തിരുവനന്തപുരം: നിയമസഭയില്‍ കൈയാങ്കളി നടത്തുകയും പൊതുമുതല്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും മുന്‍മന്ത്രിമാരായ, ഇ.പി ജയരാജനും കെ.ടി ജലീലും അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം. ആറു പ്രതികളും സപ്തംബര്‍ 14ന് കുറ്റം ചുമത്തലിന് ഹാജരാകാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര്‍. രേഖയുടെ ഉത്തരവ്.അന്ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
2011-16 ല്‍ ഇടത് എംഎല്‍എമാരായിരുന്ന കെ. അജിത്, കുഞ്ഞമ്പു മാസ്റ്റര്‍, മുന്‍ കായിക മന്ത്രി ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, നിലവില്‍ വിദ്യാഭ്യാസ മന്ത്രിയായ വി. ശിവന്‍കുട്ടി, മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ എന്നിവരാണ് നിയമസഭയ്ക്കകത്ത് സ്പീക്കറുടെ വേദി കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍. പ്രതികള്‍ ഹാജരാകാന്‍ വീണ്ടും കൂടുതല്‍ സമയം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് വിചാരണ കോടതിയുത്തരവ്.
പ്രതികളുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് കേസ് പല തവണ മാറ്റിവച്ചത്. വിചാരണയ്ക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തലിനായി എല്ലാ പ്രതികളും ഹാജരാകാന്‍ സിജെഎം ആര്‍. രേഖ 2021 ഡിസംബര്‍ മുതല്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ വിചാരണ ചെയ്യാന്‍ പ്രഥമദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് റിപ്പോര്‍ട്ടും സാക്ഷിമൊഴികളും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പോലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്. വിടുതല്‍ ഹര്‍ജിയുടെ പരിഗണനാവേളയില്‍ കേസ് ശിക്ഷയില്‍ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജി തള്ളി, പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവ് പുറപ്പെടുവിച്ച മുന്‍ സിജെഎമ്മും നിലവില്‍ പോക്സോ കോടതി ജഡ്ജിയുമായ ആര്‍. ജയകൃഷ്ണന്‍ 2020 സെപ്റ്റംബര്‍ 22 ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ച് പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു.
2015 മാര്‍ച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം. മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതല്‍ നശിപ്പിച്ചത്. പ്രതികള്‍ ചെയ്തത് ഏഴേകാല്‍ വര്‍ഷം കഠിനതടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ്. കൂടാതെ 2,20,093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റയ്ക്കും കൂട്ടായും കെട്ടിവയ്ക്കേണ്ട കുറ്റവും. പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വെളിവാക്കുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Discussion about this post