരിജനത. സൈന്യം കശ്മീരിന് ആത്മവിശ്വാസം പകരുകയാണ് ചെയ്യുന്നതെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം ശൈത്യകാലം മറയാക്കി പൂഞ്ച് മേഖലയില്‍ നുഴഞ്ഞുകയറി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.ഏറ്റുമുട്ടലില്‍ ഇതുവരെ ഒന്‍പത് സൈനികരാണ് ഇവിടെ വീരമൃത്യു വരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജനറല്‍ എം.എം. നരവാണെയുടെ സന്ദര്‍ശനം.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കമാന്‍ഡര്‍മാരും നിയന്ത്രണരേഖയിലെ സുരക്ഷയെക്കുറിച്ചും ഉള്‍പ്രദേശങ്ങളിലെ പ്രത്യാക്രമണങ്ങളെക്കുറിച്ചും കരസേനാമേധാവിയോട് വിശദീകരിക്കും. സുരക്ഷാ ഏജന്‍സികളുടെ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗ് കശ്മീരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന പോലീസ് മേധാവികളുമായും കേന്ദ്ര സായുധ പോലീസ് സേനാ ഉദ്യോഗസ്ഥരുമായും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി
Discussion about this post