ജെ. നന്ദകുമാർ
(പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനാണ് ലേഖകൻ)
സംഘത്തെ കുറിച്ചുള്ള നിരൂപണങ്ങളുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. അതിന് കാരണങ്ങളും പലതാണ്. നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രസ്ഥാനം, ജീവിത സംബന്ധിയായ സര്‍വമേഖലകളിലുമുള്ള സ്വാധീനം, അനുദിനം വര്‍ദ്ധമാനമാകുന്ന അംഗീകാരം, ആഗോളതലത്തില്‍ സംഘം നേടുന്ന സ്വീകാര്യത… നിരൂപകരില്‍ ചിലര്‍ക്കിതില്‍ വിരോധം, ചിലര്‍ക്ക് ആശ്വാസം… ആദ്യത്തെ കൂട്ടര്‍ക്ക് മൊത്തത്തിലും രണ്ടാമത്തെ കൂട്ടരില്‍ ചിലര്‍ക്കും പിണയുന്ന വലിയ അപകടം, അവര്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ അതിന്റെ പൂര്‍ണതയില്‍ തിരിച്ചറിയാതെ നിരൂപണം ചെയ്യുന്നു എന്നതാണ്.
ഇപ്പോഴത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇത്തരക്കാരോടായി ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. ‘സംഘത്തെ സമഗ്രതയില്‍ മനസിലാക്കിയിട്ട് വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്യുക. സംഘവാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. ഉള്ളില്‍ വന്നാലെ ഈ പ്രതിഭാസത്തെ തിരിച്ചറിയാനാവൂ.’ ഉള്ളിലേക്കു വരൂ എന്നതിന് സംഘടനയുടെ ഭൗതിക സ്വരൂപത്തെ അറിയൂ എന്നതിനപ്പുറം ആത്മീയ സ്വഭാവത്തെ അറിയണം എന്നാണദ്ദേഹം അര്‍ത്ഥമാക്കുന്നത്. സംഘത്തെ വേറിട്ടുനിര്‍ത്തുന്ന തനിമയെ മനസിലാക്കാതെ നടത്തുന്ന വിലയിരുത്തലൊന്നും പൂര്‍ണമാകില്ല. അപൂര്‍ണമായ കാഴ്ചപ്പാടുകള്‍ അപകടകരമായ നിഗമനങ്ങളിലേക്ക് എത്തിക്കും.
പലവിധ സംഘടനകളുടെ കൂട്ടത്തില്‍ മറ്റൊരു സംഘടന അല്ല സംഘം. അടി മുതല്‍ മുടി വരെ സംഘം വേറിട്ട മുന്നേറ്റമാണ്. സംഘടനാ ശാസ്ത്രത്തിന്റെ മാമൂല്‍ നിര്‍വചന ചട്ടക്കൂട്ടില്‍ സംഘം ഒതുങ്ങില്ല. അത് രാഷ്‌ട്രജീവിത പ്രവാഹത്തില്‍ സംഭവിച്ച ഒരു സ്വാഭാവിക പരിണാമമാണ്. അനിവാര്യമായ ജൈവ പരിണതി. ‘വിഷുക്കാല കണിക്കൊന്ന, പൂക്കാതിരിക്കാന്‍ ആവാത്ത കണിക്കൊന്ന’. പേരും ഭരണഘടനയും കാര്യാലയവും കാര്യക്കാരും ഇല്ലാതെ പിറന്നു വീണ സംഘടന- ആശയത്തിലും ആദര്‍ശത്തിലും തത്വശാസ്ത്രത്തിലും രീതിശാസ്ത്രത്തിലും ശൈലിയിലും എല്ലാം സമാനതകളില്ലാത്തതാണ് സംഘമെന്നതുപോലെ അതിന്റെ പ്രഭവവും അനന്യമാണെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞു വച്ചത്.
