ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഇതര മതസ്ഥര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച കേസില്‍ പ്രധാന സംഘാടകനായ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാവിനെ അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് ഇയാള്‍. റാലി നടത്തിപ്പിനായി രൂപീകരിച്ച സമിതിയുടെ ചെയര്‍മാനായിരുന്നു ഇയാള്‍. കൊലവിളി മുദ്രാവാക്യം വിളിച്ച റാലിയുടെ സംഘാടര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ്.
തൃശൂര്‍ പെരുമ്പിലാവ് നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ ഹൈക്കോടതിയേയും ജഡ്ജിമാരേയും ഇയാള്‍ അവഹേളിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ ധരിക്കുന്ന കോണകത്തിന്റെ നിറം കാവിയായതിനാലാണ് പോപ്പുലര്‍ഫ്രണ്ട് റാലിയിലെ മുദ്രാവാക്യങ്ങള്‍ കേട്ട് ഞെട്ടുന്നത് എന്നായിരുന്നു പരിഹാസം. കോടതിയേയും നിയമസംവിധാനങ്ങളെയും അവഹേളിച്ചതിന് ഇയാള്‍ക്കെതിരെ പ്രത്യേകം കേസ് എടുക്കുമോയെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
യഹിയയുടെ അറസ്റ്റോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അതേസമയം കൊലവിളി മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സലിങിന് വിധേയനാക്കി. കുട്ടിയെ മുദ്രാവാക്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചതാണെന്ന് കൗണ്‍സലിങില്‍ വ്യക്തമായി. ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സലിങ് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. സിഎഎ വിരുദ്ധ സമരത്തിലടക്കം സമാന രീതിയില്‍ കുട്ടി മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.
പ്രോസിക്യൂട്ടറെ സ്ഥലം മാറ്റി
പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ കുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂട്ടറെ സ്ഥലം മാറ്റിയത് വിവാദമായി. പ്രോസിക്യൂട്ടര്‍ അബ്ദുള്‍ ഖാദറിനെയാണ് ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് മാറ്റിയത്. കേസില്‍ ഇതിനകം പിടിയിലായ പ്രതികളെല്ലാം റിമാന്‍ഡില്‍ പോകുകയായിരുന്നു.
Discussion about this post