കെ. കുഞ്ഞിക്കണ്ണന്‍
കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കുന്നവരാണ് മലയാളികള്‍. ഒരു മാസക്കാലം രാമായണ പാരായണം പതിവാണ്. ശ്രീരാമനോടുള്ള ഭക്തിയും ശ്രീരാമന്റെ ശക്തിയും തിരിച്ചറിയാന്‍ മലയാളികളെ സഹായിച്ചത് തുഞ്ചത്തെഴുത്തച്ഛനാണല്ലൊ. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം വാല്മീകി രാമായണത്തെ അധികരിച്ചുള്ളതാണ്. രാമായണത്തെ ഒരു ഭക്തകൃതിയായി മാത്രം കാണാന്‍ കഴിയില്ല. കിളിപ്പാട്ട് ശൈലിയില്‍ എഴുതിയ അദ്ധ്യാത്മരാമായണം എഴുത്തച്ഛന്റെ തത്വകൃതിയാണ്. അയോധ്യയിലെ രാമനെ ഉത്തമപുരുഷനും മര്യാദപുരുഷോത്തമനായും അവതരിപ്പിച്ച രാമായണത്തിന്റെ കര്‍ത്താവെന്ന നിലയില്‍ പണ്ടേ തുഞ്ചത്തെഴുത്തച്ഛന്‍ കീര്‍ത്തിപെറ്റതാണ്. എങ്കിലും അയോധ്യയില്‍ ആധുനിക ചരിത്രത്തിലും മലയാളികളുടെ പങ്ക് പുകള്‍പെറ്റതാണ്. അയോധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനത്തുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ ഒരു കെട്ടിടമുയര്‍ത്തിയത് മുഗള്‍ ചക്രവര്‍ത്തി ബാബറാണ്. അന്നുമുതല്‍ തുടങ്ങി ശ്രീരാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭം.
തുടക്കത്തില്‍ അയ്യായിരത്തോളം വനിതകളാണ് സമരത്തിന് കൈ മെയ് മറന്ന് പ്രക്ഷോഭത്തിനിറങ്ങിയത്. ജയരാജ് കന്‍വന്‍ എന്ന രാജകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭം തുടര്‍ക്കഥയായി. പലര്‍ക്കും സരയൂനദിയില്‍ ജീവനൊടുക്കേണ്ടിവന്നു. സമരത്തിന്റെ രൂപവും ഭാവവും മാറി. പ്രശ്‌നം പല കോടതികളും കയറി. ഒടുവിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിലെത്തിയത്. അതിന് മുന്‍പും ശേഷവും നടന്ന സംഭവങ്ങള്‍ പലതും നിത്യസ്മരണകളായി ഭാരതീയര്‍ ഓര്‍ക്കുന്നു. അതില്‍ എന്തുകൊണ്ടും സ്മരിക്കേണ്ട രണ്ടുപേരുകളുണ്ട്. ഒന്ന് ഐഎഎസ് ഓഫീസറായിരുന്ന ആലപ്പുഴക്കാരന്‍ കെ.കെ.നായര്‍. രണ്ടാമത്തേത് കോഴിക്കോട് സ്വദേശി കെ.കെ.മുഹമ്മദ്.
പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് ചുകപ്പന്‍ ചരിത്രകാരന്‍ ഇന്‍ഫാന്‍ ഹബീബിന്റെ പച്ച നുണകളെ തള്ളിക്കളഞ്ഞ് മിടുക്കുകാട്ടിയ വ്യക്തിയാണ്. അദ്ദേഹം അയോധ്യയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കളങ്കമില്ലാതെ വിവരിച്ചപ്പോള്‍ കണ്ണുതള്ളിയവര്‍ ഒട്ടനവധിയാണ്. ഒടുവില്‍ കമ്യൂണിസ്റ്റു സര്‍ക്കാര്‍ തന്നെ അദ്ദേഹത്തിന് അംഗരക്ഷകരെ നല്‍കി സംരക്ഷിച്ച ചരിത്രവുമുണ്ട്. അയോധ്യയില്‍ ഉദ്ഖനനം നടത്തുന്നതിന് നിയോഗിക്കപ്പെട്ട കെ.കെ.മുഹമ്മദ് നേരില്‍ തിരിച്ചറിഞ്ഞ കാര്യങ്ങളില്‍ മായം ചേര്‍ക്കാതെ സത്യസന്ധമായി വിവരിച്ച് റിപ്പോര്‍ട്ട് നല്‍കി. അയോധ്യയില്‍ ക്ഷേത്രം തകര്‍ത്ത് കെട്ടിടം കെട്ടിയതിന്റെ സചിത്ര വിവരങ്ങള്‍ സര്‍ക്കാരിനും കോടതിക്കും കൈമാറി. ശ്രീരാമക്ഷേത്രത്തിലുണ്ടായിരുന്ന ശിലാവിഗ്രഹങ്ങളും അഷ്ടബന്ധകലശങ്ങളുമെല്ലാം കിട്ടി. ഒരുകാലത്തും ഒരു പള്ളിയിലും കാണാനിടയില്ലാത്ത സത്യങ്ങള്‍ അദ്ദേഹത്തെ ഒരു കാര്യം ബോധ്യപ്പെടുത്തി. ക്ഷേത്രം തകര്‍ത്തുതന്നെയാണ് ബാബറിന്റെ കെട്ടിടം. ഇസ്ലാമിന്റെ പാരമ്പര്യമോ ചരിത്രപരമായ പിന്തുണയോ ഇതിനില്ലെന്ന സത്യം സുപ്രീം കോടതിയേയും അദ്ദേഹം ബോധ്യപ്പെടുത്തി. അതുതന്നെയാണ് സുപ്രീംകോടതിയുടെ 2019 ലെ വിധിയെ സ്വാധീനിച്ചത്.
കണ്ടന്‍കുളത്തില്‍ കരുണാകരന്‍ നായര്‍ എന്ന കെ.കെ.നായരെ പുതിയ തലമുറക്കറിയാന്‍ ഇടയില്ല. നെഹ്രുവിനെ വിറപ്പിച്ച നായര്‍സാബ്. രാമജന്മഭൂമിയില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതില്‍ ഏറെ വ്യാകുലപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു കെ.കെ.നായര്‍. നെഹ്രുവിന്റെ പക്ഷപാതപരവും മുഗളന്മാരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന നയത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് തന്റെ അഭിപ്രായം തുറന്നടിച്ച് അയോധ്യാഭക്തരുടെ ഹീറോ ആയി മാറിയ ചങ്കൂറ്റമുള്ളയാള്‍. നെഹ്രുവിന്റെ മര്‍ക്കടമുഷ്ടിക്ക് വഴങ്ങാന്‍ തയ്യാറല്ലെന്നുപറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗം വലിച്ചെറിഞ്ഞ് രാഷ്‌ട്രീയത്തിലിറങ്ങിയ മലയാളി. 1907 സപ്തംബര്‍ 11ന് കുട്ടനാട്ടില്‍ ജനിച്ച നായര്‍, 21-ാം വയസ്സില്‍ ഐഎഎസ് നേടി യുപിയില്‍ സര്‍വീസില്‍ കയറി. 1949ല്‍ ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായി. 1949 ഒക്ടോബര്‍ 10ന് സഹായിയായ ഗുരുദത്ത്‌സിംഗ് ശേഖരിച്ച അയോധ്യ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.