സംഘപ്രവര്‍ത്തനത്തെ തെളിഞ്ഞ ബുദ്ധിയോടെ സമീപി
ക്കുന്നഒരു സത്യവാദിക്ക് അതൊരു ആത്മീയ സംഘടനയാണെന്ന് ബോധ്യപ്പെടും. ഒരുമയുടെ പെരുമയിലാണ് സംഘത്തിന്റെ വിശ്വാസം. ഒന്നായിരിക്കുന്നതിന്റെ മഹത്വത്തിലൂന്നിയാണ് സംഘമുണ്ടായതും വളരുന്നതും. സര്‍വതിലും നിറഞ്ഞുനില്‍ക്കുന്ന സച്ചിദാനന്ദ ചൈതന്യം ഒന്നാണെന്ന ആദ്ധ്യാത്മിക തത്വത്തെയാണ് സംഘം പ്രവര്‍ത്തനത്തിലൂടെ സാക്ഷാത്കരിക്കുന്നത്. ഭഗവാന്റെ ഗീതാതത്വമാണ് സംഘം പിന്തുടരുന്നത്.
‘യോ മാം പശ്യതി സര്‍വത്ര
സര്‍വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി’
ഏകീകരിക്കുന്ന, ഒരു കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്ന കൃഷ്ണതത്വമാണ് വാക്കിലും വൃത്തിയിലും സ്വയംസേവകര്‍ക്ക് മാതൃക. സമൂഹത്തില്‍ ഭിന്നതയ്‌ക്ക് കാരണമായ ഒന്നിനോടും അവര്‍ക്ക് ഒത്തുതീര്‍പ്പില്ല. അത് ചെറുതാവട്ടെ വലുതാവട്ടെ വ്യക്തിപരമോ സാമൂഹ്യമോ ആവട്ടെ. സംഘചരിത്രത്തില്‍ അങ്ങോളമിങ്ങോളം അത്തരം അനേകം ഉദാഹരണങ്ങള്‍ കാണാം.
ആദ്യകാല സ്വയംസേവകരില്‍ ഒരാളും ഉത്തര്‍പ്രദേശില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച പ്രവര്‍ത്തകനുമായ ഭാവുറാവു ദേവറസിന്റെ ജീവിതത്തിലെ ഒരു സംഭവം സ്മരണീയമാണ്. കഷ്ടിച്ച് ഇരുപതോ ഇരുപത്തൊന്നോ വയസുള്ള ഒരു ബിരുദ വിദ്യാര്‍ത്ഥി മാത്രമായിരുന്നു അദ്ദേഹമെന്നു കൂടി ഓര്‍ക്കണം. വര്‍ഷാന്ത പരീക്ഷയില്‍ വന്ന ഒരു ചോദ്യം കാണ്‍പൂരിലെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഉത്തമമായ ഒരു ഗവേഷണ പ്രബന്ധത്തിന് സമാനമായ ഉത്തരമാണ് ഭാവുറാവുജി അതിന്റെ ഉത്തരമായി എഴുതിയത്. മൂല്യനിര്‍ണയം നടത്തിയ പ്രൊഫസര്‍ 100% മാര്‍ക്ക് കൊടുത്തശേഷം ഉത്തരക്കടലാസില്‍ ‘ഇത്രമാത്രമേ മാര്‍ക്ക് കൊടുക്കാനാവുന്നുള്ളൂ എന്ന വ്യഥയാണെനിക്ക്, ഈ വിദ്യാര്‍ത്ഥിക്ക് കാണ്‍പൂരിന്റെ വ്യാപാര-സാമ്പത്തിക-തൊഴില്‍ മേഖലയെക്കുറിച്ച് ഭരണകര്‍ത്താക്കളേക്കാള്‍ പിടിപാടുണ്ട്’ – എന്ന് കുറിച്ചു. പിന്നീടദ്ദേഹം ഭാവുറാവുജിയെ ഡിപാര്‍ട്ടുമെന്റിലേക്ക് വിളിപ്പിച്ച്, ആ ഉത്തരം ഒരു പുസ്തകരൂപമാക്കി പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടു.
