പെരുമ്പാവൂര്‍: പത്തൊമ്പതാമത് ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന് പെരുമ്പാവൂരില്‍ തുടക്കമായി. നേതൃസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ സാമൂഹിക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഹൈന്ദവ നവോത്ഥാനം അനിവാര്യമായ ഘട്ടത്തിലാണ് കേരളം. സനാതന വിശ്വാസികള്‍ രണ്ടാം തരം പൗരന്മാരാകുന്ന സ്ഥിതി ഉണ്ടാകരുത്. സാമൂഹിക അസമത്വത്തെക്കുറിച്ച് ഗൗരവമായി പഠിക്കണം. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ കേരളത്തിലെ നീതി നിഷേധത്തേക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ പോരാട്ടമാണ് വേണ്ടതെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
സനാതന ധര്‍മ്മമെന്ന വിശാലതയിലെ ആചാരാനുഷ്ഠാന വൈവിധ്യങ്ങളെ പരിരക്ഷിക്കാന്‍ അരിയും പൂവും ചന്ദനവും കരുതി വക്കാന്‍ വിധിക്കപ്പെട്ടവരല്ല ഹിന്ദുക്കളെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാന പ്രമാണമാണ് നാനാത്വത്തില്‍ ഏകത്വം. ജാതികള്‍ നാനാത്വമാണെങ്കില്‍ അതിലെ ഏകത്വമാണ് ഹിന്ദുത്വം. ബാഹ്യ ഭീഷണികളെ ചെറുത്ത് അടിസ്ഥാന പ്രമാണങ്ങളെ സംരക്ഷിക്കാന്‍ ഹിന്ദുത്വമെന്ന ഏകത്വത്തിലൂടെ പ്രയാണം തുടരണമെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സഹസംഘടന സെക്രട്ടറി വി. സുശികുമാര്‍, സാമൂഹ്യനീതി കര്‍മസമിതി ചെയര്‍മാന്‍ കെ.വി. ശിവന്‍ എന്നിവര്‍ സംസാരിച്ചു. നേതൃസമ്മേളന സമാപന സഭയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുധീര്‍, എം.കെ. കുഞ്ഞോല്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് മഹിളാ ഐക്യവേദി പ്രതിനിധി സമ്മേളനം ഡോ.എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും.
Discussion about this post