ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കേരളമടക്കമുള്ള ബിജെപി ഇതര സര്‍ക്കാരുകള്‍ മുന്നില്‍. രാഷ്ട്രീയ എതിരാളികളെ മുതല്‍ മാധ്യമ പ്രവര്‍ത്തകരെ വരെ ഇത്തരത്തില്‍ 124 എ വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ കേസുകളില്‍ പെടുത്തുന്നു.
2014 മുതല്‍ 2019 വരെ രാജ്യത്ത് ആകെ ചുമത്തപ്പെട്ട 326 രാജ്യദ്രോഹ കേസുകളില്‍ 54 എണ്ണവും അസമിലാണ്. ഇവയില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ ചുമത്തപ്പെട്ടതാണ്. ഝാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ 40ലേറെ കേസുകളാണ് ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ 28 കേസുകളും. ഇവയില്‍ ഒരെണ്ണത്തിന്‍റെ പോലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ പത്തോളം രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുപിയില്‍ 2014 മുതല്‍ ചുമത്തിയ 17 കേസുകളില്‍ പത്തിലധികവും അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്തുള്ളതാണ്.
രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണെങ്കിലും പഴി കേന്ദ്രത്തിനാണ് പലപ്പോഴും ലഭിക്കുന്നത്. ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയാണ്. അതിനാല്‍ തന്നെ ചില കേസുകളില്‍ മനപ്പൂര്‍വ്വം 124 എ ചേര്‍ക്കുന്ന പ്രവണതയുണ്ട്. ഹനുമാന്‍ ചാലിസ ചൊല്ലിയതിന്‍റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജനപ്രതിനിധികളായ ദമ്പതിമാരുടെ ദുരവസ്ഥ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Discussion about this post