പറഞ്ഞതൊക്കെ വിനയത്തോടെ കേട്ടുനിന്നതല്ലാതെ അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുസ്തക സംബന്ധമായി ഭാവുറാവുജിയുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള ശ്രമവും നടക്കുന്നതായി കാണാത്തതുകൊണ്ട് പ്രൊഫസര്‍ വീണ്ടും അദ്ദേഹത്തെ വിളിപ്പിച്ചു. പ്രസിദ്ധീകരണത്തിന് പണം ഇല്ലാത്തതാണോ കാരണം എന്ന് ആരാഞ്ഞു. അതിനെ കുറിച്ച് വിഷമിക്കേണ്ട, അത് മുഴുവന്‍ ഞാന്‍ ഏര്‍പ്പാടാക്കാം എന്ന് പറഞ്ഞിട്ടും വലിയ ഉത്സാഹമൊന്നും കാണിക്കാതെ നിന്ന ആ വിദ്യാര്‍ത്ഥിയെ പ്രൊഫസര്‍ അത്ഭുതത്തോടെയാണ് കണ്ടത്.
ചെറുപ്രായത്തില്‍ തന്നെ പ്രസിദ്ധിയും അംഗീകാരവും കിട്ടാന്‍ സാധ്യതയുള്ള കാര്യം എന്തുകൊണ്ടാണ് ഈ കുട്ടി ചെയ്യാത്തതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എന്നാല്‍ പ്രൊ
ഫസര്‍ ശ്രമം ഉപേക്ഷിക്കാന്‍ തയാറായില്ല. അദ്ദേഹം ഭാവുറാവുജിയുടെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും അതേ കോളജിലെ വിദ്യാര്‍ത്ഥിയുമായ ബാപുറാവു മോഘെയെ വിളിച്ച് സുഹൃത്തിനെ ഈ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ബാപുറാവു മോഘെ പ്രൊഫസറുടെ നിര്‍ദ്ദേശപ്രകാരം ഭാവുറാവുജിയെ കണ്ട് സംസാരിക്കുമ്പോഴാണ് പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ സന്നദ്ധനാവാത്തതിന്റെ കാരണം വെളിപ്പെടുന്നത്. സംഘത്തിന്റെ ‘പ്രസിദ്ധി പരാങ്മുഖത’ ‘സര്‍വേഷാം അവിരോധേന’ എന്ന മൂല്യങ്ങളാണ് ഭാവുറാവുജി എന്ന പ്രവര്‍ത്തകനിലൂടെ പ്രകടമായത്.
സംഘത്തിന്റെ പ്രവര്‍ത്തനശൈലി അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി, ‘കാണ്‍പൂരില്‍ സംഘകാര്യം തുടങ്ങാനാണ് ഞാനിവിടെ വന്നത്. കോളജിലൊരു ശാഖ തുടങ്ങിയതൊഴിച്ച് മറ്റെവിടെയും ഒന്നും ചെയ്യാനായിട്ടില്ല. സമൂഹത്തെ മൊത്തം ഒന്നായി കാണുന്നതാണ് സംഘരീതി. പരീക്ഷയ്‌ക്കെഴുതിയ ഉത്തരത്തില്‍ തൊഴില്‍ സാഹചര്യങ്ങളെ വിലയിരുത്തിയതില്‍ സ്വാഭാവികമായ ചില വിരുദ്ധ അഭിപ്രായങ്ങള്‍ ചിലര്‍ക്കൊക്കെ ഉണ്ടാവാം. അത് സംഘത്തിനെതിരായ അഭിപ്രായമായി മാറും. സംഘം ആഗ്രഹിക്കുന്നത് സമൂഹത്തിലെ ഒരു സംഘടന സൃഷ്ടിക്കാനല്ല. മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കാനാണ്. സമൂഹത്തില്‍ ഭിന്നതയോ വൈരുധ്യമോ സൃഷ്ടിക്കാന്‍ ഇടയാവുന്ന ഒന്നും സംഘം ചെയ്യരുത്. അതുകൊണ്ടാണ് ഞാന്‍ പുസ്തക പ്രസിദ്ധീകരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.’ സംഘസ്ഥാപകനായ ഡോ. ഹെഡ്ഗേവാര്‍ എപ്പോഴും പറയാറുണ്ടായിരുന്ന ”RSS is not an Organisation in the Society, but an organisation of the society ” എന്ന തത്വത്തിന്റെ പ്രകടിതരൂപമായിരുന്നു ഭാവുറാവുജിയുടെ പ്രതികരണം.
