ന്യൂദല്‍ഹി: ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ ഖത്തറിന്റെ തൊഴിലാളിദ്രോഹനിലപാടുകള്‍ തുറന്നുകാട്ടി ബിഎംഎസ്. ഖത്തറില്‍ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ മനുഷ്യാവകാശ ലംഘനത്തിന് വിധേയമാകുകയാണെന്നും അടിമപ്പണിയാണ് അവിടെ നടക്കുന്നതെന്നും ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ പാണ്ഡ്യ വിമര്‍ശിച്ചു. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ നടക്കുന്ന മേഖലയില്‍ അടിമകള്‍ക്ക് തുല്യമായാണ് തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതെന്നും 2014 മുതല്‍ ഇതുവരെ 1,611 ഇന്ത്യന്‍ തൊഴിലാളികളാണ് ഖത്തറില്‍ മരിച്ചതെന്നും ബിഎംഎസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഔദ്യോഗിക തൊഴിലാളി സംഘടനാ പ്രതിനിധികളായാണ് ബിഎംഎസ് സംഘം സമ്മേളനത്തില്‍ പങ്കെടുത്തത്. മെയ് 27 മുതല്‍ ജൂണ്‍ 11 വരെയാണ് ജനീവയില്‍ തൊഴിലാളി സമ്മേളനം ചേര്‍ന്നത്.
വിഷയം ഖത്തര്‍ തൊഴിലാളി പ്രതിനിധികളുമായി ബിഎംഎസ് നേതാക്കള്‍ ഉന്നയിച്ചു. ദല്‍ഹിയിലെ ഖത്തര്‍ അംബാസഡറിനോടും കേന്ദ്ര തൊഴില്‍,വിദേശകാര്യ മന്ത്രാലയങ്ങളോടും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര നിരീക്ഷകസംഘങ്ങള്‍ ഖത്തറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെന്ന് ഹിരണ്മയ പാണ്ഡ്യ വ്യക്തമാക്കി. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിന് പോലും വലിയ അലംഭാവമാണ് ഖത്തര്‍ കാണിക്കുന്നത്. പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, കൂടുതല്‍ ജോലി ചെയ്യിക്കുക, അവധി നിഷേധിക്കുക, താമസ സംവിധാനങ്ങള്‍ ദുഷ്‌ക്കരമാക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുക, പഠിച്ച തൊഴിലിന് പകരം മറ്റു തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുക, മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്നിവ മരണസംഖ്യ ഉയരാന്‍ കാരണമാണ്.
തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യവും മനുഷ്യാവകാശങ്ങളും നല്‍കുക, മരണപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കുക, റിക്രൂട്ടിങ് ഏജന്‍സികള്‍ മതിയായ നഷ്ടപരിഹാരം നല്‍കുക, കുടിയേറ്റ നിയമത്തിന്റെ ലംഘനങ്ങള്‍ നടത്തുന്ന മനുഷ്യശക്തി വിതരണ ഏജന്‍സികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ബിഎംഎസ് മുന്നോട്ടുവെച്ചു.
ഇതേവിഷയത്തില്‍ നേരത്തെയും ബിഎംഎസ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനിലും മറ്റും പരാതികള്‍ ഉന്നയിച്ചിരുന്നു. തൊഴിലാളികള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും നല്‍കുമെന്നായിരുന്നു അന്ന് ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ തൊഴിലാളികളുടെ മരണം തുടര്‍ക്കഥയായതോടെയാണ് ഖത്തറിനെതിരെ അന്താരാഷ്ട്ര വേദിയില്‍ ബിഎംഎസ് വീണ്ടും രംഗത്തെത്തിയത്.
Discussion about this post