ഡോ.സി.വി. ജയമണി
നമ്മുടെ നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം. ഗുണപരമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നയം നടപ്പിലാക്കുന്നതില്‍ കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ വിമുഖത കാണിക്കുകയുണ്ടായി. എങ്കിലും അതിന്റെ നല്ല വശങ്ങള്‍ ഏറെക്കുറെ നടപ്പില്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച നാലുവര്‍ഷ ബിരുദ പഠനം. ഇത്തരുണത്തിലാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) മുമ്പോട്ട് വെച്ച ജീവന്‍ കൗശല്‍ അഥവാ ജീവന നൈപുണി (Life Skills‑) ഏറെ ശ്രദ്ധേയമാകുന്നത്.
ജീവന നൈപുണി പാഠ്യപദ്ധതിയില്‍ യുജിസി ഉള്‍പ്പെടുത്തിയിട്ടുള്ള ജീവന നൈപുണിയെ നമുക്ക് പ്രധാനമായി മൂന്നായി തരം തിരിക്കാവുന്നതാണ്. സാമൂഹികവും വൈയക്തികവുമായി ഇടപെടാനുള്ള കഴിവ് (Social and Interpersonal skills),, ആശയ വിനിമയം ചെയ്യാനുള്ള കഴിവ് (Communication Skills), സ്വന്തം അഭിപ്രായം വ്യക്തമാക്കാനുള്ള കഴിവ് (Assertiveness), സഹകരണ മനോഭാവം (Cooperation), സഹജീവികളോടുള്ള സഹതാപപൂര്‍ണമായ സമീപനം എന്നിവ ഇവയില്‍ പെടുന്നു. ക്രിയാത്മകവും ബുദ്ധിപരവുമായ ചിന്തകളെ ഉദ്ദീപിപ്പിക്കുവാനുള്ള കുട്ടികളിലെ കഴിവുകളില്‍ മുഖ്യമായും പ്രശ്‌നം പരിഹരിക്കല്‍ വിമര്‍ശനാത്മകമായ ചിന്തകള്‍, തീരുമാനമെടുക്കാനുള്ള കഴിവ് , സ്വയം തിരിച്ചറിയാനുള്ള കഴിവ് എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികളിലെ വര്‍ദ്ധിച്ചു വരുന്ന മാനസിക സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് യുജിസി മാനസികമായ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള കുട്ടികളുടെ കഴിവുകളില്‍ , പിരിമുറുക്കം, മാനസിക സംഘര്‍ഷം എന്നിവ കൈകാര്യം ചെയ്യാനുള്ള സ്വാഭാവിക കഴിവ് പഠന സാഹചര്യങ്ങളിലെ അമിതമായ മത്സരവും, വര്‍ദ്ധിച്ചു വരുന്ന പരസ്പര വിശ്വാസമില്ലായ്മയും ഒഴിവാക്കാനുള്ള കഴിവുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇതുവഴി യുജിസി ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളുടെ വ്യക്തിവികാസവും, സമഗ്രവികസനവും, തൊഴില്‍പരമായ നൈപുണിയും, രാജ്യത്തിന്റെ പുരോഗതിയുമാണ്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വിദ്യാസമ്പന്നരും മെച്ചപ്പെട്ട കഴിവുകളുടെ ഉടമകളുമായ യുവജനങ്ങളുടെ പങ്ക് ഏറെ നിര്‍ണായകമാണ്. അത്തരം യുവജനങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമായാണ് ഭാരതം അറിയപ്പെടുന്നത്. ഇതിനനുയോജ്യമായ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് ഭാരത സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ കഴിവുകളെ രാഷ്‌ട്ര നന്മയ്‌ക്കായി നാം പ്രയോജനപ്പെടുത്തണം. അതാണ് സര്‍ക്കാരിന്റെ അജണ്ട.