അവകാശവാദങ്ങളോ പ്രചരണ കോലാഹലങ്ങളോ ഇല്ലാതെ സംഘം മുന്നേറുന്നതിന്റെ പിന്നിലെ പ്രധാനഹേതു സംഘടനാ പ്രവര്‍ത്തനത്തില്‍ അന്തര്‍ലീനമായ ഈ ആദ്ധ്യാത്മികതയാണ്- വ്യക്തിപരമായ ജീവിതത്തിലും സംഘടനയുടെ ആചരണത്തിലും സ്വയംസേവകര്‍ അത് പുലര്‍ത്തുന്നു. നാഗ്പൂരിലെ ഹിന്ദുക്കള്‍ അവരുടെ ലക്ഷ്മീപൂജ പോലുള്ള സുപ്രധാന ഉത്സവങ്ങള്‍ സൈ്വര്യമായി നടത്താന്‍ തുടങ്ങിയത് സംഘംസ്ഥാപിതമായ ശേഷമാണ്. പക്ഷേ അതൊരു വീരേതിഹാസമായി പെരുമ്പറ കൊട്ടി അറിയിക്കാന്‍ സംഘം പുറപ്പെട്ടിട്ടില്ല. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല, ഇന്നത്തെ കാലം പ്രചാരണത്തിന്റേതല്ലേ എന്ന ചോദ്യത്തിന് മുതിര്‍ന്ന സംഘകാര്യ കര്‍ത്താവ് നല്‍കിയ മറുപടി ഈ വസ്തുതയെ കൂടുതല്‍ വെളിപ്പെടുത്തുന്നു. ഹിന്ദു സമാജത്തില്‍നിന്ന് വേറിട്ടൊരസ്തിത്വം സംഘത്തിനില്ല. സമാജം തന്നെയാണ് സംഘം. അപ്പോള്‍ സഹരക്ഷാര്‍ത്ഥം ചെയ്യുന്ന കാര്യം സ്വരക്ഷാര്‍ത്ഥം തന്നെ ഉള്ളതാകുന്നു. ആരെങ്കിലും തനിക്കേറ്റ മുറിവിന് മരുന്നു പുരട്ടുന്നത് പരസ്യപ്പെടുത്താറുണ്ടോ? മാതൃസ്നേഹമുള്ള ഏതെങ്കിലും മകന്‍ രോഗാതുരയായ സ്വന്തം അമ്മയെ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ കൊണ്ടുപോയ കാര്യം പത്രത്തില്‍ പരസ്യപ്പെടുത്തുമോ? ഇതാണ് സംഘത്തിന്റെ സമീപനം.
സ്വാതന്ത്ര്യസമരത്തിലുള്ള സംഘത്തിന്റെ പങ്കും ഇത്തരത്തിലുള്ളതാണ് – നിരവധി സ്വയംസേവകര്‍ വിപ്ലവ പ്രവര്‍ത്തനങ്ങളിലും സത്യഗ്രഹ സമയങ്ങളിലും പങ്കാളികളായിട്ടുണ്ട്. സ്വയംസേവകരുടെ പ്രാതിനിധ്യം വിളിച്ചറിയിക്കും വിധത്തില്‍ സംഘത്തിന്റെ യൂണിഫോം ധരിച്ചുപോകണം എന്ന ആവശ്യം അക്കാലത്ത് പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. തങ്ങളുടെ നാമമാത്രമായ സാന്നിധ്യത്തെ പോലും പര്‍വതീകരിച്ചു കാണിക്കുന്നതിനായി ഇസ്ലാമിക സംഘടനകള്‍ കോണ്‍ഗ്രസ് ചെലവില്‍ ടര്‍ക്കി തൊപ്പി ധരിച്ചും പച്ചക്കൊടി ഏന്തിയും യോഗങ്ങളിലും ജാഥകളിലും പങ്കെടുത്തിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. ഡോ. ഹെഡ്ഗേവാര്‍ സ്വയംസേവകര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പരിപാടികളില്‍ കാണേണ്ടത് ഏകതയുടെ നിറവും കേള്‍ക്കേണ്ടത് ഒരുമയുടെ സ്വരവുമായിരിക്കണം.
