ന്യൂദല്‍ഹി: ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനം ഉയരുന്നതിനിടെ അന്വേഷണ ഏജന്‍സിയുടെ എല്ലാ സവിശേഷ അധികാരങ്ങളും ശരിവച്ച് സുപ്രീംകോടതി. 2002ലെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്യുന്നതടക്കമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങളാണ് സുപ്രീംകോടതി ശരിവച്ചത്. അറസ്റ്റിനു പുറമെ പരിശോധന, പിടിച്ചെടുക്കല്‍, സ്വത്ത് കണ്ടുകെട്ടല്‍ എന്നിവയ്ക്കും ഇ ഡിക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരവും മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹര്‍ജികളിലാണ് പരമോന്നത കോടതിയുടെ സുപ്രധാനവിധി.
സമന്‍സ് അയച്ച് ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നവര്‍ക്ക് ഇ ഡി കേസ് ഇന്‍ഫൊര്‍മേഷന്‍ റിപ്പോര്‍ട്ട് കൈമാറേണ്ടതില്ല. ഇ ഡി ഉദ്യോഗസ്ഥര്‍ പോലീസിന് തുല്യമല്ലെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സുപ്രധാന വകുപ്പുകളാണ് സുപ്രീംകോടതി ശരിവച്ചത്. വകുപ്പ് മൂന്ന് (കള്ളപ്പണം വെളുപ്പിക്കലിനെ സംബന്ധിച്ച നിര്‍വചനം), അഞ്ച് (വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള അധികാരം), 17 (തിരച്ചില്‍ നടത്തുന്നതിനുള്ള അധികാരം), 18 (വ്യക്തികളെ പരിശോധിക്കുന്നതിനുള്ള അധികാരം), 19 (അറസ്റ്റിനുള്ള അധികാരം), 24 (നിരപരാധിയെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം), 44 (പ്രത്യേക കോടതിയില്‍ വിചാരണ നടത്തുന്നതിനുള്ള അധികാരം), 45 (ജാമ്യത്തിനുള്ള കര്‍ശന വ്യവസ്ഥകള്‍) എന്നിവയാണ് സുപ്രീംകോടതി ശരിവച്ചത്. ജാമ്യത്തിന് കര്‍ശന വ്യവസ്ഥകള്‍ സംബന്ധിച്ച് പോരായ്മകളുണ്ടെങ്കില്‍ അവ പാര്‍ലമെന്റിന് തിരുത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന എഫ്ഐആറും ഇ ഡി ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന ഇന്‍ഫൊര്‍മേഷന്‍ റിപ്പോര്‍ട്ടും ഒരുപോലെ കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫൊര്‍മേഷന്‍ റിപ്പോര്‍ട്ട് ഏജന്‍സിയുടെ ആഭ്യന്തര റിപ്പോര്‍ട്ട് ആണ്. അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ ഈ റിപ്പോര്‍ട്ടിന് ബാധകമല്ല. നിയമത്തിലെ 50-ാം വകുപ്പ് പ്രകാരം ഇ ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന മൊഴികള്‍ ഭരണഘടനാപരമായി സാധുവാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അറസ്റ്റിന്റെ സമയത്ത് കാരണം അറിയിക്കണം. പ്രത്യേക കോടതിയില്‍ എത്തിക്കുമ്പോള്‍ ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. 2002ലെ നിയമത്തില്‍ 2019ല്‍ കൊണ്ടുവന്ന ഭേദഗതി പിന്നെ ബില്ലായി പാസ്സാക്കിയ നടപടി വിശാല ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഇ ഡിക്ക് വിശാല അധികാരം നല്കുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നതായിരുന്നു ഹര്‍ജികള്‍. ഇ ഡിക്ക് ലഭ്യമായ വിപുലമായ അധികാരങ്ങള്‍ ഭരണഘടന നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍, അറസ്റ്റിന്റെ കാരണങ്ങള്‍, റിപ്പോര്‍ട്ട് ചെയ്യാതിരിക്കല് തുടങ്ങിയ അടക്കമുള്ള വ്യവസ്ഥകളാണ് ഹര്‍ജികളില്‍ ചോദ്യം ചെയ്തത്. ഹര്‍ജിക്കാരില്‍ വലിയ വിഭാഗം കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ കുറ്റാരോപിതരും നിലവില്‍ നടപടികള്‍ നേരിടുന്നവരുമാണ്.
Discussion about this post