യോഗഃ കര്‍മ്മസു കൗശലം
ഈ സാഹചര്യത്തിലാണ് ഭഗവദ്ഗീതയിലെ രണ്ടാമദ്ധ്യായത്തിലെ അമ്പതാമത്തെ ശ്ലോകത്തിലെ ഏറെ പ്രസിദ്ധമായ യോഗഃ കര്‍മ്മസു കൗശലം എന്ന ചിരപുരാതനവും നിത്യനൂതനവുമായ വാക്യം ഏറെ പ്രസക്തമാകുന്നത്. ഒരു സന്നിഗ്ധ ഘട്ടത്തില്‍ തേര്‍ത്തടത്തില്‍ തളര്‍ന്നിരുന്ന അവശനായ അര്‍ജുനനെ ഉത്തിഷ്ഠ ചിത്തനാക്കാനും, അയാളില്‍ അന്തര്‍ലീനമായ കഴിവുകളെ പുറത്തുകൊണ്ടുവരാനുമുള്ള ഭഗവാന്റെ ഉപദേശത്തില്‍ ഏറ്റവും ശക്തമാണ് ഈ ശ്ലോകം. അര്‍ജുനന്റെ ഭൗതികമായ കഴിവുകള്‍ക്കപ്പുറത്ത് ആത്മീയമായ കഴിവുകളെ പുറത്തു കൊണ്ടുവരാനാണ് ഭഗവാന്റെ ഉപദേശം ലക്ഷ്യമിട്ടത്.
ശക്തമായ ശരീരവും, അചഞ്ചലമായ മനസ്സും, കൂര്‍മ്മ ബുദ്ധിയും, അതിശക്തമായ ആത്മീയ പ്രഭാവവും കൊണ്ട് അനുഗൃഹീതനായ മനുഷ്യനില്‍ രണ്ടുതരം കഴിവുകള്‍ അന്തര്‍ലീനമാണ്. പ്രത്യക്ഷരൂപത്തിലുള്ള ഭൗതികമായ കഴിവുകളും അഥവാ നൈപുണിയും, അപൂര്‍വമായി മാത്രം പ്രത്യക്ഷമാകുന്ന ആത്മീയമായ കഴിവുകളും . ഭഗവാന്‍ ഗീതയില്‍ അര്‍ജുനനെ ഉപദേശിക്കുന്നത് സമഗ്രമായ വികാസത്തെ സഹായിക്കുന്ന ആത്മീയമായ കഴിവുകളെ ഉണര്‍ത്താനാണ്. യുദ്ധം ചെയ്യുക എന്നതിനപ്പുറം ലോകനന്മയ്‌ക്കായി പ്രവര്‍ത്തിക്കുക എന്നതുകൂടി രാജധര്‍മ്മമാണ്. ഇത് ഭഗവാന്‍ അര്‍ജുനനെ ഓര്‍മ്മിപ്പിക്കുന്നു. ലോകസംഗ്രഹം എന്നത് ഗീതയില്‍ പ്രതിധ്വനിക്കുന്ന പ്രധാന ഒരു മന്ത്രമാണ്.
അശക്തവും അസംതൃപ്തരുമായ ഒരു ജനസമൂഹത്തെയല്ല പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്. മറിച്ച് അമൃതകാലത്ത് ഭാരതത്തിന്റെ മഹത്വം ലോകത്തിന്റെ നെറുകയിലേയ്‌ക്ക് ഉയര്‍ത്തുവാനുള്ള കര്‍മ്മശേഷിയാണ് അഥവാ മനുഷ്യമൂലധന സമാഹരണമാണ്. അതിന് ഗീതാരഹസ്യം മനസ്സിലാക്കിയ ഒരു മനുഷ്യ വിഭവമാണ് നമുക്കാവശ്യം. ആന്തരികമായ വിശുദ്ധിയും, ആത്മീയമായ ശക്തിയുമുള്ള ഒരു ജനതയ്‌ക്ക് മാത്രമെ സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവുമായ ഒരു ശ്രേഷ്ഠഭാരതം സ്വപനം കാണാന്‍ സാധിക്കുകയുള്ളു. ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭാരതത്തിന്റെ ജനസംഖ്യ യൗവനയുക്തവും, നൈപുണ്യയുക്തവുമാവണം. അതാണ് ഭാരതത്തിന്റെ കരുത്ത്.