അതുകൊണ്ട് സ്വാതന്ത്ര്യസമര പരിപാടികളില്‍ പങ്കെടുക്കുന്ന സ്വയംസേവകര്‍ തങ്ങളുടെ വേറിട്ടുള്ള വ്യക്തിത്വം സാധാരണ സത്യഗ്രഹികളില്‍നിന്ന് വ്യത്യസ്ത വേഷം ധരിച്ച് പ്രകടിപ്പിക്കരുത് എന്നതായിരുന്നു സംഘ നിശ്ചയം. സംഘസ്ഥാപകന്‍ പങ്കെടുത്ത വനസത്യഗ്രഹത്തില്‍ പങ്കെടുത്ത സ്വയംസേവകരുടെ വേഷം നിരീക്ഷിച്ചാല്‍ ഈ വസ്തുത മനസിലാകും. ക്വിറ്റ് ഇന്ത്യാ സമയത്ത് അഷ്ടിചിമൂറിലും ദാദ്ര നഗര്‍ ഹവേലിയിലും നടത്തിയ പ്രക്ഷോഭങ്ങളിലും സ്വയംസേവകര്‍ ഏന്തിയ പതാകയും ധരിച്ച വേഷവും സ്വാതന്ത്ര്യസമര പോരാളികളുടേത് മാത്രമായിരുന്നു. ബിഹാറിന്റെ ഇന്നത്തെ സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ മുന്നില്‍ ദേശീയപതാകയേന്തി മുന്നേറുന്ന ഒരു സംഘം യുവ സ്വാതന്ത്ര്യസമര ഭടന്മാരെ കാണാം. അന്ന് ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായിരുന്ന ഓഫീസിന് മുകളില്‍ ദേശീയ പതാക പറപ്പിക്കാനായിരുന്നു ആ മാര്‍ച്ച്. അതില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും സ്വയംസേവകരായിരുന്നു. പാറ്റ്ന യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ശാഖയിലെ അംഗങ്ങള്‍. പക്ഷേ ശ്രദ്ധിച്ചാല്‍ അറിയാം സംഘടനയുടെ പ്രചരാണര്‍ത്ഥമല്ല അവരതില്‍ പങ്കെടുത്തത്. വേഷത്തില്‍ വ്യത്യസ്തത കാണിച്ച് മേനി നടിക്കാന്‍ ശ്രമിക്കാത്ത സ്വയംസേവകര്‍ ഒരുകാലത്തും ദേശീയ കര്‍ത്തവ്യനിര്‍വഹണത്തെ പ്രചരണായുധമാക്കിയിട്ടില്ല.
1947 ആഗസ്റ്റ് 15 ന് ശേഷവും കൊളോണിയല്‍ ശക്തികള്‍ക്കെതിരെ അതായത് പോര്‍ട്ടുഗീസുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കുമെതിരെ സ്വാതന്ത്ര്യസമരം തുടര്‍ന്നിരുന്നു. അവിടങ്ങളിലെ പോരാട്ടത്തിലൂടെ അനശ്വരരായ ഉജ്ജൈന്‍കാരനായ പ്രചാരക് മഹാകാല്‍ജി ഉള്‍പ്പെടെ ഉള്ള സ്വയംസേവകര്‍ സംഘത്തിന്റെ ഗണവേഷം ധരിച്ചല്ല പങ്കെടുത്തതും വീരബലിദാനികളായതും.
വിഭജനത്തിന്റെ ഭീഷണകാലത്ത് കിഴക്കും പടിഞ്ഞാറുമുള്ള ഇസ്ലാംസ്ഥാനില്‍നിന്ന് ഹിന്ദുക്കളെ രക്ഷിച്ച് ഭാരതത്തിലെത്തിക്കാന്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച് പ്രയത്നിച്ച സ്വയംസേവകരുടെ ത്യാഗത്തിന്റെയും ധീരതയുടെയും ചരിത്രമെന്തുകൊണ്ട് ലോകത്തോട് ഉറക്കെ പറയുന്നില്ല എന്ന് ചോദിച്ച പത്രപ്രവര്‍ത്തകരോട് ശ്രീഗുരുജി പറഞ്ഞ മറുപടിയില്‍ എല്ലാമടങ്ങുന്നുണ്ട്. ‘ഹിന്ദുസമൂഹത്തോടും രാഷ്‌ട്രത്തോടുമുള്ള കര്‍ത്തവ്യമാണവര്‍ നിര്‍വഹിച്ചത്. അത് പരസ്യപ്പെടുത്താനുള്ളതല്ല തന്നെ. അതുമല്ല ആ പ്രവര്‍ത്തകരുടെ സഹനത്തിന്റെ ചരിത്രവര്‍ണന കേട്ടാല്‍ നിങ്ങളുടെ ചങ്ക് പൊട്ടിപ്പോവുകയും ചെയ്യും.’
