ബീജിങ്: കൊവിഡില്‍ വലഞ്ഞ് ചൈനീസ് വാണിജ്യനഗരമായ ഷാങ്ഹായ്. പട്ടണം പൂര്‍ണമായും അടഞ്ഞതോടെ ചൈന കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ ഷാങ്ഹായ് അധികൃതര്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയത്. ഇത് 25 ദശലക്ഷം പൗരന്മാര്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി വീട്ടുതടങ്കലിലാണ്. രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വേര്‍പെടുത്തുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതോടെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡിനേക്കാള്‍ മാരകമാണ് ചൈനീസ് സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണ നടപടികളെന്നാണ് ഉയരുന്ന ആക്ഷേപം. പ്രതിഷേധം വ്യാപകമായതോടെ വോങ്‌ബോയ് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കര്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 20,000 ത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ തരംഗത്തില്‍ ഏറ്റവും കൂടിയ കണക്കാണിത്. ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് അവസാനത്തോടെ ചൈനയിലെ 31 പ്രവിശ്യകളില്‍ 29 പ്രവിശ്യകളിലും വൈറസ് പടര്‍ന്നുകഴിഞ്ഞു.
ഏപ്രില്‍ 1 ന്, ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് വു സുന്‍യു, പറയുന്നത് ഡൈനാമിക് സീറോ-കോവിഡ് നയത്തിലാണ് രാജ്യം ഊന്നുന്നതെന്നാണ്. അതിന്‍റെ ഭാഗമായി കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് ജനങ്ങള്‍ നിര്‍ബന്ധിതരാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ബന്ധിത കൊവിഡ് പരിശോധനയ്ക്കായി ആയിരക്കണക്കിന് സൈനികരെ ഷാങ്ഹായിലേക്ക് വിന്യസിക്കുന്നതായി ഏപ്രില്‍ 3 ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നഗരം അനിശ്ചിതമായി അടച്ചിടാനുള്ള നിര്‍ദ്ദേശം വന്നത് നാലിനാണ്. കോവിഡ് പരിശോധനയുടെ ഫലം പുറത്തുവരുംവരെ ആര്‍ക്കും വീടുകള്‍ വിട്ട് പോകാന്‍ അനുവാദമില്ല. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ ആരെയും പ്രായംനോക്കാതെ രോഗബാധിതരല്ലാത്തവരില്‍ നിന്ന് ഒറ്റപ്പെടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Discussion about this post