ആത്മീയമായ പുരോഗതി
അയ്യായിരം വര്‍ഷം മുമ്പ് തന്നെ ഭാരതം ഭൗതിക പുരോഗതിയ്‌ക്കൊപ്പം ആത്മീയമായ വികാസത്തിന്റെ ആവശ്യം ഗീതാരഹസ്യത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വലുപ്പമല്ല (ഝൗമിശേശ്യേ) വിശേഷപ്പെട്ട മൂല്യമാണ് പ്രധാനം. അവിടെ ഭൗതികവും ആത്മീയവുമായ കഴിവുകളുടെ സമന്വയമാണ് ആവശ്യം. ഈ ഒരു കാഴ്ചപ്പാടാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ യുജിസി മുന്നോട്ടുവയ്‌ക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വ്യക്തിവികാസവും, വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടാന്‍ അവരുടെ വ്യത്യസ്തവും വൈവിധ്യവുമായ കഴിവുകളെ നാം പ്രോത്സാഹിപ്പിക്കണം. അതിനുവേണ്ടിയാണ് യുജിസി വിദ്യാര്‍ത്ഥികളുടെ അറിവിനൊപ്പം കഴിവുകളേയും കേന്ദ്രീകരിച്ചുള്ള ഒരു പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
ഏത് പ്രകാരമാണോ ഭഗവാന്‍ അര്‍ജുനന്റെ ബാഹ്യവും ആന്തരികവുമായ കഴിവുകളെ പുറത്തു കൊണ്ടുവരാന്‍ ഗീതോപദേശത്തിലൂടെ ശ്രമിച്ചത്, അതുപോലെ കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകളെ വൈജ്ഞാനികമായും, മാനസികമായും ബുദ്ധിപരമായും പുറത്തുകൊണ്ടുവരാനാണ് യുജിസി ശ്രമിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ ഉദ്ദേശിച്ചതുപോലെ വിദ്യാഭ്യാസത്തിലൂടെ ഒരുവനില്‍ അന്തര്‍ലീനമായ പൂര്‍ണതയെ പ്രകാശിപ്പിക്കാനാണ് ആധുനിക കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖല ലക്ഷ്യമാക്കുന്നത്. ഇതിനായി യുജിസി വിദ്യാര്‍ത്ഥികളുടെ ശാരീരികവും, മാനസികവും, അതീന്ദ്രിയവുമായ കഴിവുകളെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഒരു പരിധിവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയുള്ള സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(ഐഎഎസ്), ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഎംഎംകെ) തുടങ്ങിയ സ്ഥാപനങ്ങളുടെ ആപ്തവാക്യമായി അനേക വര്‍ഷം മുമ്പെ സ്വീകരിച്ച ലോകഃകര്‍മ്മസുകൗശല എന്ന ഗീതാശ്ലോകം ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്. സാമ്പത്തികമായും, ആത്മീയമായും ഭാരതത്തിന്റെ അമൃതകാല സ്വപ്‌നം മനുഷ്യവിഭവത്തിന്റെ നൈപുണ്യവത്ക്കരണത്തിലൂടെ സാക്ഷാത്കരിക്കാന്‍, ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു ഗീതാവചനമാണ് ലോകഃകര്‍മ്മസുകൗശല എന്നത്. ഈ ഗീതാരഹസ്യം പുതിയ വിദ്യഭ്യാസ നയത്തില്‍ അന്തര്‍ലീനമായത് സ്വാഭാവികം മാത്രം.
Discussion about this post