സംഘപ്രതിജ്ഞയിലെ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും ഹൃദയരക്തം കൊണ്ട് തിളക്കം കൂട്ടിയവരാണ് യഥാര്‍ത്ഥ സ്വയംസേവകര്‍. ‘സംഘകാര്യം ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥബുദ്ധിയോടെയും തനമനധനപൂര്‍വകമായും ചെയ്യും’ എന്നതാണവരെ ഓരോ ചുവടിലും പ്രേരിപ്പിക്കുന്നത്. സംഘകാര്യം എന്തെന്നുള്ള പ്രതിജ്ഞാ വാചകം ഹൃദയത്തുടിപ്പായി അവരുടെ ഉള്ളില്‍ അഹര്‍നിശം പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കുന്നു. സംഘകാര്യമെന്നാല്‍ ഹിന്ദുരാഷ്‌ട്രത്തിന്റെ സര്‍വതോമുഖമായ ഉന്നതിയാണ് – അതിന്റെ മുന്നുപാധി ആകട്ടെ ‘ഹിന്ദുദര്‍മ്മം, ഹിന്ദുസംസ്‌കാരം, ഹിന്ദുസമൂഹം എന്നിവയുടെ സംരക്ഷണമാണ്’ – ഈ ബോധ്യം ഉള്ളില്‍ ഉറച്ചുപോയത് കൊണ്ടാണവര്‍ മുന്‍പിന്‍ നോക്കാതെ രാഷ്‌ട്രവൈഭവത്തിനായി പ്രയത്നിച്ചുകൊണ്ടേ ഇരിക്കുന്നത്. ഇവിടെ അവരെ നയിക്കുന്നത് ‘മാ ഫലേഷു’ എന്ന ഗീതാതത്വമാണ്- ദുഃഖത്തില്‍ മനസ് ഉത്തേജിതമാകാതെ, സുഖത്തില്‍ അഹങ്കരിക്കാതെ സ്വകര്‍മത്തില്‍ അടിയുറച്ച് അവര്‍ മുന്നേറുന്നു. അവര്‍ക്കതിന് പുരസ്‌കാരവും വേണ്ട, അംഗീകാരവും വേണ്ട.
സ്വയംസേവകര്‍ ശാഖകളില്‍ പാടാറുള്ള ഒരു ഗീതമുണ്ട്:
‘വൃത്ത പത്ര മേം നാമ് ഛപേഗാ
പഹനൂംഗാ സ്വാഗത് സമുഹാര്‍
ഛോട് ചലോ യേ ക്ഷുദ്ര ഭാവനാ
ഹിന്ദുരാഷ്‌ട്ര കേ താരണ് ഹാര്‍
കങ്കട്-പത്ഥര്‍-ബന്-ബന് ഹമ്കോ,
രാഷ്‌ട്ര-നീംവ്കോ ഭര്‍നാ ഹൈ
ബ്രഹ്മ തേജ് കേ ക്ഷാത്ര തേജ് കേ
അമര് പൂജാരി ബനനാ ഹൈ’
പത്രമാധ്യമങ്ങളില്‍ പേരച്ചടിച്ചു വരണമെന്നും മാലകളിട്ട് വരവേല്‍ക്കപ്പെടണമെന്നുള്ള വിചാരം തന്നെ ക്ഷുദ്രമാണ്- ആ തുച്ഛഭാവനകളെ വലിച്ചെറിഞ്ഞ് രാഷ്‌ട്രവൈഭവാര്‍ത്ഥം ദേശത്തിന്റെ അടിത്തറ ബലിഷ്ഠമാക്കാന്‍ കല്ലും മണ്ണുമായി സ്വയമതില്‍ നിറയാം – ബ്രഹ്മതേജസും ക്ഷാത്രതേജസുമുള്ള അമരപൂജാരികളായി നമുക്ക് മാറാം.