ആ റിപ്പോര്‍ട്ടില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നുതന്നെയായിരുന്നു പറഞ്ഞിരുന്നത്. പള്ളിയും ക്ഷേത്രവും തൊട്ടുതൊട്ടുതന്നെയാണെന്നും മുസ്ലീങ്ങളും ഹിന്ദുക്കളും ആചാരപരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നായര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഭഗവാന്‍ രാമചന്ദ്രജി ജനിച്ച സ്ഥലത്ത് നല്ല ക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ക്ക് ആഗ്രഹമുള്ളതിനാല്‍ ക്ഷേത്രം നിര്‍മ്മിക്കേണ്ടതാണ്. ക്ഷേത്രം നിര്‍മിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
1949 ഡിസംബര്‍ 22ന് നെഹ്രുവിന്റെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദവല്ലഭ് പന്ത് രാംലല്ലയില്‍ നിന്നും ഹിന്ദുക്കളെ പുറത്താക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ അവിടെ പൂജ നടത്തുന്നത് യഥാര്‍ത്ഥ ഭക്തരാണെന്നും ഈ നീക്കം കലാപം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് നല്‍കിയകളക്ടര്‍ ഉത്തരവ് നടപ്പാക്കിയില്ല. നെഹ്രുവിന് സഹിച്ചില്ല. വല്ലഭബായി പന്ത്, നായരെ സസ്‌പെന്റ് ചെയ്തു. നായര്‍ കോടതിയെ സമീപിച്ചു. കോടതി നായരുടെ വാദം ശരിവച്ചു. തുടര്‍ന്ന് രാജിവച്ചു. തുടര്‍ന്ന് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. നെഹ്രുവിന്റെ തീരുമാനത്തെ വെല്ലുവിളിച്ചതിനാല്‍, ജനങ്ങളില്‍ നായര്‍ക്ക് വലിയ അംഗീകാരമായി.
രാമക്ഷേത്രത്തിനായി പിന്നത്തെ പോരാട്ടം. നായരും ഭാഗ്യശകുന്തള നായരും ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് ഭാര്യ നിയമസഭയില്‍ അംഗമായി. തുടര്‍ന്ന് ഇരുവരും നാലാം ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ഡ്രൈവര്‍ ഫൈസാബാദ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും വിജയിച്ചു. 1975ല്‍ അടിയന്തരാവസ്ഥക്കെതിരെ പൊരുതിയതിന് ഇരുവരെയും തടവിലിട്ടു. ഉത്തര്‍പ്രദേശില്‍ വലിയ അംഗീകാരം ലഭിച്ചച്ചെങ്കിലും കേരളത്തില്‍ അദ്ദേഹത്തിന് വേരുണ്ടായിരുന്നില്ല. എങ്കിലും 77ല്‍ മരണപ്പെട്ടശേഷം ജന്മനാട്ടില്‍ ഒരു സ്മാരകം സ്ഥാപിച്ചു. ഇടക്കാലത്ത് സ്തംഭിച്ചുപോയ ആയോധ്യയുടെ തിരിച്ചുവരവ് ശ്രിരാമന് മാത്രമല്ല, ലോകജനതയ്‌ക്കാകമാനം ആഹ്ലാദത്തിനും അഭിമാനത്തിനുമാണ് വക നല്‍കുന്നത്.
അയോധ്യയില്‍ ശ്രീരാമക്ഷേത്രം പണിയുന്നതിന് പിന്തുണ നല്‍കാന്‍ ഹിമാചലിലെ പാലംപൂരില്‍ ചേര്‍ന്ന ബിജെപി കമ്മറ്റിയാണ് തീരുമാനിച്ചത്. 1990ല്‍ അദ്വാനി അതിനായി ജഗന്നാഥക്ഷേത്രത്തില്‍ നിന്നും രഥയാത്ര അയോധ്യയിലേക്ക് നടത്തി. സമാനമായി കേരളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ ജനശക്തിരഥയാത്ര സംഘടിപ്പിച്ചു. തുടര്‍ന്ന് കര്‍സേവയിലും കേരളത്തില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അങ്ങിനെ മലയാളികളുടെ ഉള്‍പ്പടെ, ആഗ്രഹങ്ങളുടെയും പ്രയത്‌നങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സഫലീകരണമാണ് തിങ്കളാഴ്ച നടക്കുന്ന പ്രാണ പ്രതിഷ്ഠ.
Discussion about this post