ഇതാണ് സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ കാതല്‍. വ്യക്തിനിര്‍മാണത്തിലൂടെ സമൂഹപരിവര്‍ത്തനം, പിന്നെ രാഷ്‌ട്രവൈഭവം എന്ന മാര്‍ഗത്തില്‍ അടിയുറച്ചുള്ള സംഘകാര്യത്തില്‍ നേരത്തെ സൂചിപ്പിച്ച വിധത്തില്‍ സുഖവും ദുഃഖവും നേരിടേണ്ടി വന്നിട്ടുണ്ട്. ചെയ്യാത്ത തെറ്റിന് പീഡനവും പരിഹാസവും അനുഭവിച്ചു. അത്തരമൊരു സംഭവമായിരുന്നു ഗാന്ധിവധമാരോപിച്ച് സംഘത്തെ നിരോധിച്ചത്. കാര്യാലയങ്ങളും സംഘ സ്വയംസേവകരുടെ വീടുകളും ആക്രമിച്ചു. പരമപൂജനീയ ഡോക്ടര്‍ജിയുടെ സ്മൃതിമന്ദിരം പോലും തകര്‍ത്തു. ശ്രീഗുരുജി അടക്കം ആയിരക്കണക്കിന് സ്വയംസേവകരെ ജയിലിലടച്ചു. പക്ഷേ സര്‍ക്കാരിനോ നീതിന്യാ
യ വ്യവസ്ഥയ്‌ക്കോ കോട്ടം വരുന്ന ഒരു പ്രവൃത്തിയിലും സ്വയംസേവകര്‍ ഏര്‍പ്പെട്ടില്ല. അവര്‍ക്ക് മാര്‍ഗദര്‍ശകമായത് ജയിലിലിരുന്നു കൊണ്ട് ശ്രീഗുരുജി അയച്ച ”Be calm at all cost'(എന്തുതന്നെ സംഭവിച്ചാലും നിയന്ത്രണം കൈവെടിയരുത്), ശാന്തരായി മാത്രമേ നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സത്യഗ്രഹത്തില്‍ പങ്കെടുക്കാവൂ എന്ന സന്ദേശമാണ്. ഭാരതചരിത്രത്തിലെ ഏറ്റവും വിപുലമായ സഹനസമരത്തിനാണ് പിന്നീട് ലോകം സാക്ഷ്യംവഹിച്ചത്. സ്വയംസേവകര്‍ക്കറിയാമായിരുന്നു, അകാരണമായാണ് സംഘം പീഡിപ്പക്കപ്പെടുന്നതെന്ന്. പക്ഷേ അതോടൊപ്പം അവര്‍ക്ക് ആ കാലത്തെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നു.
ഭാരതം സ്വാതന്ത്ര്യം നേടിയ നാളുകള്‍. ലോകരാഷ്‌ട്രങ്ങളുടെ മധ്യത്തിലേക്ക് പിച്ചവച്ച് പ്രവേശിക്കുന്നതേ ഉള്ളൂ. ഉള്ളിലും പുറത്തും രാഷ്‌ട്രത്തെ പിച്ചിച്ചീന്താന്‍ തക്കം പാര്‍ത്തിരിക്കുന്ന വിരുദ്ധ ശക്തികള്‍… അത്തരം സമയത്ത് ”വയം പഞ്ചാധികം ശതം” (നമ്മള്‍ അഞ്ചല്ല, നൂറ്റഞ്ചാണ്) എന്ന ധര്‍മ്മപുത്ര വാക്യമാണ് നാം അനുവര്‍ത്തിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് അവര്‍ നിശ്ശബ്ദം എല്ലാം സഹിച്ചത്. ‘രാഷ്‌ട്ര സര്‍വോപരി’ ഭാവത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയ്‌ക്കേ അതിനു സാധിക്കുകയുള്ളൂ.
ഇതേ സവിശേഷത സംഘത്തിന്റെ ചരിത്രത്തില്‍ ഉടനീളം ദര്‍ശിക്കാനാവും. സംഘാദര്‍ശത്തില്‍ പ്രേരിതമായി വനവാസിമേഖലയില്‍ സ്വയംസേവകര്‍ നടത്തിക്കൊണ്ടിരിക്കുന്ന നിശ്ശബ്ദസേവനപ്രവര്‍ത്തനങ്ങള്‍ മുതല്‍ ഗോരക്ഷയ്‌ക്കായി നടത്തുന്ന നിരന്തര യത്നങ്ങള്‍ വരെ ഇതിന് ഉദാഹരണമാണ്. എവിടെയും കര്‍തൃത്വചിന്തയില്ലാതെ മാതൃഭാരതിയുടെ തിരുചരണങ്ങളില്‍ അര്‍പ്പിക്കുന്ന പൂജാ പുഷ്പങ്ങളായി ‘രാഷ്‌ട്രായ സ്വാഹ’ എന്ന ആത്മാര്‍ത്ഥമായ ഭാവനയോടെ സംഘം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാവരും കാണുന്നവിധത്തില്‍ അമ്മയുടെ ശിരസിലെ മണിമകുടമാകാനല്ല, പകരം അഖില ഭാരവും പേറിടുന്ന ആധാരശിലയാകാനാണ് ഒരു സ്വയംസേവകന്‍ ആഗ്രഹിക്കുന്നത്.
നിര്‍ണായക ഘട്ടങ്ങളില്‍ പതറാതെ മുന്നോട്ടുപോകാന്‍ അവരെ സംഘത്തിന്റെ ശ്രേഷ്ഠമായ ആദ്ധ്യാത്മിക മൂല്യങ്ങള്‍ പ്രാര്‍ത്ഥനയുടെയും പ്രതിജ്ഞയുടെയും അവ ജീവിതത്തില്‍ സാക്ഷാത്കരിച്ച ഋഷി സമാനന്മാരായ സംഘപൂര്‍വികരുടെ വാക്കിലും പ്രവൃത്തിയിലൂടെയും സഹായിക്കുന്നു. രണ്ടാമത്തെ സര്‍ സംഘചാലകനായിരുന്ന ശ്രീഗുരുജി പല സന്ദര്‍ഭങ്ങളിലായി എഴുതിയ കത്തുകളും പ്രഭാഷണങ്ങളും ഈ വസ്തുതയെ ചൂണ്ടിക്കാണിക്കുന്നു.
1954 സെപ്തംബര്‍ 29ന് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ധര്‍മ്മയുഗ’ മാസികയ്‌ക്കയച്ച കത്തില്‍ ഒരു സംസ്‌കൃത വാചകം കൊണ്ട് സംഘത്തിന്റെ ആദര്‍ശത്തെ കൃത്യമായി വിശദീകരിക്കുന്നു. ധര്‍മ്മയുഗയുടെ പ്രത്യേക പതിപ്പിലേക്കായി ദേശീയതലത്തില്‍ പ്രമുഖരായവരുടെ ജീവിത സംബന്ധിയായ ദര്‍ശനം എന്തെന്നെഴുതണമെന്നുള്ള പത്രാധിപരുടെ അഭ്യര്‍ത്ഥന ശ്രീഗുരുജിക്കും ലഭിച്ചു. അതിനെഴുതിയ മറുപടിയില്‍ അദ്ദേഹമെഴുതിയത് ഇത്രമാത്രം ”മേം നഹി തൂ ഹി” – (‘ഞാനല്ല, താങ്കളാണ്.’) ഞാനെന്ന ഭാവം ലവലേശം അദ്ദേഹത്തെ അതായത് സംഘത്തെ തൊട്ടുതീണ്ടിയിട്ടില്ല. സംഘപ്രാര്‍ത്ഥന സസൂക്ഷ്മാദ്ധ്യയനത്തിന് വിധേയമാക്കിയാല്‍ ഈ കാര്യം മമനസ്സിലാകും. പ്രാര്‍ത്ഥന തുടങ്ങി അവസാനിക്കുമ്പോള്‍ അഹം (ഞാന്‍) വയത്തില്‍ (ഞങ്ങളില്‍) ലയിക്കും അതിദിവ്യമായ പരിണാമത്തിന്റെ ഈ ആത്മീയ ദര്‍ശനമാണ് സംഘത്തിന്റെ ശക്തിയും സത്യവും സൗന്ദര്യവും.
Discussion about this post